INDIANEWSSPORTS

ബൗളർമാർ തിളങ്ങി, കൊൽക്കത്തയ്ക്ക് തകർപ്പൻ ജയം

അബുദാബി: ഐപിഎൽ പതിനാലാം സീസണിലെ ഇന്ന് നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം. ബൗളർമാർ തിളങ്ങിയ മത്സരത്തിൽ 9 വിക്കറ്റിനാണ് കൊൽക്കത്തയുടെ വിജയം.

സ്കോർ : ബാംഗ്ലൂർ – 92-10
കൊൽക്കത്ത – 94-1

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത വിരാട് കോഹ്ലിയുടെ തീരുമാനം തെറ്റിക്കുന്ന രീതിയിൽ ആയിരുന്നു കൊൽക്കത്തയുടെ ബൗളിങ്ങ് പ്രകടനം. വിരാട് കോഹ്ലി(5), ഗ്ലെൻ മാക്സ്‌വെൽ(10), എബി ഡി വില്ലിയേഴ്സ്(0) തുടങ്ങിയവർ പെട്ടെന്ന് തന്നെ കൂടാരത്തിൽ കയറി. 22 റൺസെടുത്ത ഓപ്പണർ ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂർ നിരയിലെ ഉയർന്ന സ്കോറർ. ബാംഗ്ലൂർ 19 ഓവറിൽ 92 റൺസിന് എല്ലാവരും പുറത്തായി. കൊൽക്കത്തയ്ക്ക് വേണ്ടി ആന്ദ്രേ റസ്സൽ, വരുൺ ചക്രവർത്തി എന്നിവർ മൂന്നും ലോക്കി ഫെർഗൂസൻ രണ്ടും പ്രസീദ് കൃഷ്ണ ഒന്നും വിക്കറ്റ് നേടി. കോവിഡ് മുന്നണി പോരാളികളോടുള്ള ആദര സൂചകമായി നീല ജേഴ്സിയണിഞ്ഞാണ് ബാംഗ്ലൂർ കളിക്കാൻ ഇറങ്ങിയത്. വരുൺ ചക്രവർത്തി ആണ് കളിയിലെ താരം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി ഓപ്പണർമാരായ വെങ്കടേഷ് അയ്യരും(41*) ശുഭ്മാൻ ഗില്ലും(48) മികച്ച തുടക്കം നൽകി. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 82 റൺസ് കൂട്ടിച്ചേർത്തു. ഗില്ലിനെ ചാഹൽ പുറത്താക്കിയെങ്കിലും പത്താം ഓവറിലെ അവസാന രണ്ടു പന്തുകൾ ബൗണ്ടറി കടത്തി അയ്യർ കൊൽക്കത്തയ്ക്ക് മികച്ച ജയം സമ്മാനിച്ചു. അയ്യരുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. പ്ലേ ഓഫിൽ കടക്കാൻ ജയം അനിവാര്യമായിരുന്ന കൊൽക്കത്തയ്ക്ക് ഈ ജയം ആത്മവിശ്വാസം പകരുന്നതാണ്. ജയത്തോടെ കൊൽക്കത്ത പോയിൻ്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close