
തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ് പ്രവേശനം നവംബർ 25 വരെ നീട്ടി സർക്കാർ ഉത്തരവ്. പ്രവേശന നടപടികൾ ഒക്ടോബർ 25നകം പൂർത്തിയാക്കണമെന്ന് എ.ഐ.സി.ടി.ഇ നിർദേശിച്ചത് പ്രതിസന്ധിയായ സാഹചര്യത്തിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. ഇതുപ്രകാരം നിലവിൽ രണ്ട് അലോട്ട്മെൻറ് പൂർത്തിയാക്കിയ പ്രവേശനനടപടിയിൽ മൂന്നാം അലോട്ട്മെൻറും ബാക്കി സീറ്റുകളിലേക്ക് മോപ് അപ് കൗൺസലിങ്ങും നടത്തും. പ്രവേശന തീയതി ദീർഘിപ്പിക്കാനായി എ.ഐ.സി.ടി.ഇയും സംസ്ഥാന സർക്കാറും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് കൂടി പരിഗണിച്ചാണ് ഒരു മാസം കൂടി നീട്ടിയത്.
രണ്ട് അലോട്ട്മെൻറിന് ശേഷവും ഒട്ടേറെ എൻജിനീയറിങ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഐ.ഐ.ടി, എൻ.ഐ.ടി ഉൾപ്പെടെ സ്ഥാപനങ്ങളിൽ പ്രവേശനത്തിന് ജോയ്ന്റ് സീറ്റ് അലോക്കേഷൻ (ജോസ) പ്രകാരമുള്ള ആദ്യ സീറ്റ് അലോക്കേഷൻ ഒക്ടോബർ 27നാണ്. നിലവിൽ സംസ്ഥാനത്ത് പ്രവേശനം നേടിയ ഒട്ടേറെപ്പേർ ഇതിലൂടെ ഐ.ഐ.ടി, എൻ.ഐ.ടി ഉൾപ്പെടെ സ്ഥാപനങ്ങളിലേക്ക് മാറും. ഇതോടെ സീറ്റൊഴിവ് കൂടും. ഈ സാഹചര്യം മറികടക്കുന്നതിന് പ്രവേശനപരീക്ഷ കമീഷണർ സർക്കാറിന് കത്ത് നൽകിയിരുന്നു.
വിദ്യാർഥികളുടെ താൽപര്യം പരിഗണിച്ച് എ.ഐ.സി.ടി.ഇ അംഗീകാരത്തിന് വിധേയമായാണ് സർക്കാർ തീരുമാനം. നിലവിൽ രണ്ടാം അലോട്ട്മെൻറ് പ്രകാരമുള്ള വിദ്യാർഥിപ്രവേശനം ഇന്ന് അവസാനിക്കും. തുടർ അലോട്ട്മെൻറ് നടപടികൾ പ്രവേശനപരീക്ഷ കമീഷണറേറ്റ് വൈകാതെ പ്രസിദ്ധീകരിക്കും.
അതേസമയം എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിൽ രണ്ടാം അലോട്ട്മെൻറ് പ്രകാരമുള്ള പ്രവേശനം ഇന്ന് പൂർത്തിയാകും. സർക്കാർ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ കോളജുകളിൽ അലോട്ട്മെൻറ് ലഭിച്ചവർ വൈകീട്ട് നാലിനകം ഫീസടച്ച് ബന്ധപ്പെട്ട കോളജിൽ നേരിട്ട് പ്രവേശനം നേടണം. സർക്കാർ, എയ്ഡഡ് കോളജുകളിൽ അലോട്ട്മെൻറ് ലഭിച്ചവർ ഇപ്പോൾ കോളജിൽ നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതില്ല. ഇവർ പ്രവേശനപരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ നിർദേശിച്ച പ്രകാരം ഓൺലൈനായി പ്രവേശനം നേടണം.