KERALANEWS

വയനാട്ടിൽ മാവോവാദി കീഴടങ്ങി ; പുനരധിവാസ പദ്ധതി പ്രകാരമുള്ള കേരളത്തിലെ ആദ്യ കീഴടങ്ങൽ

കൽപ്പറ്റ : വയനാട്ടില്‍ മാവോവാദി കീഴടങ്ങി. 2018ല്‍ സംസ്ഥാന സര്‍ക്കാര്‍ കീഴടങ്ങല്‍-പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചതിനുശേഷം ആദ്യമായി കീഴടങ്ങുന്ന മാവോവാദിയാണ് ഇത്. സി.പി.ഐ. (മാവോയിസ്റ്റ്) കബനി ദളത്തിലെ ഡപ്യൂട്ടി കമാന്‍ഡന്റ് പുല്‍പള്ളി അമരക്കുനി പണിക്കപ്പറമ്പില്‍ ലിജേഷ് എന്ന രാമുവാണ്(37) തിങ്കളാഴ്ച രാത്രി കീഴടങ്ങിയത്. ജില്ലാ പോലീസ് മേധാവി ഡോ അരവിന്ദ് സുകുമാര്‍ മുന്നിൽ ആയുധങ്ങളില്ലാതെയാണ് കീഴടങ്ങിയത്. മാവോയിസ്റ്റ് സിദ്ധാന്തത്തിന്റെ നിഷ്ഫലത ബോധ്യപ്പെട്ട ലിജേഷ് സ്വമനസാലെയാണ് കീഴടങ്ങിയതെന്നു ജില്ലാ പോലീസ് ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ ഉത്തര മേഖല ഐ.ജി.അശോക് യാദവ് അറിയിച്ചു. മാവോയിസ്റ്റ് ബന്ധം ഉപേക്ഷിച്ചു മുഖ്യധാരയിലെത്താന്‍ തീരുമാനിച്ച ലിജേഷിനെ കേരള പോലീസ് സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ലിജേഷിനെ വാര്‍ത്താസമ്മേളനത്തില്‍ ഐ.ജിയും ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാറും മാധ്യമങ്ങള്‍ക്കു പരിചയപ്പെടുത്തി.

ഉത്തര മേഖല ഐ.ജി. അശോക് യാദവ്, വയനാട് ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാര്‍ എന്നിവര്‍ കീഴടങ്ങിയ മാവോവാദി ലിജേഷിനൊപ്പം(ഇടത്) ജില്ലാ പോലീസ് ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍.

ലിജേഷിന്റെ കീഴടങ്ങലിനെ വലിയ നേട്ടമായാണ് കേരള പോലീസ് കാണുന്നതെന്നു ഐ.ജി പറഞ്ഞു. മാവോവാദി സിദ്ധാന്തത്തില്‍ ആകൃഷ്ടരായി നിരവധി ചെറുപ്പക്കാരാണ് സമുഹത്തിന്റെ മുഖ്യധാര വിട്ടുപോയത്. ഇവരെ സാധാരണ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരുന്നതിനു സര്‍ക്കാരും പോലീസും വര്‍ഷങ്ങളായി നടത്തുന്ന പ്രവര്‍ത്തനം വൃഥാവിലല്ലെന്നു വ്യക്തമാക്കുന്നതാണ് ലിജേഷിന്റെ തിരുമാനം. ഇതു വഴിതെറ്റി മാവോയിസ്റ്റ് ദളങ്ങളിലെത്തിയ മറ്റു ചെറുപ്പക്കാര്‍ക്കു കീഴടങ്ങല്‍-പുനരധിവാസ പദ്ധതി ഉപയോഗപ്പെടുത്തുന്നതിനു പ്രേരണയാകും. ജില്ലാ കലക്ടര്‍ ഉള്‍പ്പെടുന്ന സ്‌ക്രീനിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്കു വിധേയമായി രണ്ടു മാസത്തിനകം ലിജേഷിനുള്ള പുനരധിവാസ പാക്കേജില്‍ തീരുമാനം ഉണ്ടാകും. ലിജേഷിന്റെയും കുടുംബാംഗങ്ങളുടെയും സുരക്ഷ പോലീസ് ഉറപ്പുവരുത്തും. മാവോയിസ്റ്റ് ആക്ഷനുകളുമായി ബന്ധപ്പെട്ടു ലിജേഷിനെതിരെ സംസ്ഥാനത്തു കേസുകള്‍ ഉണ്ടെന്നും ഐ.ജി പറഞ്ഞു.

പുല്‍പള്ളിയില്‍നിന്നു പതിറ്റാണ്ടുകള്‍ മുമ്പ് കര്‍ണാടകയിലേക്കു ഇഞ്ചിപ്പണിക്കുപോയ നിര്‍ധന കുടുംബത്തിലെ അംഗമാണ് നാലാം ക്ലാസ് വരെ പഠിച്ചിട്ടുള്ള ലിജേഷ്. ബാലനായിരിക്കെ കര്‍ണാടകയിലെത്തിയ ലിജേഷ് ഏഴു വര്‍ഷമായി മാവോയിസ്റ്റ് കബനി ദളത്തിലെ അംഗമാണ്. ഭാര്യയും മാവോയിസ്റ്റ് പ്രവര്‍ത്തകയാണ്. ഇവര്‍ കീഴടങ്ങിയിട്ടില്ല. ചെറിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ തുടര്‍നടപടികള്‍ റദ്ദു ചെയ്യലും പൊതുജീവിതത്തിലേക്കു തിരിച്ചുവരുന്നതിനു സാമ്പത്തിക പിന്തുണയും സുരക്ഷയും ഉള്‍പ്പെടെ വാഗ്ദാനം ചെയ്യുന്നതാണ് കീഴടങ്ങല്‍-പുരനധിവാസ പദ്ധതി. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുന്ന നോട്ടീസ് വയനാട് ഉള്‍പ്പെടെ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിലെ പൊതു ഇടങ്ങളില്‍ പോലീസ് നേരത്തേ പതിച്ചിരുന്നു.

2018 മെയ് മാസത്തിലാണ് സംസ്ഥാന സർക്കാർ മാവോയിസ്റ്റ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്. മാവോയിസ്റ്റുകളുടെ സ്വാധീനത്തിൽ കുടുങ്ങിയവരെ തീവ്രവാദത്തിൽ നിന്ന് മോചിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അറസ്റ്റ്‍ വരിക്കുന്ന മാവോവാദികൾക്ക് സർക്കാർ 5 ലക്ഷം രൂപ വരെ സഹായധനവും ജോലിയും നൽകും. എന്നാൽ 5 വർഷത്തോളം കാലം പൊലീസിന്‍റെ നിരീക്ഷണത്തിലായിരിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close