AUTOMOTIVENEWS

സഫാരിയുടെ ഗോൾഡ് എഡീഷൻ വരുന്നു; പ്രദർശനം ഐ പി എൽ വേദിയിൽ

‌സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ സഫാരിയുടെ പ്രത്യേക പതിപ്പ് പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്. വൈറ്റ് ഗോൾഡ്, ബ്ലാക്ക് ഗോൾഡ് എന്നീ നിറങ്ങളിൽ ലഭ്യമാവുന്ന സഫാരി ഗോൾഡ് എഡീഷന് 21.89 ലക്ഷം രൂപയാണു ഷോറൂം വില വരുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗി(ഐ പി എൽ)ന്റെ 2021 സീസന്റെ രണ്ടാം പാദത്തിൽ ആണ് ഗോൾഡ് എഡീഷൻ പ്രദർശിപ്പിക്കുന്നത്.

സഫാരി ഗോൾഡ് എഡീഷന്റെ എടുത്തു പറയേണ്ട പ്രത്യേകതകൾ, ആദ്യ രണ്ടു നിരയിലും വെന്റിലേഷൻ സൗകര്യത്തോടെയുള്ള ലതർ സീറ്റ്, വയർലെസ് ചാർജർ, എയർ പ്യൂരിഫയർ, വൈഫൈ ആൻഡ്രോയ്ഡ് ഓട്ടോ/ആപ്പിൾ കാർ പ്ലേ കണക്ടിവിറ്റി തുടങ്ങി അകത്തളത്തിലെ സൗകര്യങ്ങളിലും സംവിധാനങ്ങളിലും കാര്യമായ മാറ്റമാണ് വരുത്തിയിരിക്കുന്നത്. നിരത്തിലെത്തി അഞ്ചു മാസത്തിനകം 10,000 യൂണിറ്റ് വിൽപ്പന കൈവരിച്ച് തകർപ്പൻ പ്രകടനമാണു സഫാരി കാഴ്ചവച്ചതെന്നു ടാറ്റ മോട്ടോഴ്സ് പാസഞ്ചർ – ഇലക്ട്രിക് വെഹിക്കിൾ ബിസിനസ് യൂണിറ്റ് വിപണന വിഭാഗം മേധാവി വിവേക് ശ്രീവത്സ അഭിപ്രായപ്പെട്ടു. പോരെങ്കിൽ ഈ വിഭാഗത്തിൽ ഏറ്റവുമധികം വിൽപ്പനയുള്ള മോഡലും സഫാരിയാണെന്ന് അദ്ദേഹം പറയുന്നു.

സഫാരി ഗോൾഡ് എഡീഷന്റെ അവതരണത്തിന് ദുബായ് വേദിയാവുന്ന വിവൊ ഐ പി എല്ലിന്റെ രണ്ടാം പാദത്തേക്കാൾ മികച്ച അരങ്ങില്ലെന്നും ശ്രീവത്സ വിലയിരുത്തി. ഐ പി എല്ലിന്റെ രണ്ടാം പാദ മത്സരവേദികളിലെല്ലാം സഫാരി ഗോൾഡ് എഡീഷൻ പ്രദർശിപ്പിക്കും. ടാറ്റ മോട്ടോഴ്സും ഐ പി എല്ലുമായുള്ള ബന്ധം 2018 മുതൽ തുടരുന്നതാണെന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് ചെയർമാൻ ബ്രിജേഷ് പട്ടേൽ അനുസ്മരിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള പ്രേക്ഷകരിലേക്ക് സഫാരിയുടെ പുതിയ പതിപ്പ് എത്തിക്കാൻ വിവൊ ഐ പി എൽ തികച്ചും അനുയോജ്യമായ വേദിയായി മാറുമെന്നും അദ്ദേഹംകൂട്ടി ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close