KERALANEWS

ആർടിപിസിആർ ടെസ്റ്റ് നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; നിരക്ക് സ്വകാര്യ ലാബുടമകളുമായി ചർച്ച ചെയ്ത് തീരുമാനിക്കണം

ആർടിപിസിആർ ടെസ്റ്റ് നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആർടിപിസിആർ ടെസ്റ്റ് നിരക്ക് സ്വകാര്യ ലാബുടമകളുമായി ചർച്ച ചെയ്യണമെന്നും മൂന്നാഴ്ചക്കുള്ളിൽ ഇതിനെ സംബന്ധിച്ച് തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് ടി.ആർ.രവി ഉത്തരവിട്ടു.
എന്നാൽ ചർച്ചയ്ക്കും തീരുമാനത്തിനും സൗകര്യമൊരുക്കാൻ, ഹൈക്കോടതി ഉത്തരവ് ഒരു മാസത്തേക്ക് നീട്ടിവെച്ചിട്ടുണ്ട്. അതുവരെ സർക്കാർ നിശ്ചയിച്ച 500 രൂപ തുടരും.

സ്വകാര്യ ലാബുകളിൽ ആർടിപിസിആർ ടെസ്റ്റിന്റെ നിരക്ക് ഏപ്രിൽ 30നാണ് സർക്കാർ 1700 രൂപയിൽനിന്ന് 500 രൂപയായി കുറച്ച് ഉത്തരവിട്ടത്. ഇത് അനുസരിച്ച് 500 രൂപയിൽ കൂടുതൽ ഈടാക്കിയാൽ നടപടിയെടുക്കുമെന്നും ചൂണ്ടിക്കാണിച്ച് പിറ്റേന്ന് അടുത്ത ഉത്തരവും ഇറക്കി. ഇവ രണ്ടും ചോദ്യം ചെയ്തു സ്വകാര്യ ലാബുകൾ നൽകിയ ഹർജിയിലാണ് രണ്ട് ഉത്തരവുകളും റദ്ദാക്കിയത്.

എന്നാൽ ഉത്തരവ് ഒരു മാസത്തേക്ക് മരവിപ്പിച്ചിരിക്കുന്നത് സ്വകാര്യ ലാബുകൾക്കെതിരെ നടപടിയെടുക്കാനുള്ള അനുമതിയാണെന്നു കരുതരുതെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ ലാബുകളുമായി കൂടിയാലോചിച്ചു വേണം നിരക്ക് തീരുമാനിക്കേണ്ടത് എന്ന ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ നിർദേശം പാലിക്കാതെ സർക്കാർ ഏകപക്ഷീയമായി 500 രൂപയാക്കി നിശ്ചയിച്ചെന്നായിരുന്നു സ്വകാര്യ ലാബുകളുടെ വാദം.

നേരത്തെ ലാബുടമകൾ ഹർജി നൽകിയതിനെ തുടർന്നു കോടതി നിർദേശ പ്രകാരം ലാബുടമകളുമായി കൂടിയാലോചിച്ച് നിരക്ക് സർക്കാർ 1700 രൂപയാക്കിയിരുന്നു. എന്നാൽ രണ്ടു മാസത്തിനു ശേഷം 500 രൂപയാക്കുകയായിരുന്നു. ടെസ്റ്റിനു വേണ്ട സാമഗ്രികളുടെ വിപണി വിലയുടെയും മറ്റു ചില സംസ്ഥാനങ്ങളിൽ 500 രൂപ ഈടാക്കുന്നതും കണക്കിലെടുത്താണ് നിരക്ക് നിശ്ചയിച്ചതെന്നായിരുന്നു സർക്കാർ വാദം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close