
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. രണ്ടാം ദിവസമായ ഇന്നും രാവിലെ 9ന് ഹാജരാകാനാണ് അഞ്ച് പ്രതികളോടും ഹൈക്കോടതി നിർദേശിച്ചിരുന്നത്. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ എങ്ങനെവേണമെന്നത് സംബന്ധിച്ച രൂപരേഖ ഇന്നലെ വൈകുന്നേരം തന്നെ തയാറാക്കിയിട്ടുണ്ട്.
ആരോപണങ്ങളെല്ലാം നിഷേധിക്കുന്ന നിലപാടാണ് ആദ്യദിവസത്തെ ചോദ്യം ചെയ്യലിൽ ദിലീപിന്റേതെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്. അഞ്ച് പൊലീസ് സംഘങ്ങളാണ് അഞ്ച് പ്രതികളേയും വേവ്വേറെ ഇരുത്തി മൊഴിയെടുക്കുന്നത്. ഈ മൊഴികളിലെ വൈരുദ്ധ്യം മുൻ നിർത്തിയാകും രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ. എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ ആണ് മൊഴി എടുക്കൽ.
ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിച്ചെന്ന് എസ് പി മോഹനചന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. സൂരജ്, ബൈജു, അപ്പു എന്നിവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകൾ പിടിച്ചെടുത്തതായും ഉദ്യോഗസ്ഥന് പറഞ്ഞു. ഡിജിറ്റൽ തെളിവുകളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നും എസ്പി പറഞ്ഞു.
ഹൈക്കോടതി ഉത്തരവിനെതുടർന്ന് രാവിലെ 8.40 നാണ് ആലുവയിലെ പദ്മസരോവരം വീട്ടിൽ നിന്ന് ചോദ്യം ചെയ്യലിനായി ഇന്നലെ പ്രതികൾ പുറപ്പെട്ടത്. ദിലീപിനൊപ്പം രണ്ടാം പ്രതിയും സഹോദരനുമായ അനൂപ്, മൂന്നാം പ്രതിയും സഹോദരി ഭർത്താവുമായ സുരാജ് എന്നിവരുമുണ്ടായിരുന്നു. 8.52ന് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. എതാണ്ട് ഇതേ സമയത്തുതന്നെ കേസിലെ മറ്റു രണ്ടു പ്രതികളായ ബാബു ചെങ്ങമനാടും അപ്പുവും ഹാജരായിരുന്നു
കൊലപാതക ഗൂഡാലോചന സംബന്ധിച്ച് ദിലീപിനും കൂട്ടുപ്രതികൾക്കും പറയാനുളളത് മുഴുവൻ കേൾക്കുകയാണ് ആദ്യ ദിവസം അന്വേഷണ സംഘം ചെയ്തത്. ദിലീപ് സഹകരിച്ചെന്ന് ഉദ്യോഗസ്ഥർ പരസ്യമായി പറയുമ്പോഴും വിശദീകരണം ആവശ്യപ്പെട്ട ചില കാര്യങ്ങളിലെ ദിലീപിന്റെ നിഷേധാത്മക നിലപാട് അന്വേഷണ സംഘത്തെ അലോസരപ്പെടുത്തുന്നുണ്ട്.
ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടണമെന്ന സർക്കാരിന്റെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ തുടരന്വേഷണം വേണമെന്നാണ് സർക്കാർ വാദം. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ,
സി.ടി. രവി കുമാർ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. എന്നാൽ സർക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ദിലീപും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.
ബാലചന്ദ്രകുമാർ അന്വേഷണസംഘം വാടക്കെടുത്ത സാക്ഷിയാണെന്നും ജഡ്ജി മാറുന്നത് വരെ വിചാരണ വൈകിപ്പിക്കുകയാണ് സർക്കാരിന്റെ ഉദ്ദേശ്യമെന്നും ദിലീപ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നുണ്ട്. സംവിധായകന് ബാലചന്ദ്രകുമാർ നെയ്യാറ്റിൻകര ബിഷപ്പിന്റെ പേരിൽ പണം ചോദിച്ചെന്ന് ദിലീപ്. ഉന്നത ബന്ധമുള്ള ബിഷപ്പിനെ കേസിൽ ഇടപെടുത്തിയാൽ രക്ഷിക്കുമെന്ന് പറഞ്ഞു. പല തവണയായി 10 ലക്ഷത്തോളം രൂപ പറ്റി. വീണ്ടും പണം ചോദിച്ചപ്പോൾ നിരസിച്ചു. സിനിമയും നിരസിച്ചു. ഇതോടെ ശത്രുതയായി എന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ദിലീപിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
ജാമ്യത്തിന് വേണ്ടി നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിച്ചെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയതായെന്നാണ് ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നു. ബിഷപ്പുമായി ബാലചന്ദ്രകുമാറിന് നല്ല അടുപ്പമുണ്ടന്ന് അവകാശപ്പെട്ടു. ബിഷപ്പ് ഇടപെട്ടാൽ കേസിൽ ശരിയായ അന്വേഷണം നടത്തി നിരപരാധിത്വം തെളിയിക്കാമെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. ബിഷപ്പിനെ ഇടപെടുത്തിയതിനാൽ പണം വേണമെന്നായിരുന്നു ആവശ്യം. ഇത് നിരസിച്ചതോടെ ശത്രുതയായി. പിന്നാലെ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നെ ഇയാളുടെ സിനിമയുമായി സഹകരിക്കണമെന്നായിരുന്നു ആവശ്യം. വീട്ടിലെ റെയ്ഡിൽ നിന്നും പൊലീസ് പിടിച്ചെടുത്തത് ബാലചന്ദ്രകുമാർ ബിഷപ്പിനൊപ്പം നിൽക്കുന്ന ഫോട്ടോകളും ചാറ്റുകളുടെ പ്രിൻ്റ് ഔട്ടുമാണ്. 10 ലക്ഷത്തിലധികം ബാലചന്ദ്രകുമാർ വിവിധ ആവശ്യങ്ങൾ പറഞ്ഞ് കൈപ്പറ്റിയിട്ടുണ്ട്. സിനിമ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതും നിസരിച്ചപ്പോള്‍ എഡിജിപി ബി സന്ധ്യയെ ഫോണിൽ വിളിച്ച് ചില കാര്യങ്ങൾ പറയുമെന്ന് പറഞ്ഞ് ഭീഷണിപെടുത്തിയെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
എന്നാൽ നെയ്യാറ്റിൻകര ബിഷപ്പിന്റെ പേരിൽ പണം ചോദിച്ചെന്ന ദിലീപിന്റെ ആരോപണം നിഷേധിച്ച് സംവിധായകന് ബാലചന്ദ്രകുമാർ. ദിലീപ് പണം നൽകിയത് സംവിധായകൻ എന്ന നിലയിലാണ്. അത് കേസിന് വർഷങ്ങൾക്ക് മുമ്പാണ്. നെയ്യാറ്റിൻകര ബിഷപ്പിനെ വലിച്ചിഴച്ചത് സാമുദായിക സ്പർദ്ധ വളർത്താൻ വേണ്ടിയാണെന്നും ബാലചന്ദ്രകുമാർ ആരോപിക്കുന്നു. ദിലീപിന്റെ സത്യവാങ്മൂലം പോലീസ് അന്വേഷിക്കട്ടെ എന്നും ബാലചന്ദ്ര കുമാർ പറഞ്ഞു.