INSIGHT

ഒറ്റ വര്‍ഷം കൊണ്ട് പാചകവാതക വിലയില്‍ നൂറുശതമാനത്തോളം വര്‍ധനവ്; പാവപ്പെട്ടവരുടെ സബ്സിഡി പോലും നല്‍കാതെ കേന്ദ്ര സര്‍ക്കാരിന്‍റെ പകല്‍ക്കൊള്ള; പണ്ട് സമരം ചെയ്തവര്‍ക്ക് ഇന്ന് മൗനവ്രതം

തൊഴിൽരംഗത്ത് മഹാമാരി സൃഷ്‌ടിച്ച പ്രതിസന്ധിക്കിടെ വീട്ടു ചെലവ് വരുതിയിൽ കൊണ്ടുവരാൻ നട്ടം തിരിയുകയാണ് സാധാരണക്കാർ. പെട്രോളിനും ഡീസലിനും ദിനംപ്രതി വില വർദ്ധിക്കുമ്പോൾ രാജ്യത്തെ അടുക്കളകളെയും പാവപ്പെട്ടവന്റെ വിശപ്പിനേയും ചോദ്യം ചെയ്യുന്ന വിലക്കയറ്റമാണ് പാചക വാതകത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. 1000 രൂപയിലേക്ക് കുതിച്ചുയരുന്ന പാചകവാതക വില സാധാരണക്കാരന്റെ ജീവിതത്തിനു പൊള്ളൽ ഏല്പിക്കുന്നുവോ …? നമ്മുക്ക് പരിശോധിക്കാം ..!

പത്തു വർഷം മുമ്പ് വരെ കേരളത്തിലെ വീടുകളിൽ വിറകടുപ്പ് അരങ്ങു വാണിരുന്ന സ്ഥാനത്ത് ഇന്ന് ഗ്യാസ് അടുപ്പുകളാണ് ഭരിക്കുന്നത്. സാധാരണക്കാരന്റെ വീട്ടിലെ തീർത്തും സാധാരണമായൊരു അംഗമാണ് ഗ്യാസ് സിലിണ്ടറുകൾ ഇന്ന്. യാതൊരു നിയന്ത്രണവുമില്ലാതെ പാചകവാതകവില കുതിച്ചുയരുമ്പോൾ ദുരിതമനുഭവിക്കുകയാണ് ജനങ്ങൾ.

20. 50 രൂപയാണ് ഗാർഹിക പാചകവാതക വിലയിൽ ഈ വർഷം മാത്രം ഉണ്ടായ വർദ്ധനവ്. വാണിജ്യ സിലിണ്ടറിന് ആകട്ടെ 450 രൂപയും വർദ്ധിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ 594 ഉണ്ടായിരുന്ന സിലിണ്ടർ ഒരു വർഷം പിന്നിടുമ്പോൾ 906 . 50 രൂപയിൽ എത്തിനിൽക്കുന്നു. ഈ വിലവർദ്ധന സാധാരണക്കാരെ വീട്ടു ബഡ്ജറ്റിനെയാണ് താളം തെറ്റിക്കുന്നത് . ഗ്യാസ് സിലിണ്ടറിന് മാത്രം ആശ്രയിക്കുന്ന വീടുകളിൽ ഒരു മാസം ഒരു സിലിണ്ടർ കൊണ്ട് കടന്നുപോകുവാൻ സാധിക്കുമെങ്കിൽ ഭാഗ്യം എന്നതാണ് അവസ്ഥ . വീട്ടിൽ ഏകദേശം 25 ദിവസം ഒരു ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നുണ്ടെന്ന് ഇരിക്കട്ടെ ഒരു വർഷം ഏകദേശം 14 സെൻറർ വേണ്ടി വരും. വില ഓരോ മാസം മുകളിലേക്ക് പോകുമ്പോൾ എത്രനാൾ ഇങ്ങനെ തുടരാനാകും എന്ന ചോദ്യമാണ് ഓരോ വീടുകളിൽ നിന്നും ഉയരുന്നത്.

എൽപിജി

ദ്രവീകൃത പെട്രോളിയം വാതകം എന്ന എൽപിജി ഒരു ഫോസിൽ ഇന്ധനമാണ്. ക്രൂഡ് ഓയിൽ അഥവാ പെട്രോളിയത്തിൽനിന്നാണ് പ്രധാനമായും വേർതിരിച്ചെടുക്കുന്നത്. പ്രകൃതിവാതകത്തിൽനിന്നും ഈ ഇന്ധനം ലഭിക്കാറുണ്ട്. കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതും തെളിമയുള്ളതുമായ എൽപിജിയുടെ പ്രധാന ഘടകങ്ങൾ പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ എന്നീ വാതകങ്ങളാണ്. ആയിരത്തിലധികം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇന്ധനമാണ് ഇത്. വെള്ളം പോലെ നിറമില്ലാത്ത ദ്രാവകമാണ് എൽപിജി. സാധാരണ ഊഷ്മാവിൽ വാതകമാണെങ്കിലും തണുപ്പിച്ചാൽ ഇത് ദ്രാവകാവസ്ഥയിലേക്ക് മാറും. ഉയർന്ന മർദം പ്രയോഗിച്ച് ദ്രാവകമാക്കി മാറ്റിയാണ് സിലിണ്ടറുകളിൽ ഇന്ധനം നിറയ്ക്കുന്നത്. അതുകൊണ്ടുതന്നെ കൈകാര്യം ചെയ്യാനും വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കാനും എളുപ്പമാണ്. ദ്രാവകാവസ്ഥയിലുള്ള ഒരു ലീറ്റർ എൽപിജിയെ 270 ലീറ്റർ വാതകമാക്കി മാറ്റാം. പാചകവാതകമായിട്ടാണ് എൽപിജി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. വാണിജ്യ ആവശ്യങ്ങൾ, ഗതാഗതം, കൃഷി, വ്യവസായം തുടങ്ങി വിവിധ മേഖലകളിലും എൽപിജി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

രാജ്യത്ത് 29 കോടി ഗാർഹിക സിലിണ്ടർ ഉപയോക്താക്കളുണ്ട് എന്നതാണ് ശരാശരി കണക്ക്. അഞ്ചുവർഷത്തിനിടെ എൽപിജി ഉപഭോക്താക്കളുടെ ഇരട്ടി വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2015 ൽ രാജ്യത്ത് 14 കോടി എൽപിജി ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത് എങ്കിൽ 2021 ൽ അതിൻറെ ഇരട്ടിയായി. ദാരിദ്ര രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വനിതകൾക്ക് സൗജന്യ പാചകവാതക കണക്ഷൻ നൽകുന്ന പ്രധാനമന്ത്രിയുടെ ഉജ്വല പദ്ധതിയോടെയാണ് ഗ്രാമപ്രേദേശങ്ങളിലും എൽപിജി ഉപയോഗത്തിൽ വലിയ മാറ്റം ഉണ്ടായത്. എന്നാൽ പൊള്ളുന്ന വില വർധന ഗാർഹിക ആവശ്യങ്ങൾക്ക് മറ്റു ബദൽ മാർഗങ്ങൾ കണ്ടെത്താൻ സാധാരണക്കാരനെ നിർബന്ധിതനാകുന്നു.

ക്രൂഡ് ഓയിൽ

ക്രൂഡ് ഓയിൽ വിലതന്നെയാണ് പാചകവാതക വില നിർണയിക്കുന്ന പ്രധാന ഘടകം. കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്ത് ബാരലിന് 20 ഡോളർ വരെ താഴ്ന്നു. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറഞ്ഞപ്പോഴും ഇന്ധന വില കുറയ്ക്കാതെ തുടർച്ചയായി കൂട്ടുകയായിരുന്നു. 2014 ൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണയ്ക്ക് 105.30 ഡോളർ വിലയുണ്ടായിരുന്നപ്പോൾ ഒരു ലിറ്റർ പെട്രോളിന് 73 രൂപയായിരുന്നു വില. എന്നാൽ അന്താരാഷ്ട്ര വില 30 ഡോളറിലധികം കുറഞ്ഞ് 74, 75 ഡോളർ നിരക്കിൽ എത്തിയപ്പോഴും പെട്രോൾ വില 29 രൂപ കൂടി 102 കടന്ന് കുതിച്ച് ചാടി മുന്നോട്ട് പാഞ്ഞുകൊണ്ടിരുന്നു.

ക്രൂഡ് വില ഇന്ന് 81 ഡോളറിൽ എത്തി നിൽക്കുകയാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ 66 ഡോളറിലേക്ക് താഴ്ന്നുവെങ്കിലും ദിവസങ്ങൾക്കുള്ളിൽ ക്രൂഡ് ഓയിൽ വില 70നു മുകളിലെത്തി. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കൂടുന്നതിനു പുറമേ, പാശ്ചാത്യ രാജ്യങ്ങളിൽ ശൈത്യകാലം ആരംഭിക്കുന്നതോടെ എൽപിജി ഉപഭോഗം കൂടുമെന്നതിനാൽ വരും മാസങ്ങളിൽ വില കൂടാൻ തന്നെയാണ് സാധ്യത.

സബ്സിഡി

ഗാർഹിക സിലിണ്ടർ (14.2 കിലോഗ്രാം) വിലയുടെ കാര്യത്തിൽ ജനങ്ങൾ നേരിടുന്ന വലിയ പ്രതിസന്ധി സബ്സിഡി അനുവദിക്കാത്തതാണ്. സബ്സിഡിയുണ്ടായിരുന്നെങ്കിൽ ഏകദേശം 600–750 രൂപയ്ക്കടുത്താകുമായിരുന്നു ഇപ്പോഴത്തെ സിലിണ്ടർ വില. എന്നാൽ 2020 ജൂലൈ മുതൽ സർക്കാർ സബ്സിഡി നൽകുന്നില്ല. 2013–14 വർഷം ക്രൂഡ് ഓയിൽ വില 110 ഡോളർ വരെ ഉയർന്ന സമയത്താണ് ഇന്ത്യയിൽ പാചകവാതക വില 1000 കടന്നത്. എന്നാൽ സർക്കാർ സബ്സിഡിയുണ്ടായിരുന്നതിനാൽ അന്ന് യഥാർഥ വിലയുടെ പകുതി പോലും ഉപഭോക്താക്കൾക്ക് നൽകേണ്ടി വന്നില്ല

കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ സിലിണ്ടറിന് ഏറ്റവും കൂടുതൽ വില രേഖപ്പെടുത്തിയിട്ടുള്ളത് 2014 ജനുവരി ഒന്നിനാണ്. അന്ന് ഡൽഹിയിൽ 1241 രൂപയായിരുന്നു ഗാർഹിക സിലിണ്ടർ വില. സബ്സിഡി ഉണ്ടായിരുന്നതിനാൽ ഉപഭോക്താവിന് ചെലവാക്കേണ്ടിയിരുന്നത് 414 രൂപ. 2012 നവംബറിൽ 922 രൂപയുണ്ടായിരുന്ന സമയത്ത് സബ്സിഡി വില 410 രൂപയും 2016 ഡിസംബറിൽ 584 രൂപയുണ്ടായിരുന്നപ്പോൾ സബ്സിഡി 432 രൂപയുമായിരുന്നു. 2018ൽ 308 രൂപയും 2019 ഡിസംബറിൽ 200 രൂപ വരെ സബ്സിഡിത്തുകയായി സർക്കാർ നൽകിയിരുന്നു.

2020 ഫെബ്രുവരിയിൽ സിലിണ്ടറിന് 858 രൂപയുണ്ടായിരുന്നപ്പോൾ 290 രൂപയ്ക്കടുത്തായിരുന്നു സബസിഡിത്തുക. എന്നാൽ 2020 ജൂലൈയിൽ പാചകവാതക വില ഘട്ടംഘട്ടമായി കുറഞ്ഞ് സബ്സിഡി നിരക്കായ 594 രൂപയിൽ എത്തിയതോടെയാണ് സബ്സിഡി കേന്ദ്രസർക്കാർ ഒഴിവാക്കിയത്. ഇപ്പോൾ വില 900ത്തിന് അടുത്ത് എത്തുമ്പോഴും സബ്സിഡിയെ കുറിച്ച് സർക്കാർ മിണ്ടുന്നില്ല. സബ്സിഡി രാജ്യത്തിന്റെ സാമ്പത്തികഭദ്രതയെ ബാധിക്കുന്ന ഒന്നാണെങ്കിലും ജനങ്ങളിൽ അമിതവിലയുടെ ഭാരം ഒഴിവാക്കാൻ മുൻ സർക്കാരുകൾ സബ്സിഡി നൽകുന്നത് തുടരുകയായിരുന്നു.

സബ്സിഡി പൂർണമായും നിർത്തലാക്കിയോ പുനഃസ്ഥാപിക്കുമോ എന്നീ ചോദ്യങ്ങൾക്ക് പാർലമെന്റിൽ പോലും വ്യക്തമായ ഉത്തരം നൽകാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല. പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരമുള്ള 8 കോടിയാളുകൾക്കാണ് നിലവിൽ സബ്സിഡി ലഭിക്കുന്നത്. 2015ൽ ആണ് 10 ലക്ഷത്തിനുമേൽ വരുമാനമുള്ള 1.5 കോടിയാളുകളുടെ ഗാർഹിക സിലിണ്ടർ സബ്സിഡി സർക്കാർ നിർത്തലാക്കിയത്. സ്വമേധയാ സബ്സിഡി ഒഴിവാക്കാനുള്ള ആഹ്വാന പ്രകാരം (ഗിവ് ഇറ്റ് അപ്) 2016ൽ 1.5 കോടി ആളുകൾ സബ്സിഡി ഒഴിവാക്കി. 2019- 20 സാമ്പത്തിക വർഷം ബജറ്റിൽ സർക്കാർ നീക്കിവച്ച പാചകവാതക സബ്സിഡി തുക 22,635 കോടി ആയിരുന്നെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഇത് വെറും 3559 കോടി രൂപയാണ്. സബ്സിഡി പുനഃരാരംഭിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നതിന്റെ വ്യക്തമായ തെളിവാണ് ഈ കണക്കുകൾ

കച്ചവടക്കാരും ദുരിതത്തിൽ

ഗാർഹിക സിലിണ്ടർ മാത്രമല്ല, വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിനും വില കൂടുകയാണ്. വാണിജ്യ സിലിണ്ടറിന് കഴിഞ്ഞ ഒരു വർഷത്തിനിടെ വർധിച്ചത് 409 രൂപ ആണ്. നിലവിൽ 1728 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ. ഹോട്ടലുകളെയും ചെറുകിട കച്ചവടക്കാരെയുമാണ് ഇതു പ്രതികൂലമായി ബാധിക്കുന്നത്. അടിക്കടിയുള്ള ലോക്ഡൗൺ, കോവിഡ് നിയന്ത്രണങ്ങൾ കാരണം നഷ്ടത്തിലോടുന്ന കച്ചവടക്കാർക്ക് ഇപ്പോഴുള്ള സിലിണ്ടർ വില താങ്ങാവുന്നതിനും അപ്പുറമാണ്. കച്ചവടം പൊതുവെ കുറവായതിനാൽ സാധനങ്ങൾക്ക് വില കൂട്ടാനും ഇവർക്കാകില്ല.

പെട്രോൾ വില ഡീസൽ വില വർധന പോലെ വലിയ രീതിയിൽ ചർച്ചയെ വേണ്ടെന്നാണ് പാചകവാതക വിലയും ഇല്ല ഇങ്ങനെ പോയാൽ പലർക്കും അപ്രാപ്യമായ ഒന്നായിത്തീരും പാചകവാതകം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close