Breaking NewsKERALANEWSTrending

കുത്തിയൊലിച്ചെത്തുന്ന മലവെള്ളത്തിൽ ഒലിച്ചു പോകാതെ ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെ ചെറിയ ഷെഡ്; കുത്തൊഴുക്കിലും കുലുങ്ങാത്ത ഷെഡിന് പിന്നിലെ രഹസ്യം ഇതാണ്..

തൃശ്ശൂർ: അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെ ചെറിയ ഷെഡാണ് ഇപ്പോൾ വാർത്തകളിലെ താരം. കുത്തിയൊലിച്ചു വരുന്ന വെള്ളത്തിന് നടുക്ക് തലയുയർത്തി നിൽക്കുന്ന ചെറിയ ഷെഡ് എന്തുകൊണ്ട് നിർമ്മിച്ചു എന്നും ആരാണ് നിർമ്മിച്ചതെന്നും എന്തുകൊണ്ടാണത് കുത്തിയൊലിച്ചു വരുന്ന മലവെള്ളത്തിൽ തകരാത്തത് എന്നുമൊക്കെ സംശയങ്ങൾ ഉയരുന്നുണ്ട്. സമൂഹ മാധ്യമങ്ങൾ അന്വേഷിക്കുന്ന ആ അത്ഭുത ഷഎഡിന്റെ ശില്പികൾ കാടിനെ അറിയുന്ന ഒരു സംഘം ആളുകളാണ്. അതിരപ്പിള്ളി വനസംരക്ഷണ സമിതിയുടെ പ്രസിഡന്റായ പി.കെ.സഹജന്റെ നേതൃത്വത്തിലുള്ള അ‍ഞ്ച് പേരാണ് ആ സംഘത്തിലുള്ളത്. അവരുടെ പോരാട്ടത്തിന്റെ പ്രതീകവും ആത്മവിശ്വാസത്തിന്റെ അടയാളവുമാണ് ആ ഷെഡ്. പത്തു വർഷത്തിലധികമായി ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ തലയുയർത്തി ആ കുടിൽ നിൽക്കുന്നു.

അഞ്ച് പേരടങ്ങുന്ന സംഘം വർഷങ്ങളായി അതിരപ്പിള്ളിയിലെ വിനോദ സഞ്ചാര മേഖലയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. സഹജനൊപ്പം ടിപി ഷാജു, എംസി ശിവൻ ഉണ്ണി, സി വി രാജൻ, കെഎം സുരേന്ദ്രൻ എന്നിവർ ചേർന്നായിരുന്നു ഷെഡിന്റെ നിർമ്മാണം നടത്തിയത്. സിമന്‍റ്, കമ്പി, പൈപ്പുകൾ തുടങ്ങിയ നിർമ്മാണ വസ്തുക്കളൊന്നും ഈ ഷെഡിൽ ഉപയോഗിച്ചിട്ടില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രകൃതി ദത്തമായ മുള, ഈറ്റ, തടിക്കഷ്ണങ്ങൾ എന്നിവ കൊണ്ടാണ് മേൽക്കൂരയും ബേസ്മെന്റും ഉൾപ്പെടെ നിർമ്മിച്ചിരിക്കുന്നത്.

പാറപ്പുറത്തെ നിർമ്മാണം മറ്റ് നിർമ്മാണങ്ങളെ അപേക്ഷിച്ച് വളരെ ദുഷ്കരമായിരുന്നു. പാറകൾ പൊട്ടിക്കുവാനോ ഇളക്കുവാനോ പറ്റാത്തതിനാൽ, പകരം പാറകൾക്കിടയിലെ വിടവുകൾ കണ്ടെത്തി അവിടെ തൂണുകൾ ഉറപ്പിക്കുകയായിരുന്നു. ഇത്തരത്തിൽ ലഭിച്ച രണ്ട് പ്രധാന വിടവുകളിലാണ് ഈ കുടിലിന്റെ നെടുംതൂണുകൾ നാട്ടിയിട്ടുള്ളത്. ഈ ബലത്തിലാണ് മുഴുവൻ ഹട്ടും നിൽക്കുന്നത്.

കാട്ടുമുളകളാണ് തൂണുകളായി ഉപയോഗിച്ചിരിക്കുന്നത്. ഇതിന് നാട്ടിലെ മുളകളെക്കാൾ ബലവും ഭംഗിയും ഉണ്ടെന്നതാണ് കാരണമെന്നും സഹജൻ വിശദീകരിക്കുന്നു. അപകട സാധ്യതയുള്ള പ്രദേശങ്ങളിലൊക്കെ കാട്ടുമുളകൾ ഉപയോഗിക്കും. എന്നാൽ പ്രത്യക അനുമതി ഉണ്ടെങ്കിലേ വനത്തിൽ നിന്നുള്ള മുളകൾ കൊണ്ടുപോകാനാകൂ. അതിനാൽ മറ്റുള്ളയിടങ്ങളിൽ ഇത്തരം നിർമ്മിതികൾ കുറവായിരിക്കും. ഈറ്റയും ഈറ്റയുടെ ഇലയും തടിയും ഉപയോഗിച്ചാണ് ബാക്കി ഭാഗങ്ങളെല്ലാം നിർമ്മിച്ചിരിക്കുന്നത്. ഇതിൽ ഈറ്റ ഇല മാത്രം മൂന്നുവർഷം കൂടുമ്പോൾ മാറ്റി വിരിക്കണം. ഇത്തരത്തിൽ പത്തോളം ഹട്ടുകൾ സഞ്ചാരികൾക്ക് വിശ്രമിക്കാനായി ഇവർ തന്നെ നിർമ്മിച്ചിട്ടുണ്ട്.

പ്രകൃതിയോട് ചേർന്ന് നിൽക്കുമ്പോൾ ലഭിക്കുന്ന സംരക്ഷണമാണ് അതിരപ്പിള്ളിയെന്ന് സഹജനും കൂട്ടരും പറയുന്നു. തൃശൂർ ജില്ലയിലെ അതിരപ്പിള്ളിയുടെ സൗന്ദര്യം കേട്ടറിഞ്ഞ് ലോകത്തിന്റെ പലകോണിൽ നിന്നും സഞ്ചാരികളുടെ ഒഴുക്കാണ് ഇവിടേയ്ക്ക്. കേരളത്തിന്‍റെ വിനോദ സഞ്ചാര ഭൂപടത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രമായ ഇവിടുത്തെ സംരക്ഷണത്തിനായുള്ള ഗാർഡുകൾക്ക് ഇരിക്കാനാണ് ഹട്ട് ക്രമീകരിച്ചരിക്കുന്നത്. കനത്ത വെയിലിലും മഴയിലുമെല്ലാം ഇവിടെ അവർ സുരക്ഷിതരായിരിക്കും. എന്തായാലും മഹാ പ്രളയത്തിൽ പോലും ഷെഡിന്റെ മുകളിൽ വരെ വെള്ളമെത്തിയെന്നല്ലാതെ ഉറപ്പിന് യാതൊരു തകരാറും സംഭവിച്ചിട്ടില്ല. മലയാളികള്‍ പലയാവര്‍ത്തി കണ്ട വിഡിയോ ദൃശ്യങ്ങളും ഈ ഉറപ്പിന് സാക്ഷ്യം പറയും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close