
നരിക്കുനി: കിണറ്റിൽനിന്നുള്ള നിലയ്ക്കാത്ത ശബ്ദം വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തുന്നു. വെള്ളം ഒലിച്ചിറങ്ങുന്ന ശബ്ദമാണ് കേൾക്കുന്നതെങ്കിലും കിണറ്റിലെ വെള്ളത്തിന് യാതൊരു ചലനവുമില്ല എന്നതാണ് നാട്ടുകാരെ ഭീതിയിലാക്കുന്നത്. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പുന്നശ്ശേരി വേലൻകണ്ടി മോഹനന്റെ തറവാട് വീട്ടിലെ കിണറിൽനിന്നാണ് തിങ്കളാഴ്ച രാവിലെ മുതൽ വെള്ളം ഒഴുകുന്ന ശബ്ദം കേൾക്കാൻ തുടങ്ങിയത്.
പശുവിന് വെള്ളം കൊടുക്കാൻ മോഹനന്റെ സഹോദരൻ എത്തിയപ്പോഴാണ് ശബ്ദം കേട്ടുതുടങ്ങിയത്. 18 കോൽ ആഴമുള്ള കിണറിലേക്ക് നോക്കിയപ്പോൾ ഒന്നും തന്നെ ശ്രദ്ധയിൽപെട്ടതുമില്ല. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എം. ഷാജിയും ഉദ്യോഗസ്ഥരും കിണർ സന്ദർശിച്ചു. ജിയോളജി വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ട്. പുന്നശ്ശേരി ഗ്രാമത്തിലെ അത്ഭുതക്കിണർ കാണാൻ പരിസര പ്രദേശത്തുനിന്ന് ജനം എത്തുകയാണ്.