KERALANEWS

വീണ്ടും ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാൻ തീരുമാനിച്ച് സർക്കാർ; ടെൻഡർ വിളിച്ചത് ഒന്‍പത് പേർക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററിന്

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വീണ്ടും ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാൻ തീരുമാനിച്ച് സർക്കാർ. ഇതിനായി ടെൻഡർ വിളിച്ചു. ഒന്‍പത് പേർക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററിനാണ് ടെൻഡർ. നിലവിൽ ഹെലികോപ്റ്റർ വാടകക്ക് നൽകിയ കമ്പനിയുമായുള്ള കരാർ ഏപ്രിലിൽ അവസാനിച്ചിരുന്നു.

22 കോടി രൂപ വാടകയിനത്തിൽ ചിലവാക്കിയെന്ന ആക്ഷേപം നിലനിൽക്കുമ്പോഴാണ് ഹെലികോപ്റ്ററുമായി മുന്നോട്ട് പോകാനുള്ള സർക്കാർ തീരുമാനം. മാവോയിസ്റ്റ് ഭീഷണിയെ നേരിടാനും പ്രകൃതി ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനങ്ങള്‍ക്കുമെന്ന പേരിലാണ് ഒരു വർ‍ഷം മുമ്പ് ഹെലികോപ്റ്റർ വാടകക്കെടുത്തത്. പോലീസിന്റെ ഫണ്ടിൽ നിന്നാണ് പണം നൽകിയിരുന്നത്. ടെൻഡറും മാനദണ്ഡങ്ങളുമെല്ലാം കാറ്റിൽപ്പറത്തി പവൻ ഹൻസ് എന്ന കമ്പനിക്ക് ഹെലികോപ്റ്റർ പറത്താൻ അനുമതി നൽകിയത് വൻ വിവാദമായിരുന്നു. പൈലറ്റ് അടക്കം മൂന്ന് ജീവനക്കാരുമായിട്ടാണ് 11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത്.

20 മണിക്കൂ‍ർ പറത്താൻ ഒരു കോടി 44 ലക്ഷം രൂപയും അതിൽ കൂടുതൽ പറത്താൻ മണിക്കൂറിന് 67,000 രൂപയുമായിരുന്നു കരാർ. രാജ്യ സുരക്ഷയെ ബാധിക്കുന്നത് കൊണ്ടാണ് ടെൻഡർ നടപടികള്‍ ഒഴിവാക്കി പൊതുമേഖല സ്ഥാപനത്തിന് നൽകിയതെന്നായിരുന്നു സർക്കാർ വാദം. ഇതിന്റെ പകുതി വാടകക്ക് ഹെലികോപ്പ്റ്റർ പറത്താമെന്ന വാഗ്ദാനവുമായി നിരവധി കമ്പനികള്‍ സർക്കാരിനെ സമീപിച്ചുവെങ്കിലും തള്ളിയിരുന്നു. 2020 ഏപ്രിൽ മുതൽ ഈ വർഷം ഏപ്രിൽ വരെയായിരുന്നു പവൻ ഹൻസിനുള്ള കരാ‍ർ. മാവോയിസ്റ്റ് ഭീഷണി നേരിടാനായുള്ള പരിശീലനത്തിന് ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്റർ പറന്നുവെങ്കിലും പരാജയപ്പെട്ടു. പെട്ടിമുടിയിൽ ഉള്‍പ്പെടെ പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോഴും ഹെലികോപ്പ്റ്റർ ഉപയോഗിക്കാനായില്ല.

അവയവങ്ങൾ അടിയന്തിരമായി എത്തിക്കാനും മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥർക്കും പറക്കാനും മാത്രമാണ് ഹെലികോപ്റ്റർ ഉപയോഗിച്ചത്. 22 കോടി രൂപ പോലീസ് ഫണ്ടിൽ നിന്ന് പോയതിൽ ആക്ഷേപം ഉയർന്നപ്പോൾ ഡിജിപി നിലപാട് മാറ്റി. ഇനി ഹെലികോപ്റ്റർ വാടകക്കെടുക്കണമെങ്കിൽ ടെൻഡർ വഴി വേണമെന്നും അതാണ് സർക്കാറിന് ലാഭമെന്നും കാണിച്ച് ഡിജിപി ജനുവരി മാസത്തിൽ സർക്കാരിന് കത്ത് നൽകുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close