NEWSWORLD

തായ്‌വാന് വേണ്ടി രംഗത്ത് ഇറങ്ങും; തായ്‌വാനെ സംരക്ഷിക്കാന്‍ അമേരിക്ക പ്രതിബദ്ധരാണ്; ചൈന-തായ്‌വാൻ പ്രശ്‌നത്തിൽ നിലപാട് വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍

ബാൽട്ടിമോർ: ചൈന-തായ്‌വാൻ പ്രശ്‌നത്തിൽ അമേരിക്ക ഇടപെടും. ചൈനയ്‌ക്കെതിരായ തായ്‌വാന്റെ പ്രതിരോധത്തിൽ അമേരിക്ക രംഗത്തിറങ്ങുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. സി.എൻ.എൻ ഹാളിൽ നടന്ന പരിപാടിയിലാണ് തായ്‌വാൻ വിഷയത്തിൽ യു.എസ് പ്രസിഡന്റ് പ്രതികരിച്ചത്. തായ്‌വാനെ സംരക്ഷിക്കാനായി അമേരിക്ക രംഗത്തിറങ്ങുമോ എന്ന ചോദ്യത്തിന് ഇറങ്ങും എന്നാണ് ബൈഡൻ നൽകിയ മറുപടി.

തായ്വാനെതിരെ ചൈനയുടെ കടന്ന് കയറ്റത്തിലും പ്രകോപനത്തിലും അമേരിക്ക ആശങ്ക അറിയിക്കുകയും തായ്വാന് പിന്തുണ നൽകുകയും ചെയ്തിരുന്നുവെങ്കിലും തായ്‌വാനെ സംരക്ഷിക്കുമെന്ന് ഇപ്പോൾ ശക്തമായി തുറന്ന് പറഞ്ഞിരിക്കുകയാണ് അമേരിക്ക. ബീജിങിൽ നിന്ന് സൈനികവും രാഷ്ട്രീയവുമായ സമ്മർദം നേരിടുന്ന തായ്‌വാനെ സംരക്ഷിക്കാൻ അമേരിക്ക പ്രതിബദ്ധതരാണെന്നാണ് ബൈഡൻ വ്യക്തമാക്കിയത്. തായ്‌വാൻ വിഷയത്തിൽ അമേരിക്കയുടെ നിലപാടുകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് വൈറ്റ്ഹൗസ് പ്രതിനിധിയും പറഞ്ഞു.

തായ്‌വാൻ വിഷയത്തിൽ അമേരിക്ക വർഷങ്ങളായി ഇടപെടാറുണ്ട്. സൈനികവും രാഷ്ട്രീയവുമായ സഹായം അമേരിക്ക തായ്വാന് നൽകിയിരുന്നുവെങ്കിലും ചൈന-തായ്‌വാൻ വിഷയത്തിൽ ശക്തമായ ഒരു പ്രഖ്യാപനവും അമേരിക്ക നടത്തിയിരുന്നില്ല. എന്നാൽ അതിനെ മറികടന്നാണ് പ്രസിഡന്റ് ജോ ബൈഡൻ പരസ്യ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തായ്‌വാന്റെ സ്വയം പ്രതിരോധത്തെ പിന്തുണയ്ക്കുന്നത് ഞങ്ങൾ തുടരുമെന്നും ദ്വീപിന്റെ നിലവിലെ സാഹചര്യങ്ങളിൽ ഏകപക്ഷീയമായി മാറ്റം കൊണ്ടുവരാൻ ശ്രമിച്ചാൽ അതിനെ എതിർക്കുമെന്നും വൈറ്റ്ഹൗസ് വക്താവ് വ്യക്തമാക്കി.

ജോ ബൈഡന്റെ പരസ്യ പ്രസ്താവനയിൽ പ്രതിഷേധവുമായി ചൈനയും രംഗത്തെത്തി. തായ്‌വാൻ വിഷയത്തിൽ അമേരിക്ക ശ്രദ്ധിച്ച് പ്രസ്താവനകൾ നടത്തണമെന്നും ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത് അമേരിക്ക-ചൈന ബന്ധത്തെയും തായ്‌വാൻ കടലിടുക്കിലെ സമാധാനത്തെയും ബാധിക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ പ്രതികരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close