KERALANEWSTrending

കെ-റെയിലിൽ രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്കു പുറമെ കവിത യുദ്ധവും; റഫീഖ് അഹമ്മദിൽ തുടങ്ങിയ പോര് അവസാനിക്കുന്നില്ല; കവിതക്ക് മറുകവിത എന്ന നിലയിൽ കവിതകൾ പിറന്നുകൊണ്ടേയിരിക്കുന്നു

കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്കു പുറമെ നടക്കുന്നത് കവിത യുദ്ധമാണ്. പദ്ധതിയെ വിമർശിച്ച് റഫീഖ് അഹമ്മദ് എഴുതുയ കവിതയെ എതിർത്തും അനുകൂലിച്ചും നിരവധി കവിതകളാണ് സമൂഹമാധ്യമങ്ങളിൽ പിറവിയെടുക്കുന്നത്. എന്നാൽ എങ്ങനെ ഒരു കവിത എഴുതിയതിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട റഫീഖ് അഹമ്മദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കവിതകൾ ജനിച്ചു.

കെ-റെയിൽ പദ്ധതി നടപ്പാക്കുമ്പോഴുള്ള പരിസ്ഥിതി നാശവും വികസനത്തിൻറെ പേരിൽ അരികുവത്കരിക്കപ്പെട്ടവരുടെ ആശങ്കകളും ഉള്ളടക്കമാക്കിയായിരുന്നു റഫീഖ് അഹമ്മദ് കവിത തയ്യാറാക്കിയത്. ‘എങ്ങോട്ടു പോകുന്നു ഹേ ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ’ എന്ന് തുടങ്ങുന്ന കവിത സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. തുടർന്നാണ് മറ്റു കവിതകൾ പിറവി കൊണ്ടത്.

റഫീഖ് അഹമ്മദിന്റെ കവിത:

ഹേ…കേ…

എങ്ങോട്ടു പോകുന്നു ഹേ

ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..

തണ്ണീർത്തടങ്ങളെ പിന്നിട്ട്

തെങ്ങിൻ നിരകളെപ്പിന്നിട്ട്

കണ്ടലും കാവും, കുളങ്ങളും പിന്നിട്ട്

സഹ്യനെക്കുത്തി മറിച്ചിട്ട്

പമ്പയെപ്പേരാറിനെ വഴിമുട്ടിച്ച്

പൊട്ടിത്തെറിക്കാതിരിക്കാൻ ശ്രമിക്കുന്ന

മുല്ലപ്പെരിയാർ ജലബോംബ് പിന്നിട്ട്

ദുർഗന്ധമാലിന്യ കേദാരമായ്ത്തീർന്ന

നല്ല നഗരത്തെരുവുകൾ പിന്നിട്ട്,

ശ്വാസത്തിനായിപ്പിടയും ഭയാകുല –

മാശുപത്രി കെട്ടിടങ്ങളെ പിന്നിട്ട്,

ക്രുദ്ധ വികസനോൽക്കർഷം കിടപ്പിടം

നഷ്ടപ്പെടുത്തിയ മൂലകൾ പിന്നിട്ട്

കുട്ടികൾ നിത്യം മരിയ്ക്കും

വനവാസിയൂരുകൾ തൻ ശപ്ത നേത്രങ്ങൾ പിന്നിട്ട്

മൂത്രമൊഴിക്കുവാൻ മുട്ടും വഴിയോര കാത്തിരിപ്പിൻ കൊച്ചു കേന്ദ്രങ്ങൾ പിന്നിട്ട്,

തീവ്രദാരിദ്ര്യക്കണക്കു കൂട്ടും സർവേ

ക്കല്ലുകൾ, പദ്ധതിക്കല്ലുകൾ പിന്നിട്ട്,

എങ്ങോട്ടു പായുന്നു ഹേ

ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..

എന്തെടുക്കാ, നെന്തു കൊണ്ടുപോരാൻ

ഹേ ..

കേ ..?

എന്നാൽ ഈ കവിതെക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക സൈബർ ആക്രമണവുമുണ്ടായി. സി.പി.എം അനുഭാവികളുടെയും കെ-റെയിൽ അനുകൂലികളുടെയും ആക്രമണം രൂക്ഷമായതോടെ ഇവർക്ക് മറുപടിയുമായി കവി തന്നെ മുന്നോട്ട് വരുകയും ചെയിതു.

തെറിയാൽ തടുക്കുവാൻ കഴിയില്ല തറയുന്ന

മുനയുള്ള ചോദ്യങ്ങ,ളറിയാത്തകൂട്ടരേ

കുരു പൊട്ടി നിൽക്കുന്ന നിങ്ങളോടുള്ളതു

കരുണ മാത്രം, വെറുപ്പില്ലൊരശേഷവും. -എന്ന നാലുവരിയിലൂടെ റഫീഖ് അഹമ്മദ് തന്ടെ മറുപടി വിളിച്ചു പറഞ്ഞു.

സാറാ ജോസഫ്, സച്ചിതാനന്ദൻ, സുനിൽ പി. ഇളയിടം തുടങ്ങി നിരവധി പേർ റഫീഖ് അഹമ്മദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തി. താനും കെ-റെയിലിന് എതിരാണെന്നും ഇക്കാര്യത്തിൽ റഫീഖ് അഹമ്മദ് ഒറ്റക്കല്ലെന്നും സാറാ ജോസഫ് സമൂഹമാധ്യമത്തിൽ കുറിച്ചു. ‘കെ. റെയിലിനെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളും സംശയങ്ങളും ഉന്നയിച്ചതിൻറെ പേരിൽ കവി റഫീഖ് അഹമ്മദിനെതിരെ നടന്ന കടന്നാക്രമണം ജനാധിപത്യപരമായ സംവാദരീതിയോടുള്ള വെല്ലുവിളിയാണ്. ഇടതുപക്ഷ പ്രവർത്തകർ ഒരു നിലയ്ക്കും ഈ വഴി പിൻതുടർന്നു കൂടാ.’ -എന്നാണ് ഇടത് സഹയാത്രികൻ സുനിൽ പി. ഇളയിടം എഴുതിയത്.

റഫീഖ് അഹമ്മദിന് ഐക്യദാർഢ്യ കവിതയുമായി കവി വീരാൻ കുട്ടി രംഗത്തെത്തി.

കവിതയല്ല

കൂകൂ കൂ കൂ തീവണ്ടി…

വടക്കുള്ള കൂട്ടരെ മാത്രമല്ല -ഭാവി

കേരളത്തെയാകമാനം തെക്കോട്ടെടുക്കുവാനല്ലോ പണിയുന്നു നമ്മളതിവേഗപാത.

പാത പണിത കടം വീട്ടുവാൻ കുത്തു-

പാളയെടുക്കുന്ന കാലം

നാടിനു ചെന്നു തല വെയ്ക്കുവാൻ

വേറെ-

യേതാണു നമ്മൾക്ക് പാത ?

സഹ്യനെ കുത്തിത്തുരന്ന്, പുഴകളെ

കൊന്നു കുതിച്ചു പായുമ്പോൾ

കീഴിലമർന്നരയുന്ന നിലവിളി

കേൾക്കാത്തതാമുയരത്തിൽ

ചിക്ക് പുക്ക് ചിക്ക് പുക്ക് പാടിപ്പറക്കുവാൻ

പോരൂ കവികളേ കൂടെ!

ചൂളം വിളിച്ചു പറക്കട്ടെ നമ്മുടെ

വിപ്ലവ വികസന ഗാഥ!

(റഫീഖ് അഹമ്മദിന്)

റഫീഖ് അഹമ്മദിൻറെ കവിതക്ക് മുരുകൻ കാട്ടാക്കടയിലൂടെയാണ് സി.പി.എം മറുപടി നൽകിയത്. സിൽവർലൈൻ എന്ന തലക്കെട്ടിൽ തന്നെയായിരുന്നു കവിത.

സിൽവർലൈൻ

“കെ റെയ്ല് വേണ്ട.”

അല്ല, നാലു മണിക്കൂറുകൊണ്ട് കാൻസർ രോഗിയ്ക്ക് കാസറഗോട്ട് നിന്ന് RCC യിലെത്താം.

“ന്നാലും കെ റെയ്ല് വേണ്ട.”

അല്ല റെയിൽവെ ട്രാക്കിൻ്റെ പകുതി പരിസ്ഥിതി ആഘാതമെ

കെ ട്രാക്കിനുള്ളത്രെ!

“ന്നാലും കെ റെയ്ല് വേണ്ട.”

കേടാകാതെ വേഗം എത്തുമ്പോൾ പച്ചക്കറി, പഴം വില കുറയുമത്രെ!

“ന്നാലും വേണ്ട.”

കാർബൺ ന്യൂട്രൽ.. പെട്രോൾ ഡീസൽ ഉപയോഗക്കുറവ്….

“ന്നാലും വേണ്ട.”

ഹാ വിശേഷം ചോദിക്കാൻ മറന്നു ,എങ്ങനെ ഉണ്ടായിരുന്നു കവീ സിംഗപൂർ യാത്ര?

“എൻറ്റിഷ്ടാ, മിനിറ്റിനുള്ളിൽ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തെത്താം, സ്വർഗ്ഗം സ്വർഗ്ഗം തന്നെ. നമ്മള് കണ്ടു പഠിയ്ക്കണം”.

കെ-റെയിലിനെ പിന്തുണച്ച് കവി എസ്. ജോസഫും രംഗത്തെത്തി. കവിതയെഴുതിയില്ലെങ്കിലും കെ-റെയിലിനെ അനുകൂലിച്ചുള്ള തൻറെ നിലപാടാണ് എസ്. ജോസഫ് വ്യക്തമാക്കിയത്.

എസ്. ജോസഫ് എഴുതിയ കുറിപ്പ്:

മെട്രോ ട്രെയിൻ, കെ.റെയിൽ എന്നീ മോഡേണൈസേഷൻസ് നല്ലതാണ് എന്നാണ് എന്റെ വിനീതമായ അഭിപ്രായം . കേരളം മൊത്തം ആധുനീകരിക്കണം. വൃത്തിയാക്കണം. പരിസ്ഥിതി കവിതയെഴുതാൻ വേണ്ടി ആധുനീകരണത്തെ ഒഴിവാക്കേണ്ടതില്ല. പരിസ്ഥിതി വളരെ ശ്രദ്ധിക്കുകയും വേണം. ജാതിവ്യവസ്ഥയും മറ്റു പഴഞ്ചൻ സാധനങ്ങളും തൂത്തെറിയണം. മാസ്ക് താടിക്കല്ല ധരിക്കേണ്ടത്.

കവി ഒ.പി. സുരേഷിൻറെ കെ-റെയിൽ അനുകൂല കവിതയാണ് ഇക്കൂട്ടത്തിൽ ഏറ്റവുമൊടുവിൽ. മന്ത്രി ആർ. ബിന്ദു ഇത് പങ്കുവെച്ചിരുന്നു.

എത്ര വേഗത്തിൽ

(ഒ.പി. സുരേഷ്)

എത്തിയേടത്തിരുന്നിരുന്നെങ്കിൽ

എത്ര വേഗത്തിലസ്‌തമിച്ചേനെ നാം.

തൊട്ടടുത്തതാം ലക്ഷ്യത്തിലേക്കഴ-

ലൊട്ടുമില്ലാതെ പായുന്ന ജീവിതം

കെട്ടിയുണ്ടാക്കി ലോകത്തെ,ഭാവിയെ

കെട്ടുകാഴ്ചയല്ലിന്നിൻ ചരിത്രം.

ഉള്ളതിൽ നിന്നില്ലാത്തതിലേക്ക്,

പിന്നതിൽ നിന്നറിയാത്തതിലേക്ക് ,

എത്രയേറെ ചുവടുകൾ വെക്കിലും

പിന്നെയും മുള പൊട്ടുന്ന ദൂരങ്ങൾ….

കേ റയിൽ വരും വേറെയും വരും

ഭൂമിക്കടിയിലൂടൊഴുകുന്ന നഗരങ്ങൾ,

ആകാശ മധ്യത്തിൽ ഉദ്യാന ഭംഗികൾ,

ഭാവിതൻ ഭാവന കോറിടും ചിത്രങ്ങൾ…..

കവികളേ, നിങ്ങൾ വരച്ചിട്ട സ്വപ്നങ്ങൾ

കരഗതമാക്കാൻ പ്രയത്നിക്കയാണിവർ.

നിർത്താതെ നിത്യം ചലിക്കുമീ ലോകത്തെ

നിർദ്ദയം നിർത്താനെളുതല്ല നിർണ്ണയം.

എത്തിയേടത്തിരുന്നിരുന്നെങ്കിൽ

എത്ര വേഗത്തിലസ്‌തമിച്ചേനെ നാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close