KERALANEWSTop News

നീണ്ട ഇടവേളയ്ക്ക് ശേഷം തീയേറ്ററുകൾ ഇന്ന് തുറക്കും; മറ്റന്നാൾ മുതൽ സിനിമ പ്രദർശനം ആരംഭിക്കും; ആദ്യമെത്തുക അന്യഭാഷാ ചിത്രങ്ങൾ

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ കടന്നു വരവിനിടയിൽപ്പെട്ട് അമർന്നുപോയ ഒന്നാണ് തീയേറ്ററുകൾ. ഇപ്പോഴിതാ ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് തിയേറ്ററുകൾ തുറക്കും. ഇന്ന് തുറക്കുമെങ്കിലും മറ്റന്നാൾ മുതലേ സിനിമകൾ പ്രദർശിപ്പിക്കാൻ തുടങ്ങൂ. ഇന്നും നാളെയുമായി തിയേറ്റർ അണുവിമുക്തമാക്കും. ഇതിനകം ജീവനക്കാർക്കുള്ള വാക്‌സിനേഷനും പൂർത്തിയാക്കും. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കു മാത്രമേ തിയേറ്ററിൽ പ്രവേശനമുണ്ടാകൂ. 50 ശതമാനം സീറ്റുകളിലെ കാണികളെ അനുവദിക്കൂവെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു ഇടവേളയ്ക്ക് ശേഷം തീയേറ്ററുകൾ തുറക്കുമ്പോൾ പ്രേക്ഷകരുടെ മുന്നിലേക്ക് ആദ്യം എത്തുന്നത് ഒരുപിടി അന്യഭാഷാ ചിത്രങ്ങൾ ആയിരിക്കും. 29ആം തീയതി ജോജു ജോർജിന്റെ ചിത്രമായ സ്റ്റാറിൽ തുടങ്ങുന്ന മലയാളം റിലീസ് നവംബർ 12 ന് കുറുപ്പ് കൂടി എത്തുന്നതോടെ സജീവമാകും. നിലവിൽ ഒടിടി റിലീസിനായി തയ്യാറെടുക്കുന്ന മലയാള ചിത്രങ്ങൾ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ചർച്ചകൾ തുടരുകയാണ്.

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട കേരളത്തിലെ തീയേറ്ററുകൾ വീണ്ടും പ്രദർശനം തുടങ്ങുമ്പോൾ ഉദ്ഘാടന ചിത്രം ജെയിംസ് ബോണ്ടിന്‍റെ നോ ടൈം ടു ഡൈ ആണ്. മറ്റ് സംസ്ഥാനങ്ങളിൽ റിലീസ് ചെയ്ത വെനം 2, തമിഴ് ചിത്രം ഡോക്ടർ, എന്നിവ പിന്നാലെ എത്തും. ജോജു ജോർജ്ജ് – പൃഥ്വിരാജ് ചിത്രം സ്റ്റാർ ആണ് റിലീസിനെത്തുന്ന ആദ്യ മലയാള സിനിമ. നവംബർ ആദ്യവാരം രജനികാന്തിന്‍റെ അണ്ണാത്തെ, അക്ഷയ് കുമാറിന്‍റെ സൂര്യവംശി എന്നിവരും തിയേറ്റർ കാണും.

ആകാംക്ഷയോടെ കാത്തിരിക്കുന്ന കുറുപ്പ് നവംബർ 12ന് എത്തുന്നതോടെ തിയറ്ററുകളിലെ ആഘോഷം തിരിച്ചെത്തുമെന്നാണ് നിർമ്മാതാക്കളുടെ പ്രതീക്ഷ. നവംബർ 19ന് ആസിഫലിയുടെ എല്ലാം ശരിയാകും റിലീസ് ചെയ്യും. 25നാണ് സുരേഷ് ഗോപി ചിത്രം കാവലിന്‍റെ റിലീസ്. ജിബൂട്ടി, അജഗജാനന്തരം തുടങ്ങി ചെറുതും വലുതുമായ നിരവധി ചിത്രങ്ങളെത്തുന്നതോടെ ക്രിസ്മസ് റിലീസോടെ തിയറ്ററുകൾ ഉണരും.

പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി മാസങ്ങളായിട്ടും മോഹൻലാലിന്‍റെ ബിഗ് ബജറ്റ് ചിത്രം മരക്കാർ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ഒടിടിയിലേക്ക് ഇല്ലെങ്കിലും തിയറ്ററുകളിലെ 50ശതമാനം സീറ്റിംഗ് നിയന്ത്രണമാണ് റിലീസ് പ്രഖ്യാപനം വൈകിപ്പിക്കുന്നത്.

തിയേറ്റർ അടഞ്ഞു കിടന്ന സമയത്തെ കെട്ടിട നികുതി ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതില്‍ അനുകൂല തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും ഉടമകള്‍ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ 50 ശതമാനം മാത്രമാണ് തിയേറ്റര്‍ പ്രവേശനം ഇത് മാറ്റണമെന്ന ആവശ്യം ഉടമകള്‍ ഉന്നയിച്ചിട്ടുണ്ട്. നിലവില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുന്നുള്ളൂ. ഇതില്‍ മാറ്റം വരുത്തണമെന്നതും സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ട്. വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് 50 ശതമാനമായി കുറയ്ക്കുക, വിനോദ നികുതി ഒഴിവാക്കുക തുടങ്ങിയ പ്രധാനപ്പെട്ട ആവശ്യങ്ങളാണ് തിയറ്ററുടമകള്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചിരുന്നത്. ഇതില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന ഉറപ്പ് കിട്ടിയിട്ടുണ്ടെന്നും തിയേറ്റര്‍ ഉടമകള്‍ പറഞ്ഞു.

മരയ്ക്കാര്‍ ഒഴികെ സമീപകാലത്ത് നിര്‍മിക്കപ്പെട്ട മിക്ക ചിത്രങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണ്. ഒടിടി ഒരു താല്‍ക്കാലിക പ്രതിഭാസമാണ്. അതിലേക്ക് കൂടുതല്‍ സിനിമകള്‍ പോകില്ല. താല്‍ക്കാലിക പ്രതിസന്ധി മറികടക്കാന്‍ കുറച്ച് സിനിമികള്‍ ഒടിടിയില്‍ റിലീസ് ചെയ്തുവെന്നു മാത്രം. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ചിത്രങ്ങള്‍ തുടര്‍ച്ചയായി റിലീസ് ചെയ്യുന്നതിലെ ആശങ്ക നിര്‍മാതാക്കളോടും താരങ്ങളോടും പങ്കുവെച്ചിട്ടുണ്ടെന്നും തിയേറ്റര്‍ ഉടമകള്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close