Breaking NewsKERALANEWSTop News

മുല്ലപെരിയാർ ഡാം തുറക്കേണ്ട സാഹചര്യമില്ല; തമിഴ്‌നാടിനോട് കൂടുതൽ വെള്ളം കൊണ്ടുപോകാൻ ആവശ്യപ്പെട്ടു: ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ

തൊടുപുഴ: നിലവിൽ മുല്ലപെരിയാർ ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. തമിഴ്‌നാടിനോട് കൂടുതൽ വെള്ളം കൊണ്ടുപോകാൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സ്പിൽവേയിലെ ഒഴുക്ക് വർധിപ്പിക്കാനും നിർദ്ദേശം നൽകി. അഥവാ ഡാം തുറക്കേണ്ടി വന്നാൽ സ്ഥലത്തു നിന്നും ഒഴിപ്പിക്കേണ്ടവരുടെ ലിസ്റ്റ് എടുത്തുവെന്നും എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി ഉയർന്നിരുന്നു. തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജലനിരപ്പ് 136ൽ എത്തുമ്പോൾ മുതൽ നിയന്ത്രിത തോതിൽ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് നിയന്ത്രിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് തമിഴ്നാട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. 142 അടിയാണ് ഡാമിന് താങ്ങാവുന്ന പരമാവധി സംഭരണ ശേഷി. നിലവിൽ ഡാമിലേക്ക് 3025 ഘനയടി വെള്ളമാണ് ഓരോ സെക്കന്റിലും ഒഴുകി എത്തുന്നത്. തമിഴ്നാട് 2150 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്.

നിലവിലുള്ള പ്രോട്ടോകോൾ പ്രകാരം ജലനിരപ്പ് 136ൽ എത്തിയാൽ തമിഴ്നാട് കേരളത്തിന് ആദ്യ അറിയിപ്പ് നൽകും. 138ൽ രണ്ടാമത്തെ അറിയിപ്പും 140ൽ ആദ്യ മുന്നറിയിപ്പും 141ൽ രണ്ടാം മുന്നറിയിപ്പും നൽകും. ജലനിരപ്പ് 142 അടിയിലെത്തിയാൽ മാത്രമേ ഷട്ടറുകൾ തുറക്കാൻ സാധ്യതയുള്ളൂ.ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതോടെ ഇന്നലെ രണ്ട് ഷട്ടറുകൾ അടച്ചിരുന്നു. ഇപ്പോൾ ഒരു ഷട്ടറിലൂടെ സെക്കന്റിൽ നാൽപ്പതിനായിരം ലിറ്റർ വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close