INDIANEWSTop News

ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതുവരെ കാശ്മീരിൽ സമാധാനം ഉണ്ടാകില്ല; കാശ്മീരി പണ്ഡിറ്റുകളുടെ തിരിച്ചുവരവിന് സാഹചര്യം അനുയോജ്യമല്ല: മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള

ശ്രീനഗർ: ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതുവരെ കേന്ദ്രഭരണപ്രദേശത്ത് സമാധാനം സ്ഥാപിക്കാൻ കഴിയില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. മതത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ രാജ്യത്തെ വിഭജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രജൗരി ജില്ലയിലെ നൗഷേരയിൽ ഒരു സ്വകര്യ മാധ്യമത്തോടാണ് ഇക്കാര്യങ്ങൾ ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കിയത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആദ്യമായി ജമ്മുകശ്മീർ സന്ദർശിക്കുന്ന വേളയിലാണ് ഫാറൂഖ് അബ്ദുള്ളയുടെ പ്രതികരണം.

ഹിന്ദുക്കൾ മാത്രമല്ല, മുസ്ലീങ്ങൾ പോലും തീവ്രവാദികളാൽ കൊല്ലപ്പെട്ടിട്ടുണ്ടന്നും, താഴ്വരയിലെ അന്തരീക്ഷം കശ്മീരി പണ്ഡിറ്റുകളുടെ തിരിച്ചുവരവിന് അനുകൂലമല്ല എന്നും നാഷണൽ കോൺഫറൻസ് നേതാവ് പറഞ്ഞു. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതുവരെ കേന്ദ്രഭരണപ്രദേശത്ത് സമാധാനം സ്ഥാപിക്കാൻ സർക്കാരിന് കഴിയില്ലെന്ന് ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ഭീകരത ഇല്ലാതാക്കുമെന്ന് പറയുമായിരുന്നവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് താഴ്വരയിലെ സമീപകാല സംഭവങ്ങൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കി. ഇത് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുകയും ചെയ്തു. കാശ്മീരിൽ കല്ലേറുണ്ടായതിന് 900 ഓളം പേരെ കസ്റ്റഡിയിലെടുത്തതിനെയും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രികൂടിയായ ഫാറൂഖ് അബ്ദുള്ള എതിർത്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മൂന്ന് ദിവസത്തെ താഴ്‌വര സന്ദർശനത്തിനിടെ അമിത് ഷാ തന്നെ കാണാൻ ആഗ്രഹിച്ചുവെന്നും എന്നാൽ താൻ വിസ്സമ്മതിച്ചുവെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close