രാത്രിയുടെ മൂന്നാം യാമത്തിൽ നട തുറക്കും; നിഴൽ അളവുകൾ എങ്കിലും സമയനിഷ്ടയിൽ തെല്ലും വിട്ടുവീഴ്ച്ചയില്ല; മേട വിഷുവിന് ഉത്സവത്തിന് കൊടിയേറുന്ന തിരുവാർപ്പ് ശ്രീ കൃഷ്ണ ക്ഷേത്രത്തിന് മറ്റെങ്ങുമില്ലാത്ത പ്രത്യേകതകൾ അനവധി

കോട്ടയം: ഘടികാര സമയങ്ങളില്ലാതെ, നിഴൽ അളവുകളിൽ പൂജ നടക്കുന്ന ദേവസ്ഥാനം. എന്ത് വന്നാലും സമയ നിഷ്ഠ പാലിക്കാൻ വേണ്ടിവന്നാൽ ശ്രീകോവിൽ നട വെട്ടിത്തുറക്കാൻ പോലും ദേവൻ അനുവാദം നൽകിയിട്ടുള്ള ക്ഷേത്രം. രാത്രിയുടെ മൂന്നാം യാമത്തിൽ നടതുറക്കുന്ന പുണ്യസ്ഥലം. കോട്ടയം ജില്ലയിലെ തിരുവാർപ്പ് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം രാജ്യത്തെ തന്നെ മറ്റ് ക്ഷേത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ്. മേട വിഷുവിനോട് അനുബന്ധിച്ചാണ് ഇവിടെ ഉത്സവം നടക്കുന്നത്.
മേട വിഷുവിനോടു ചേർന്നു വരുന്ന പത്തുദിവസങ്ങളിലാണ് തിരുവാർപ്പ് ക്ഷേത്രത്തിലെ ഉത്സവം. ‘കൊടി കയറ്റി കണി കാണുക’ എന്നതാണു തിരുവാർപ്പ് ക്ഷേത്രത്തിലെ സമ്പ്രദായം. അതുകൊണ്ടുതന്നെ മറ്റിടങ്ങളിൽ കണി കാണുന്ന സമയത്തല്ല തിരുവാർപ്പിലെ കണി. വിഷുവിന് ഒരു ദിവസം മുൻപോ ശേഷമോ ആയിരിക്കും ചിലപ്പോൾ ഇവിടെ കണിയൊരുക്കുന്നത്.
നിഴൽ അളവുകളിൽ പൂജ നടക്കുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവാർപ്പ്. ഘടികാര സമയങ്ങളില്ല. നക്ഷത്രങ്ങളുടെ ജ്വലനസ്ഥാനവും സൂര്യന്റെ സഞ്ചാരപഥങ്ങളും നോക്കിയാണ് തിരുവാർപ്പിലെ പൂജാസമയം നിശ്ചയിക്കുന്നത്. ഈ രീതിക്ക് ഇന്നും വലിയ വ്യത്യാസങ്ങളില്ല. പടിഞ്ഞാറ് ദർശനമുള്ള ശ്രീകോവിലിന്റെ പിറകു വശത്ത് ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്ന ആനയുടെ ബിംബമുണ്ട്. അതിനു മുകളിൽ വീഴുന്ന നിഴലിെന അടിസ്ഥാനപ്പെടുത്തിയാണ് പന്തീരടി പൂജ. ശ്രീകോവിലിന്റെ പിന്നിലുള്ള വരയിൽ നിഴൽ വീഴുമ്പോൾ ഉച്ചപൂജ. തുടർന്ന് ഉച്ചശീവേലിയോടു കൂടി നട അടയ്ക്കുന്നു. രാത്രിയുടെ മൂന്നാം യാമത്തിലാണ് (പുലർച്ചെ രണ്ടു മണി) നിർമാല്യത്തിനായി ശ്രീകോവിൽ നട തുറക്കുന്നത്. ഭാരതത്തിൽ ആദ്യം നട തുറക്കുന്ന ക്ഷേത്രവും ഇതു തന്നെ.
കംസവധം കഴിഞ്ഞ കൗമാരഭാവത്തിലാണ് തിരുവാർപ്പ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. പന്ത്രണ്ടു പ്രാവശ്യം ശംഖു വിളിച്ചു ഭഗവാനെ പള്ളിയുണർത്തണം എന്നാണു കണക്ക്. അതിനുശേഷം കീഴ്ശാന്തി തിടപ്പള്ളിയിലേക്കു കയറും. ഉഷനിവേദ്യം ഒരുക്കാൻ. നട തുറന്നാൽ നിർമാല്യവും അഭിഷേകവുമൊന്നും അധികം നീളില്ല. നീരാളിപൂജ കഴിഞ്ഞു തല മാത്രമേ തോർത്തു. ഉടൽ േതാർത്തുന്നതിനു മുൻപേ ഉഷപ്പായസം ശ്രീകോവിലിനുള്ളിൽ നേദിക്കും.
സമയ നിഷ്ഠയിൽ വിട്ടുവീഴ്ച്ചയില്ല
സമയനിഷ്ഠയുടെ കാര്യത്തിൽ ഇത്ര കണിശത സൂക്ഷിക്കുന്ന മറ്റൊരു ക്ഷേത്രമില്ല. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ സൂക്ഷിക്കുന്ന മഴു തന്നെയാണ് ഇതിന് ഉദാഹരണം. ഏതെങ്കിലും കാരണവശാൽ ശ്രീകോവിൽ നട തുറക്കാൻ കഴിയാതെ വന്നാൽ വാതിൽ വെട്ടിപ്പൊളിച്ച് പൂജയും നേദ്യവും നടത്താൻ വരെ ദേവന്റെ അനുവാദമുണ്ടെന്നതിന്റെ പ്രതീകമാണ് മഴു. ഒരിക്കൽ തിരുവിതാംകൂർ മഹാരാജാവ് തിരുവാർപ്പ് ക്ഷേത്രദർശനത്തിനെത്തി. പരിവാരസമേതമുള്ള എഴുന്നള്ളത്തായിരുന്നെങ്കിലും എത്തിയപ്പോഴേക്കും ക്ഷേത്ര നട അടച്ചിരുന്നു. രാജാവിനുവേണ്ടി വീണ്ടും നട തുറക്കാൻ മേൽശാന്തി തയാറായില്ല. ക്ഷേത്രത്തിന്റെ ആചാരങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യാൻ തനിക്കാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. മേൽശാന്തിയുടെ തല തെറിച്ചു എന്നു തന്നെ ജനങ്ങൾ കരുതി. എന്നാൽ രാജാവ് മേൽശാന്തിയെ വിളിച്ച് ഒരു സ്വർ ണമോതിരം സമ്മാനമായി നൽകിയെന്നാണ് കഥ.
ഐതീഹ്യം ഇങ്ങനെ..
ഒൻപതാം നൂറ്റാണ്ടിലാണ് ക്ഷേത്രനിർമാണം നടന്നതെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. വനവാസകാലത്ത് പാണ്ഡവർ പൂജിച്ചിരുന്ന ശ്രീകൃഷ്ണവിഗ്രഹമാണ് തിരുവാർപ്പിലേതെന്ന് ഐതിഹ്യം. തോൾവിരിവുള്ള ചതുർബാ ഹുവായ ഇവിടുത്തെ ശ്രീകൃഷ്ണ പ്രതിഷ്ഠ ഉത്തരേന്ത്യൻ ശിൽപശൈലിയിലുള്ളതാണെന്നും പറയപ്പെടുന്നു. അതിനു പിന്നിലും ചില ഐതിഹ്യങ്ങളുണ്ട്. മുഹമ്മയ്ക്ക് അ ടുത്തുള്ള ചാരമംഗലത്ത് ഒരു നമ്പൂതിരി കുടുംബത്തിലേക്ക് വിഗ്രഹം എത്തിപ്പെട്ടു. ദാരിദ്ര്യത്തിലായിരുന്ന ആ നമ്പൂതിരി നിത്യപൂജയ്ക്കു വകയില്ലാതെ വന്നപ്പോൾ വിഗ്രഹം വാർപ്പി ൽ വച്ച് വേമ്പനാട്ടു കായലിലൂെട ഒഴുക്കി വിട്ടു. പിന്നീട് അദ്ദേഹം ഇല്ലം തീവച്ച് ആത്മഹത്യ ചെയ്തുവത്രേ.
കായലിലൂടെ വാർപ്പിൽ ഒഴുകി നടന്ന വിഗ്രഹം തിരുവാർപ്പിൽ എത്തിയപ്പോൾ ചെളിയിൽ അടിഞ്ഞു. ദിവ്യനായ ഒരു സ്വാമിയാർ അതുവഴി സഞ്ചരിക്കവേ വള്ളമൂന്നിയിരുന്ന കഴുക്കോൽ വാർപ്പിൽ തട്ടുകയും വിഗ്രഹമടക്കം വാർപ്പ് കണ്ടെടുക്കുകയും ചെയ്തു. വിഗ്രഹത്തെ വാർപ്പോടു കൂടി കരയിൽ എത്തിക്കാൻ ആമ്പൽ വള്ളികൾ മാറ്റി സഹായിച്ചത് സമീപവാസിയായ ഒരു കാരണവരാണ്. ‘ആമ്പലാറ്റിൽ’ എന്നാണ് ആ കുടുംബം പിന്നീട് അറിയപ്പെട്ടത്.
ഇന്ത്യയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളും ഗ്രഹണ സമയങ്ങളിൽ അടച്ചിടുമ്പോൾ തിരുവാർപ്പ് ക്ഷേത്രം മാത്രം തുറന്നിരിക്കും. ഗ്രഹണ സമയം പ്രധാനകവാടം അടച്ചിടും. ക്ഷേത്രത്തിന് ഉ ള്ളിൽ നിൽക്കുന്നവർക്ക് പുറത്തേക്കോ പുറത്തു നിൽക്കുന്നവർക്ക് അകത്തേക്കോ പ്രവേശനമില്ല.
മഹാത്മാഗാന്ധി ദർശനം നടത്തിയ കേരളത്തിലെ ക്ഷേത്രങ്ങളിൽ ഒന്നാണു തിരുവാർപ്പ്. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിരതിരുനാളിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം തിരുവാർപ്പ് ക്ഷേത്രം സന്ദർശിച്ചത്. വൈക്കത്തു നിന്നു കോട്ടയത്ത് എത്തിയ ഗാന്ധിജി തിരുവാർപ്പിന്റെ അതിർത്തി വരെ കാറിൽ സഞ്ചരിച്ചു. അവിടെ നിന്ന് രണ്ടു വള്ളങ്ങൾ കൂട്ടിക്കെട്ടിയ ചങ്ങാടത്തിൽ തിരുവാർപ്പ് ക്ഷേത്രത്തിലേക്ക്. ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന സമുദായക്കാരോടൊപ്പം ദർശനം നടത്തിയ ശേഷമാണ് ഗാന്ധിജി പ്രസംഗം ആരംഭിച്ചത്.