Breaking NewsKERALANEWSTop News

തോമസ് ചാഴിക്കാടൻ യുഡിഎഫ് എംപിയോ അതോ എൽഡിഎഫ് എംപിയോ; കേരള കോൺ​ഗ്രസ് എമ്മിന്റെ രാജ്യസഭാം​ഗം എൽഡിഎഫ് പ്രതിനിധിയും ലോക്സഭാം​ഗം യുഡിഎഫ് പ്രതിനിധിയും; ഇടത് നേതാക്കൾ പോലും അം​ഗീകരിക്കാത്ത കോട്ടയം എംപി രാജിവെക്കുമോ?

കോട്ടയം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി ജയിച്ചതിന് പിന്നാലെ ഇടത് മുന്നണിയിൽ അസ്വാരസ്യം. കേരള കോൺ​ഗ്രസ് എം നേതാവും കോട്ടയത്ത് നിന്നുള്ള എംപിയുമായ തോമസ് ചാഴിക്കാടൻ സജീവമാകാത്തതാണ് സിപിഎം – സിപിഐ കേന്ദ്രങ്ങളെ ചൊടിപ്പിക്കുന്നത്.
ഒരു പാർട്ടിക്ക് രണ്ട് എംപിമാർ. ഒരാൾ രാജ്യസഭയിലും മറ്റേയാൾ ലോക് സഭയിലും. ഇതിൽ രാജ്യസഭയിലെ അം​ഗം ഇടത് മുന്നണിയുടെ പ്രതിനിധിയും ലോക്സഭയിലെ അം​ഗം യുഡിഎഫ് പ്രതിനിധിയും. കേരള കോൺ​ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്.

ജോസ് കെ മാണി രാജിവെച്ച രീതിയിൽ തോമസ് ചാഴിക്കാടനും രാജിവെക്കണം എന്നാണ് ഇടത് മുന്നണി നേതാക്കൾ ആവശ്യപ്പെടുന്നത്. നിലവിൽ തോമസ് ചാഴിക്കാടൻ യുഡിഎഫ് എംപിയാണ് എന്ന നിലപാടാണ് സിപിഐക്ക്. സിപിഎമ്മിലേയും ഭൂരിപക്ഷം നേതാക്കളും ഇതേ അഭിപ്രായക്കാരാണ്. ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ധനമന്ത്രി കെ എൻ ബാല​ഗോപാൽ നിയമസഭയിൽ നടത്തിയ പ്രസം​ഗത്തിലും തോമസ് ചാഴിക്കാടനെ യുഡിഎഫ് എംപി എന്നാണ് വ്യക്തമാക്കിയിരുന്നത്.

സംസ്ഥാന സർക്കാർ ഇന്ധനികുതി കുറക്കണമെന്ന്​ ആവശ്യപ്പെട്ട്​ നിയമസഭയിൽ പ്രതിപക്ഷത്തിൻറെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുന്ന സമയത്തായിരുന്നു ബാല​ഗോപാൽ തോമസ് ചാഴിക്കാടനെയും യുഡിഎഫ് ക്യാമ്പിൽ കെട്ടിയത്. അന്ന് യുഡിഎഫ് എംഎൽഎമാർ സൈക്കിളിലായിരുന്നു നിയമസഭയിൽ എത്തിയത്. എന്നാൽ, ഇന്ധനവില വർധനവിന് സംസ്ഥാന സർക്കാരിന് എതിരെയല്ല, കേന്ദ്ര സർക്കാരിന് എതിരെയാണ് സമരം ചെയ്യേണ്ടതെന്ന് ബാല​ഗോപാൽ പറഞ്ഞു. പാർലമെൻറിലേക്ക്​ സൈക്കിളിൽ പോകാൻ യുഡിഎഫിന് 19 പേരുണ്ടല്ലോ ? അവർ എന്താണ്​ പോകാത്തതെന്നും ധനമന്ത്രി ചോദിച്ചു. അപ്പോഴും ചാഴിക്കാടൻ യുഡിഎഫ് എംപിയെന്ന സന്ദേശമാണ് നിയമസഭക്കകത്തും ധനമന്ത്രി നൽകിയത്.

ചാഴിക്കാടൻ എംപി സ്ഥാനം രാജിവെക്കണമെന്ന ആവശ്യം സിപിഎം – സിപിഐ നേതാക്കൾ ഉയർത്തുന്നുണ്ട്. കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ‌നടന്നാൽ നിലവിലെ സാഹചര്യത്തിൽ ഇടത് മുന്നണിക്ക് ജയിക്കാനാകും. അത് ദേശീയ രാഷ്ട്രീയത്തിൽ തന്നെ സിപിഎമ്മിനും ഇടത് ചേരിക്കും വലിയ പ്രതീക്ഷ നൽകുമെന്നാണ് സിപിഎം കരുതുന്നത്. എന്നാൽ, കയ്യിലിരിക്കുന്ന എംപി സ്ഥാനം കളയാൻ തോമസ് ചാഴിക്കാടനും കേരള കോൺ​ഗ്രസ് എമ്മും തയ്യാറല്ല. ഇതോടെ ചാഴിക്കാടന്റെ രാഷ്ട്രീയ നിലപാട് പരസ്യമാക്കണമെന്ന ആവശ്യം സിപിഎം – സിപിഐ നേതൃത്വം കേരള കോൺ​ഗ്രസ് എമ്മിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ അസാധുവായ ഒരു വോട്ട് സംബന്ധിച്ച് ചർച്ചകളും ചൂടുപിടിക്കുകയാണ്. കോട്ടയം ജില്ലയിലെ ഒരു മുതിർന്ന സിപിഎം നേതാവിന്റെ വോട്ടാണ് അസാധുവായതെന്ന തരത്തിലാണ് ചർച്ചകൾ. യുഡിഎഫിൽ നിന്നും എൽഡിഎഫിലേയ്ക്ക് വന്നപ്പോൾ രാജ്യസഭാ അംഗത്വം രാജിവച്ച ജോസ് കെ മാണിക്ക് നിയമസഭാ സീറ്റ് നൽകിയത് കൂടാതെ ഒഴിവ് വന്ന രാജ്യസഭാ സീറ്റും താലത്തിൽ വച്ചുനീട്ടിയതിൽ സിപിഎമ്മിനുള്ളിൽ തന്നെ അരിശമുണ്ട്. അതിന്റെ പ്രതിഫലനമാണ് ഇന്നലത്തെ തെരഞ്ഞെടുപ്പിൽ കണ്ടതെന്ന സംശയവും സജീവമാണ്.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ രഹസ്യ ബാലറ്റാണെങ്കിലും പാർട്ടിക്ക് വിപ്പ് നൽകാം. ബാലറ്റ് പേപ്പർ പോളിങ്‌ ഏജന്റിനെ കാണിച്ച ശേഷമാണ് ബാലറ്റ് പെട്ടിയിൽ ഇടുന്നത്. അതുകൊണ്ട്തന്നെ ആർക്കാണ് അബദ്ധം സംഭവിച്ചതെന്ന് സിപിഎം നേതൃത്വത്തിന് വ്യക്തമായി അറിയാം. കോട്ടയത്തെ രാഷ്ട്രീയത്തെ പേര് പുറത്തു വന്നാൽ സ്വാധീനം ചെലുത്തുമെന്നുള്ളതു കൊണ്ട് തന്നെ അബദ്ധം പറ്റിയ എംഎൽഎയുടെ പേര് പുറത്തു പറയില്ല. മാണി വികാരമുള്ള മണ്ഡലത്തിൽ നിന്ന് ജയിച്ച നേതാവിനാണ് അബദ്ധം പറ്റിയതെന്നാണ് സൂചന.

വോട്ടിങിന് ശേഷം വോട്ട് തെറ്റിച്ച കാര്യം മുതിർന്ന നേതാവ് ചില സഹപ്രവർത്തകരോട് പങ്ക് വച്ചിരുന്നുവെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാൽ ആ വോട്ട് അസാധുവായാലും ജോസിന് ജയിക്കാം. എന്നാൽ മുന്നണി തീരുമാനത്തിനെതിരെ വോട്ട് ചെയ്തത് ഗൗരവകരമായ അച്ചടക്കലംഘനമായാണ് സിപിഎം കണക്കാക്കുന്നത്. മാണി സി. കാപ്പന്റെ സിറ്റിങ് മണ്ഡലമായിരുന്ന പാല ജോസിന് നൽകാനുള്ള തീരുമാനത്തിലും ഈ നേതാവിന് വിരുദ്ധാഭിപ്രായമുണ്ടായിരുന്നു.

അസാധു വോട്ടിന്റെ പേരിൽ വോട്ടെണ്ണൽ വേളയിൽ കടുത്ത വാദപ്രതിവാദവുമുണ്ടായി. ബാലറ്റിൽ വോട്ടു ചെയ്യുന്നവരുടെ നേർക്ക് ‘1’ എന്നാണ് രേഖപ്പെടുത്തേണ്ടത്. എന്നാൽ ഒരു വോട്ടിൽ ‘1’ വ്യക്തമല്ലായിരുന്നു. ആദ്യം ടിക് ഇട്ട ശേഷം അത് ‘1’ ആയി മാറ്റിയ രീതിയിലായിരുന്നു ബാലറ്റ്. ഇതോടെ യുഡിഎഫിന്റെ ബൂത്ത് ഏജന്റുമാരായ മാത്യു കുഴൽനാടനും എൻ.ഷംസുദ്ദീനും തർക്കം ഉന്നയിച്ചു.

ജോസ് കെ.മാണിക്കു വോട്ടു ചെയ്യാനുള്ള അംഗത്തിന്റെ ഉദ്ദേശ്യം ബാലറ്റിൽ വ്യക്തമാണെന്നും വോട്ട് സാധുവാണെന്നും ഭരണപക്ഷത്തെ പ്രതിനിധീകരിച്ച് കടകംപള്ളി സുരേന്ദ്രനും ആർ.രാജഗോപാലനും വാദിച്ചു. കേരള കോൺഗ്രസ് (എം) പോളിങ് ഏജന്റുമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവരും വോട്ട് അസാധുവാക്കാൻ പറ്റില്ലെന്നു ശഠിച്ചു.

രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ചട്ടങ്ങളും വ്യവസ്ഥകളും മാത്യു കുഴൽനാടൻ ഹാജരാക്കി. ഏതെങ്കിലും ഒരാളുടെ വോട്ട് തിരിച്ചറിയാൻ കഴിയുന്ന തരത്തിലാണെന്നു വന്നാൽ അത് സാധുവല്ലെന്ന വ്യവസ്ഥ അദ്ദേഹം ചൂണ്ടിക്കാട്ടി. വോട്ട് അംഗീകരിക്കാനാണ് തീരുമാനമെങ്കിൽ പ്രതിപക്ഷത്തിന്റെ വിയോജിപ്പ് വരണാധികാരി രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഭാവിയിൽ നിയമ പ്രശ്നങ്ങൾക്ക് അതു കാരണമാകാമെന്നു വന്നതോടെ ആ വോട്ട് അസാധുവായി വരണാധികാരി പ്രഖ്യാപിക്കുകയായിരുന്നു.

ഇതോടെ 97 വോട്ട് ലഭിക്കേണ്ട ജോസിന് ലഭിച്ച വോട്ടുകളുടെ എണ്ണം 96 ആയി ചുരുങ്ങുകയായിരുന്നു. മൂന്ന് എൽഡിഎഫ് എംഎൽഎമാർ വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നില്ല. അവർ മുൻകൂട്ടി അറിയിച്ചിരുന്നു. ജോസിനോടുള്ള അതൃപ്തി മുമ്പ് തന്നെ പാർട്ടിവേദികളിൽ പ്രകടിപ്പിച്ചിട്ടുള്ള നേതാവ് പരസ്യമായി പാർട്ടി തീരുമാനത്തിന് എതിരായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്. അതിനാൽ നടപടി ഒഴിവാക്കണമെന്ന വാദവും സിപിഎമ്മിനുള്ളിൽ ശക്തമാണ്. എന്തായാലും കേരളാ കോൺഗ്രസുമായുള്ള ബാന്ധവം സിപിഎമ്മിലെ മുൻനിര നേതാക്കൾക്ക് പോലും ഇതുവരെയും പൂർണമായും ദഹിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായി ഇന്നലെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പ്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close