Breaking NewsKERALANEWSTop News

അൻവർഷായും കാമുകി ആതിരയും മാലമോഷണം നിത്യത്തൊഴിലാക്കിയവർ; എല്ലാ സഹായങ്ങളും ചെയ്ത് നൽകി രണ്ട് സുഹൃത്തുക്കളും; കായംകുളം പൊലീസ് അറസ്റ്റ് ചെയ്ത് കമിതാക്കളുടെ കഥ ഇങ്ങനെ

കായംകുളം: കഴിഞ്ഞ ദിവസം അറസ്റ്റിലായ അൻവർഷായും കാമുകി ആതിരയും സുഹൃത്തും മാലമോഷണം നിത്യത്തൊഴിലാക്കിയവർ. ഇവർ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഒട്ടേറെ മാലമോഷണക്കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ബൈക്കിൽ കറങ്ങി നടന്ന് മാല മോഷ്ടിച്ച സംഭവത്തിലാണ് കായംകുളം പത്തിയൂർ കിഴക്ക് വെളിത്തറവടക്ക് വീട്ടിൽ അൻവർ ഷാ ( 22 ), ഇയാളുടെ കാമുകി കോട്ടയം കൂട്ടിക്കൽ എന്തിയാർ ചാനക്കുടി വീട്ടിൽ ആതിര ( 24 ), കരുനാഗപ്പള്ളി തഴവ കടത്തുർ ഹരികൃഷ്ണഭവനത്തിൽ ജയകൃഷ്ണൻ ( 19 ) എന്നിവരെ കായംകുളം എസ്എച്ച്ഒ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഓഗസ്റ്റ് 26-ാം തീയതി ഉച്ചക്ക് പെരിങ്ങാല മേനാമ്പളളി മെഴുവേലത്ത് സജിത് ഭവനത്തിൽ സജീവന്റെ ഭാര്യ ലളിതയുടെ മാല പൊട്ടിച്ച കേസിലാണ് പ്രതികൾ പിടിയിലായത്. ലളിത പെരിങ്ങാല വീട്ടിലേക്ക് നടന്നു പോകവേ ബൈക്കിലെത്തിയ കമിതാക്കളായ പ്രതികൾ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. മോഷണം നടത്തിയതിൻറെ തലേ ദിവസം തിരുവല്ലയിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ കായംകുളത്തെത്തിയ അൻവർഷായും ആതിരയും കായംകുളത്ത് കറങ്ങി നടന്ന് ഒരു ദിവസം കായംകുളത്ത് തങ്ങിയ ശേഷമാണ് ലളിതയുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞത്.

ലളിതയുടെ ഒന്നരപ്പവന്റെ മാലയാണ് ഓഗസ്റ്റ് 26ന് ചെട്ടികുളങ്ങരയിൽ വച്ചു പൊട്ടിച്ചത്. സ്കൂട്ടറിനു പിന്നിലിരുന്ന ആതിരയാണ് മാല പൊട്ടിച്ചതെന്നു പൊലീസ് പറഞ്ഞു. ഇതിനു ശേഷം കൃഷ്ണപുരം മുക്കടയ്ക്കു സമീപം സ്കൂട്ടർ ഉപേക്ഷിച്ചു. മാല ഓച്ചിറയിലെ സ്വർണാഭരണശാലയിൽ വിറ്റ ശേഷം ബെംഗളൂരുവിലേക്കു കടന്നു. സിസിടിവി ദൃശ്യത്തിൽ നിന്നാണ് ഇവരെപ്പറ്റിയുള്ള വിവരം പൊലീസിനു ലഭിച്ചത്. തുടർന്നുള്ള അന്വേഷണത്തിൽ സ്കൂട്ടർ തിരുവല്ലയിൽ നിന്ന് അൻവർ ഷായും ആതിരയും ചേർ‍ന്നു മോഷ്ടിച്ചതാണെന്നു കണ്ടെത്തി.

മാല പൊട്ടിച്ചതിന് ശേഷം രക്ഷപെട്ട കമിതാക്കൾ ബൈക്ക് കൃഷ്ണപുരം ഭാഗത്ത് ഉപേക്ഷിച്ച് മൂന്നാർ, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. തിരികെ എറണാകുളത്തെത്തിയതോടെയാണ് പൊലീസിന്റെ പിടിയിലാകുന്നത്. പ്രതികൾ പൊട്ടിച്ച മാല വിൽക്കാൻ സഹായിച്ചത് മൂന്നാം പ്രതി ജയകൃഷ്ണനാണ്. ജയകൃഷ്ണന്‍റെ മൊബൈൽ ഫോണാണ് ഒന്നാം പ്രതിയായ അൻവർ ഷാ ഉപയോഗിച്ചു വന്നിരുന്നത്. സി. സി. ടി. വി. ദൃശ്യങ്ങളും മൊബൈൽ ഫോണും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പൊലീസിന്റെ വലയിലായത്.

ബാംഗ്ലൂരിന് സമീപം കോളാർ ജില്ലയിൽ കെ. ജി. എഫ് താലൂക്ക് ഭാഗത്ത് റോബർട്ട്സൺപെട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും എഴുപത് വയസ്സുള്ള വിരുതമ്മാൾ എന്ന വൃദ്ധയുടെ ഒമ്പത് പവൻ തൂക്കം വരുന്ന സ്വർണ്ണമാലും പ്രതികൾ മോഷ്ടിച്ചതായി പ്രതികൾ സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ സാന്നിധ്യത്തിൽ ഓച്ചിറയിലെ സ്വർണക്കടയിൽ നിന്നു ലളിതയുടെ മാല വീണ്ടെടുത്തു. കേസിൽ ഒരു പ്രതിയെക്കൂടി പിടികൂടാനുണ്ടെന്നു പൊലീസ് പറഞ്ഞു.

കായംകുളം സി. ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ്. ഐ. ആനന്ദ് കൃഷ്ണൻ, എഎസ്ഐ. ഉദയകുമാർ, പോലീസുകാരായ റെജി, ലിമു, മനോജ്, സതീഷ്, ബിനുമോൻ, ബിജുരാജ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close