KERALANEWSSPORTS

ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കി; ഓസ്‌ട്രേലിയയിൽ പ്രവേശിക്കുന്നതിന് മൂന്ന് വർഷത്തെ വിലക്ക്

സിഡ്‌നി: ലോക ഒന്നാം നമ്പര്‍ താരം ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കി ഓസ്‌ട്രേലിയ. മൂന്ന് വര്‍ഷത്തേക്ക് ഓസ്‌ട്രേലിയയില്‍ പ്രവേശിക്കുന്നതിനും ജോക്കോവിച്ചിന് വിലക്കേര്‍പ്പെടുത്തി. കോവിഡ്‌ വാക്‌സിന്‍ സ്വീകരിക്കാതെ ഓസ്‌ട്രേലിയയില്‍ എത്തിയതിനെ തുടർന്നാണ് ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ ഈ നടപടി. വിസ റദ്ദാക്കിയ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരെ ജോക്കോവിച്ച് ഉടനെ കോടതിയെ സമീപിക്കുമെന്ന് ജോക്കോവിച്ചിന്റെ അഭിഭാഷകൻ വ്യക്തമാക്കി.

പൊതുതാത്പര്യം കണക്കിലെടുത്താണ് വിസ റദ്ദാക്കാനുള്ള തീരുമാനം എന്ന് ഓസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ മന്ത്രാലയം വ്യക്തമാക്കുന്നു. തിങ്കളാഴ്ചയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കാനിരിക്കുന്നത്. ജോക്കോവിച്ചിന്റെ പേര് ഉള്‍പ്പെടുത്തിയായിരുന്നു ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡ്രോ. കോടതിയും ജോക്കോവിച്ചിന്റെ ഹര്‍ജി തള്ളിയാല്‍ താരത്തെ നാട്ടിലേക്ക് തിരിച്ചയക്കും.

ഓസ്‌ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കുന്നതിനായി കോവിഡ് വാക്സിൻ വ്യവസ്ഥയിൽ താരത്തിന് പ്രത്യേകം ഇളവ് നൽകിയത് വലിയ വിവാദമായിരുന്നു. രാജ്യത്തെ വിവിധ സംഘടനകൾ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ വിസയിലെ അപാകതകൾ ചൂണ്ടിക്കാണിച്ച് താരത്തെ തിരിച്ചയയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് സൂചന.

രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കോവിഡ് വാക്സിൻ സ്വീകരിച്ചോ ഇല്ലയോ എന്നത് വ്യക്തമാക്കാത്ത താരത്തെ തിരിച്ചയയ്ക്കണമെന്ന് ഓസ്‌ട്രേലിയയിലെ ചില സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കാത്ത വിധം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ രേഖകള്‍ ഇല്ലെങ്കില്‍ ജോക്കോവിച്ചിനെ തിരിച്ചയക്കും എന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയും വ്യക്തമാക്കിയിരുന്നു.

‘മെല്‍ബണ്‍ വിമാനത്താവളത്തിലെത്തിയ ജോക്കോവിച്ചിനെ സെര്‍ബിയയിലേക്ക് തിരികെ അയക്കും. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ് എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസ് പറഞ്ഞു. രാജ്യത്തെ മരണ നിരക്ക് കുറച്ച് നിര്‍ത്തുന്നതില്‍ ഈ നിയന്ത്രണങ്ങള്‍ നിര്‍ണായകമാണ്. ആരും നിയമത്തിന് അതീതരല്ല.’ – സ്‌കോട്ട് മോറിസന്‍ വ്യക്തമാക്കി.

അതേസമയം, ജോക്കോവിച്ചിന് ഓസ്‌ട്രേലിയ പ്രവേശനാനുമതി നൽകണമെന്ന് പറഞ്ഞുകൊണ്ട് സെർബിയൻ പ്രസിഡന്റ് അലക്‌സാണ്ടർ വുസിച്ച് രംഗത്ത് വന്നു. ജോക്കോവിച്ചുമായി താൻ സംസാരിച്ചതായും ലോകത്തിലെ ഏറ്റവും മികച്ച ടെന്നീസ് താരത്തിന് നേരിടേണ്ടി വന്ന ദുരവസ്ഥ ഉടനടി പരിഹരിക്കുമെന്നും രാജ്യം മുഴുവനും ജോക്കോയ്ക്ക് ഒപ്പമുണ്ടെന്നും വുസിച്ച് പറഞ്ഞു.

ബെൽഗ്രേഡിലെ ഓസ്‌ട്രേലിയൻ അംബാസഡറെ വിളിച്ചുവരുത്തി ജോക്കോവിച്ചിനെ ഉടൻ തന്നെ കളിക്കാൻ വിട്ടയക്കണമെന്ന് വുസിക് ആവശ്യപ്പെട്ടതായി സെർബിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഓസ്‌ട്രേലിയൻ ഓപ്പണിലൂടെ തന്റെ കരിയറിലെ 21-ാ൦ ഗ്രാൻഡ്സ്ലാം കിരീടം നേടി ചരിത്രം കുറിക്കാൻ എത്തിയ ജോക്കോവിച്ചിന് ഓസ്‌ട്രേലിയൻ സർക്കാരിന്റെ നടപടി ഓർക്കാപ്പുറത്തേറ്റ അടിയായി. നിലവിൽ 20 ഗ്രാൻഡ്സ്ലാമുകൾ നേടിയ താരം പുരുഷ ടെന്നീസിൽ കൂടുതൽ ഗ്രാൻഡ്സ്ലാമുകൾ എന്ന റെക്കോർഡ് സമകാലികരായ റോജർ ഫെർഡറർക്കും റാഫേൽ നദാലിനുമൊപ്പം പങ്കിടുകയാണ്. ഓസ്‌ട്രേലിയയിൽ കിരീടം ചൂടിയാൽ ഈ റെക്കോർഡ് ഒറ്റയ്ക്ക് സ്വന്തമാക്കാൻ ജോക്കോയ്ക്ക് കഴിയു൦. പരിക്ക് മൂലം ഫെഡററും കോവിഡ് ബാധിച്ചത് മൂലം റാഫേൽ നദാലും ഓസ്‌ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കുന്നില്ല എന്നത് അറിയിച്ചിരുന്നു. ഇതോടെയാണ് റെക്കോർഡ് സ്വന്തമാക്കാൻ ജോക്കോയ്ക്ക് അവസരം ഒരുങ്ങിയത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close