KERALANEWSTrending

മേയറുടെ പദവി ഡെപ്യൂട്ടി സ്പീക്കർക്ക് തുല്യമാണ്, എംഎൽഎയും എംപിയും തനിക്ക് താഴെയാണ്; ഫ്‌ളക്‌സിലെ ഫോട്ടോ എംഎൽഎയുടേയതിനെക്കാൾ ചെറുതായി; വേദിയിൽ കയറാതെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിച്ച് തൃശ്ശൂർ മേയർ; സല്യൂട്ട് വിവാദത്തിനു ശേഷം മേയർ വീണ്ടും വാർത്തകളിൽ

തൃശ്ശൂർ: പൂങ്കുന്നം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ബോർഡിൽ തന്റെ ഫോട്ടോ എം.എൽ.എ.യുടെ ഫോട്ടോയെക്കാൾ ചെറുതായതിൽ പ്രതിഷേധിച്ച് തൃശ്ശൂർ മേയർ എം.കെ. വർഗ്ഗീസ് സ്‌കൂളിലെ ചടങ്ങ് ബഹിഷ്‌കരിച്ചു. വിവാദത്തെ തുടർന്ന് പി.ബാലചന്ദ്രൻ എംഎൽഎയും സ്ഥലത്ത് എത്തിയില്ല. വിജയ ദിനാചരണത്തിന്റെ ഭാഗമായാണ് പൂങ്കുന്നം ഗവ. സ്‌കൂളിൽ ബോർഡ് സ്ഥാപിച്ചത്. പ്രോട്ടോക്കോൾ പ്രകാരം എംഎൽഎയെക്കാൾ വലുത് താനാണെന്നും ഫ്‌ളക്‌സിൽ ഫോട്ടോയുടെ വലിപ്പം കുറച്ചത് ശരിയായില്ലെന്നും പ്രിൻസിപ്പലിനോടും മേയർ പരാതി പറഞ്ഞു. വേദിയിൽ കയറാനും അദ്ദേഹം തയ്യാറായില്ല.

ഫോട്ടോ ചെറുതായത് കൊണ്ട് തന്നെയാണ് മടങ്ങിയതെന്നും, മേയർ പദവിയെ അപമാനിക്കാൻ ശ്രമിച്ചാൽ ഇതുപോലെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നൂറിലധികം പേർ ചടങ്ങിൽ പങ്കെടുക്കാനായി സ്ഥലത്ത് എത്തിയിരുന്നു. ‘സ്‌കൂളിന്റെ നടത്തിപ്പ് കോർപ്പറേഷനാണ്. അവിടെ ഒരു പരിപാടി നടത്തുമ്പോൾ അതിന്റെ നോട്ടീസിനും ബോർഡിനുമെല്ലാം അനുമതിയും വാങ്ങണം. എംഎൽഎയുടെ പടം വലുതാക്കിയോ ചെറുതാക്കിയോ വയ്‌ക്കാം. പക്ഷേ പ്രോട്ടോക്കോൾ പ്രകാരം മേയറുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിന്റെ പരിപാടിയിൽ മേയർക്കാണ് ഉയർന്ന സ്ഥാനം.’

‘ആരാണ് അധ്യക്ഷനെന്ന് തിരിച്ചറിയാത്ത അവസ്ഥയായിരുന്നു. പ്രോട്ടോക്കോൾ അനുസരിച്ച് ചിത്രം എങ്ങനെയാണ് വയ്‌ക്കേണ്ടതെന്ന് തന്നോട് ചോദിക്കാമായിരുന്നു. മേയറുടെ പദവി ഡെപ്യൂട്ടി സ്പീക്കർക്ക് തുല്യമാണ്. എംഎൽഎയും എംപിയും തനിക്ക് താഴെയാണ്. ആ ബഹുമാനം നൽകിയില്ല. പ്രോട്ടോക്കോൾ ലംഘനമാണ് നടന്നത്. അധികാരം എന്തെന്നറിഞ്ഞാൽ ചോദിച്ചുവാങ്ങും. അതെന്റെ സ്വഭാവമാണ്. ഇതുസംബന്ധിച്ച് പ്രോട്ടോക്കോൾ ഓഫീസർക്കും വകുപ്പ് മേധാവികൾക്കും കത്തെഴുതും’ മേയർ എം.കെ.വർഗ്ഗീസ് ആരോപിച്ചു. വിവരമറിഞ്ഞ് എംഎൽഎ പി.ബാലചന്ദ്രനും ചടങ്ങിന് എത്താത്തതിനെ തുടർന്ന് സ്ഥിരം സമിതി ചെയർമാൻ എൻ.എ.ഗോപകുമാറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

ഡ്യൂട്ടിയിലുള്ള പൊലീസുകാർ ബഹുമാനിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പിക്ക് കത്ത് നൽകിയ തൃശൂർ മേയർ എം.കെ. വർഗീസ് കുറച്ചു മാസം മുമ്പ് സിപിഎമ്മിന് വലിയ തലവേദനയായിരുന്നു. സിപിഎം നേരിട്ട് മേയറോട് കാര്യങ്ങൾ വിശദീകരിച്ചു. കോൺഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച വർഗീസിന് മേയർ സ്ഥാനം നൽകിയാണ് ഇടതുമുന്നണി തൃശൂർ കോർപറേഷൻ ഭരിക്കുന്നത്. ഈ മേയർ ഇപ്പോൾ പുതിയ വിവാദത്തിൽ ചെന്നാണ് ചാടിയിരിക്കുന്നത്.

ഇത് സല്യൂട്ടിനേക്കാൾ ഗുരുതരമാണു താനും. 55 അംഗ കൗൺസിലിൽ വർഗീസ് ഉൾപ്പെടെ ഇടതുപക്ഷത്തിന് 25ഉം യു.ഡി.എഫിന് 24ഉം ബിജെപിക്ക് ആറും അംഗങ്ങളാണുള്ളത്. അംഗബലത്തിൽ പ്രതിപക്ഷവും സമാന കരുത്തുള്ളതാണെന്നതിനാൽ കടുത്ത നിലപാടിലേക്ക് കടക്കാനോ, തീരുമാനങ്ങളെടുക്കാനോ സിപിഎമ്മിന് സല്യൂട്ട് വിവാദത്തിലായില്ല.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close