INDIANEWS

കനാലിൽ കൈകാലുകൾ കഴുകുന്നതിനിടെ കാലിൽ പിടുത്തമിട്ട് കൂറ്റൻ മുതല ; സഹോദരന്റെ ധീരമായ ഇടപെടലിലൂടെ യുവാവിന് ലഭിച്ചത് പുതുജീവൻ

ലക്നൗ : കാലിൽ മുതല പിടിച്ചു. സഹോദരന്റെ കൃത്യമായ ഇടപെടലിലൂടെ രക്ഷപ്പെട്ടു. ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിലെ മധോടണ്ടയിലാണ് സംഭവം. സഹോദരങ്ങളായ വികാസും നീരജും കൃഷിയിടത്തിലെ ജോലിക്ക് ശേഷം കൈകാലുകൾ വൃത്തിയാക്കുമ്പോഴാണ് വികാസിന്റെ കാലിൽ മുതല പിടുത്തമിട്ടത്. ഇത് കണ്ട നീരജ് ഭയന്നെങ്കിലും പതറാതെ പ്രവർത്തിച്ചപ്പോഴാണ് സഹോദരനെ രക്ഷിക്കാൻ സാധിച്ചത്.

ജോലി കഴിഞ്ഞു അടുത്തുള്ള കനാലിൽ കൈകാലുകൾ കഴുകുമ്പോൾ വലതു കാലിൽ എന്തോ പിടി മുറുക്കുന്നതായി വികാസിനു തോന്നി. സംഭവിക്കുന്നത് എന്താണെന്ന് മനസിലാകുന്നതിനു മുൻപ് തന്നെ കാലിൽ പിടിത്തമിട്ട മുതല വികാസിനെ വെള്ളത്തിലേക്ക് വലിച്ചു താഴ്ത്തി. സർവ ശക്തിയുമെടുത്ത് കുതറി മുതലയുടെ പിടിവിടുവിക്കുവാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സഹോദരനെ മുതല പിടിച്ചതു കണ്ട് ഭയന്ന നീരജ് ഉടൻ തന്നെ ഒരു വലിയ കല്ലെടുത്ത് മുതലയുടെ പുറത്തേക്കിട്ടു. കല്ല് പുറത്തേക്ക് വീണതും മുതല വികാസിന്റെ കാലിൽ നിന്നുള്ള പിടിവിട്ടു. വേഗം തന്നെ കനാലിന്റെ മറ്റൊരു ഭാഗത്തേക്ക് നീന്തി മറയുകയും ചെയ്തു.

മുതലയുമായുള്ള പിടിവലിക്കിടയിൽ വികാസിന്റെ കാലിന് പരിക്കേറ്റെങ്കിലും ഗുരുതരമല്ല. തലനാരിഴക്കാണ് വികാസ് മുതലയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത്. ഉടൻതന്നെ ഇയാളെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. വനം വകുപ്പിനെയും വിവരമറിയിച്ചു. കൃഷിയിടത്തിനു സമീപമുള്ള കനാലുകളിൽ മുതലകളുടെ സാന്നിധ്യമുണ്ടെന്ന് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് അധികൃതർ വ്യക്തമാക്കി. ഈ വർഷം ജൂലൈയിൽ മുതലയുടെ ആക്രമണത്തിൽ ഇവിടെ രണ്ട് കുട്ടികൾ മരിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close