INSIGHT

ഹൃദയം തൊട്ടുണർത്തിയ ഈണം; ബാബുക്ക ഓർമയായിട്ട് ഇന്ന് നാൽപത്തിമൂന്ന് വർഷം

മലയാളികളുടെ പ്രിയ ബാബുക്ക ഓർമയായിട്ട് ഇന്ന് നാൽപത്തിമൂന്ന് വർഷം. ഓരോ തലമുറയിലെ ആളുകളെയും തൊട്ടുണർത്തുന്ന ഈണങ്ങൾ. സംഗീതം നിലനിൽക്കുന്ന കാലത്തോളം മരണമില്ല ഈ അതുല്യ പ്രതിഭയ്ക്ക്. മലയാള സിനിമയിലെ പ്രമുഖനായ സംഗീത സംവിധായകനായിരുന്നു എം എസ് ബാബുരാജ്. കോഴിക്കോട്ടുകാരനായ ഇദ്ദേഹത്തിന്റെ മുഴുവൻ പേര് മുഹമ്മദ് സബീർ ബാബുരാജ് എന്നാണ്.

ഗസലുകൾക്കും ഖവാലികൾക്കും ഏറെ പ്രിയപ്പെട്ട കോഴിക്കോടിന്റെ തെരുവുകളിൽ ഹൃദയം തുറന്ന് ഒരു ബാലൻ പാട്ടു പാടുകയാണ്. തെരുവുകളെ ഗസൽ മഴ നനയിച്ച ആ പയ്യനെയും അവന്റെ പാട്ടും അന്നവിടെ കേൾവിക്കാരനായ ഒരു കുഞ്ഞുമുഹമ്മദ് അയാളുടെ വീട്ടിലേയ്ക്ക് കൊണ്ട് പോയി. അവന്റെ അച്ഛന്റെ പേര് കേട്ടപ്പോൾ തന്നെ കുഞ്ഞുമുഹമ്മദിനു മനസ്സിലായി. ഖവാലികളുടെ മഹാ തേജസ്സ്, ജാൻ മുഹമ്മദ് സാബിർ ബാബുവിന്റെ മകനായിരുന്നു ആ ബാലൻ. പിന്നീട് അദ്ദേഹത്തിന്റെ ക്ലബ്ബിലൂടെ ബാലൻ വീണ്ടും പാട്ടുകൾ പാടി, അവൻ പിന്നെ ഉയരങ്ങൾ താണ്ടി വളർന്നു, അറിയപ്പെടുന്ന സംഗീത സംവിധായകനായി… എം എസ് ബാബുരാജ് എന്ന മഹാ ഗായകനെയും സംഗീതകാരനെയും ഓർക്കുമ്പോൾ ഈ കഥ മറന്നു പോകാൻ പാടില്ലാത്തതു തന്നെ, കാരണം ബാബുരാജ് എന്ന പേരിനൊപ്പം സംഗീതം കൂട്ടി ചേർത്തത് അദ്ദേഹത്തിന്റെ പിതാവായിരുന്നെങ്കിൽ അതിനെ വളർത്തി സിനിമാ ലോകത്ത് എത്തിച്ചത് കുഞ്ഞു മുഹമ്മദ് എന്ന വ്യക്തിയാണ്.

‘ഒരു പുഷ്പം മാത്രമെൻ
പൂങ്കുലയിൽ നിർത്താം ഞാൻ
ഒടുവിൽ നീ എത്തുമ്പോൾ ചൂടിക്കുവാൻ’
1967ൽ പുറത്തിറങ്ങിയ പരീക്ഷ എന്ന ചിത്രത്തിലെ ഈ ഗാനം മാത്രം മതി എം എസ് ബാബുരാജിനെ ഹൃദയത്തിലേയ്ക്ക് പ്രതിഷ്ഠ നടത്താൻ. ഏറ്റവും സ്നേഹത്തോടെ ‘ബാബുക്ക’ എന്നു വിളിക്കുമ്പോൾ ഉറപ്പായും ബാബുരാജിന്റെ പ്രതിഭയ്ക്ക് എത്രമാത്രം സഹൃദയരുടെ ഉള്ളിൽ ആഴമുണ്ടായിരുന്നു എന്ന് ഈ പാട്ട് തെളിയിക്കുന്നു. അച്ഛന്റെ സംഗീതം ഉള്ളിൽ കിടന്ന ബാബുരാജ് കൂടുതൽ കൂടുതൽ തെളിഞ്ഞു വരാൻ തുടങ്ങി.

ബാബുരാജ് ഈണമിട്ട ഗാനങ്ങൾ അധികവും രചിച്ചത് പി. ഭാസ്കരനാണ്. വയലാർ-ദേവരാജൻ ടീം പോലെ വളരെ പ്രസിദ്ധമായിരുന്നു ഭാസ്കരൻ-ബാബുരാജ് ടീമും. നിരവധി ഗാനങ്ങൾ ഇരുവരുമൊന്നിച്ച് ഉണ്ടായിട്ടുണ്ട്. വയലാർ, യൂസഫലി കേച്ചേരി, ശ്രീകുമാരൻ തമ്പി, ഒ.എൻ.വി. കുറുപ്പ്, മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്നിവർക്കൊപ്പവും അദ്ദേഹം ഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
സമകാലികരായ മറ്റു സംഗീതസംവിധായകരുടെ പാട്ടുകൾ പാഠപുസ്തകം പോലെ കാമ്പുള്ളതായപ്പോൾ ബാബുരാജിന്റെ പാട്ടുകൾ‌ അതിനുള്ളിലെ മയിൽപ്പീലി പോലെ വിസ്മയമായി. അതുകൊണ്ട് ദക്ഷിണാമൂർത്തി സ്വാമി ഒഴികെ ഇന്നോളമുള്ള എല്ലാ സംഗീതസംവിധായകരും ‘മാസ്റ്റർ’ ആയപ്പോൾ ബാബുരാജിനെ മാത്രം മലയാളികൾ ‘ബാബുക്ക’ എന്നു വിളിച്ചു. ആ വിളി ധാരാളമാണ് മലയാളികൾക്ക് എം എസ് ബാബുരാജ് എത്ര പ്രിയപ്പെട്ടതാണ് എന്നറിയാൻ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close