INDIANEWS

സഹിഷ്‌ണുതയുടെ കാര്യത്തില്‍ ഹിന്ദുക്കളാണ്‌ ലോകത്ത്‌ ഏറ്റവും വലിയ ഭൂരിപക്ഷമെന്ന്‌ ഗാനരചയിതാവ്‌ ജാവേദ്‌ അക്തര്‍, അത്‌ കണ്ട്‌ തന്നെ ഇന്ത്യ ഒരിക്കലും അഫ്‌ഗാനിസ്ഥാന്‍ ആകില്ലെന്നും അക്തര്‍


മുംബൈ: സഹിഷ്‌ണുതയുടെ കാര്യത്തില്‍ ലോകത്ത്‌ ഏറ്റവും വലിയ ഭൂരിപക്ഷം ഹിന്ദുക്കളാണെന്ന്‌ പ്രശസ്‌ത ഗാനരചയിതാവ്‌ ജാവേദ്‌ അക്തര്‍.ശിവസേന മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തിലാണ്‌ അദ്ദേഹത്തിന്റെ ഈ നിരീക്ഷണം.

ഹിന്ദുക്കള്‍ സഹിഷ്‌ണുതയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്‌ കൊണ്ട്‌ തന്നെ ഇന്ത്യ ഒരു അഫ്‌ഗാനിസ്ഥാനാകില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു. ഇന്ത്യയെ ഒരിക്കലും താലിബാന്‍ ഭരിക്കുന്ന അഫ്‌ഗാനുമായി താരതമ്യപ്പെടുത്താനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യാക്കാരുടെ ഡിഎന്‍എ തന്നെ അത്തരത്തില്‍ മിതത്വം ഉള്ളതാണ്‌. നേരത്തെ അദ്ദേഹം താലിബാനെ ആര്‍എസ്‌എസും വിഎച്ച്‌പിയുമായി സാമ്യപ്പെടുത്തിയിരുന്നു. ഇതിന്റെ പേരില്‍ അദ്ദേഹത്തിന്‌ ഏറെ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു. ശിവസേന സാമ്‌നയില്‍ കൂടി തന്നെ അദ്ദേഹത്തെ ഏറെ വിമര്‍ശിക്കുകയും ചെയ്‌തു.ഹിന്ദു സംസ്‌കാരത്തെ നിന്ദിക്കുന്ന പ്രസ്‌താവനയാണ്‌ അദ്ദേഹത്തിന്റേത്‌ എന്ന്‌ സാമ്‌നയുടെ മുഖപ്രസംഗം തന്നെ കുറ്റപ്പെടുത്തി. അക്തര്‍ മതമൗലികതയെയും മതഭ്രാന്തിനെയും കുറിച്ച്‌ തുറന്ന്‌ തന്നെ സംസാരിക്കുന്നുവെന്നും സാമ്‌ന എഴുതി.ആര്‍എസ്‌എസിനെയും താലിബാനെയും താരതമ്യം ചെയ്യാനാകില്ലെന്നും പത്രം ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ സാമ്‌നയിലെ അഭിപ്രായം കോളത്തിലാണ്‌ ഇപ്പോള്‍ ഇദ്ദേഹം മറുകണ്ടം ചാടിയിരിക്കുന്നത്‌. താലിബാനും ഹിന്ദു വലത്‌ പക്ഷ സംഘവുമായി ചില സമാനതകളുണ്ടെന്ന പരാമര്‍ശം തന്റെ വിമര്‍ശകരെ ചൊടിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താലിബാന്‍ ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിച്ചിരിക്കുകയാണ്‌. ഹിന്ദു വലതുപക്ഷ സംഘത്തിന്‌ ഒരു ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്നാണ്‌ മോഹം. താലിബാന്‍ സ്‌ത്രീകളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുകയും അവരെ അരികുവത്‌ക്കരിക്കുകയും ചെയ്യുന്നു. ഹിന്ദു വലത്‌ പക്ഷവും സ്‌ത്രീകളുടെയും പെണ്‍കുട്ടികളുടെയും സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുത്തന്‍ ലേഖനത്തില്‍ അദ്ദേഹം ശിവസേന മേധാവിയും മുഖ്യമന്ത്രിയുമായ ഉദ്ധവ്‌ താക്കറെയെ വാനോളം പുകഴ്‌ത്തുന്നുണ്ട്‌. താക്കറെയുടെ നിശിത വിമര്‍ശകര്‍ക്കു പോലും അദ്ദേഹത്തില്‍ അനീതിയോ വിവേചനമോ ചൂണ്ടിക്കാട്ടാനാകില്ലെന്നും അക്തര്‍ പറയുന്നു. ഉദ്ധവ്‌ താക്കറെയുടെ സര്‍ക്കാരിനെ താലിബാനി എന്ന്‌ വിളിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അക്തര്‍ തങ്ങള്‍ക്ക്‌ ഒരു ലേഖനം തരികയും അത്‌ പ്രസിദ്ധീകരിക്കുകയുമാണ്‌ തങ്ങള്‍ ചെയ്‌തതെന്നാണ്‌ ശിവസേനാനേതാവും സാമ്‌നയുടെ എക്‌സിക്യൂട്ടീവ്‌ എഡിറ്ററുമായ സഞ്‌ജയ്‌ റൗത്ത്‌ പറഞ്ഞു. വ്യത്യസ്‌ത പ്രത്യയശാസ്‌ത്രമുള്ളവരുടെ വ്യത്യസ്‌ത വീക്ഷണങ്ങള്‍ ഒരു പത്രമെന്ന നിലയില്‍ തങ്ങള്‍ നല്‍കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം ചില നല്ല കാര്യങ്ങള്‍ ലേഖനത്തില്‍ പറയുന്നുണ്ടെന്നും സഞ്‌ജയ്‌ ചൂണ്ടിക്കാട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close