നിങ്ങളുടെ മൊബൈൽ നെറ്റ് വർക്കിന്റെ വേഗത കുറവാണോ; എങ്കിൽ കാരണം ഇതാണ്; സ്പീഡിൽ മുമ്പിൽ ഇവരൊക്കെ

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പഠനം മുതൽ ഷോപ്പിംഗും കുടുംബയോഗങ്ങളും വരെ ഓൺലൈനിലേക്ക് വഴിമാറി. എന്നാൽ, ഇപ്പോൾ ഉയരുന്ന പരാതി നെറ്റ് വർക്ക് കവറേജും ഡാറ്റാ വേഗതയും സംബന്ധിച്ചാണ്. പലപ്പോഴും വളരെ ദുർബലമായ കണക്ടിവിറ്റി മാത്രമാണ് തങ്ങൾക്ക് ലഭിക്കുന്നത് എന്ന പരാതി ഇന്ന് സർവസാധാരണമാകുകയാണ്. ഈ സമയത്തും നെറ്റ് വർക്ക് പ്രശ്നങ്ങളും വേഗതയും പ്രശ്നമല്ലാത്ത പല ടെലികോം സേവന ദാതാക്കളും നമ്മുടെ നാട്ടിലുണ്ട്.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) മൈസ്പീഡ് പോർട്ടലിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ആറു മാസത്തിനിടയിൽ റിലയൻസ് ജിയോയാണ് ഏറ്റവും ഉയർന്ന വേഗം നിലനിർത്തിയിരിക്കുന്നത്. റിലയൻസ് ജിയോയുടെ ഡൗൺലോഡ് വേഗം ഇക്കാലയളവിൽ 18.9 എംബിപിഎസാണ്. കഴിഞ്ഞ മാർച്ചിൽ ഇത് 18.6 എംബിപിഎസും, 2020 നവംബറിൽ ഇത് 20.8 എംബിപിഎസും ആയിരുന്നു. വോഡഫോണും ഐഡിയയും യഥാക്രമം 8.0 എംബിപിഎസും 7.3 എംബിപിഎസ് ഡൗൺലോഡ് വേഗവും നേടി. എയർടെല്ലിന്റെ കഴിഞ്ഞ 6 മാസത്തെ ശരാശരി വേഗം 5.9 എംബിപിഎസും ആണ്. 2020 നവംബറിൽ എയർടെലിന്റെ വേഗം 8.0 എംബിപിഎസ് ആയിരുന്നു. വി ഇന്ത്യയുടെ ശരാശരി ഡൗൺലോഡ് വേഗം 6.5 എംബിപിഎസ് ആണ്.
വോഡഫോൺ, ഐഡിയ സെല്ലുലാർ എന്നിവ വോഡഫോൺ ഐഡിയ ലിമിറ്റഡുമായി ലയിപ്പിച്ചെങ്കിലും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) ഇപ്പോഴും രണ്ട് എന്റിറ്റികളുടെയും പ്രത്യേക നെറ്റ്വർക്ക് സ്പീഡ് ഡേറ്റ പുറത്തിറക്കുന്നുണ്ട്. കഴിഞ്ഞ 6 മാസത്തെ ശരാശരി അപ്ലോഡിൽ വോഡഫോൺ 6.9 എംബിപിഎസ് വേഗത്തോടെ ഒന്നാം സ്ഥാനത്തെത്തി. ഐഡിയയുടെ വേഗം 6.3 എംബിപിഎസ് ആണ്. ജിയോയുടെ അപ്ലോഡ് വേഗം 4.1 എംബിപിഎസും എയർടെലിന്റെ അപ്ലോഡ് വേഗം 4.0 എംബിപിഎസും ആണ്. വി ഇന്ത്യയുടെ അപ്ലോഡ് വേഗം 6.2 എംബിപിഎസുമാണ്.
ഡൗൺലോഡ് വേഗമാണ് ഉപഭോക്താക്കളെ ഇന്റർനെറ്റിൽ നിന്നുള്ള ഉള്ളടക്കം ആക്സസ് ചെയ്യുന്നതിന് സഹായിക്കുന്നത്. അതേസമയം, അപ്ലോഡ് വേഗം അവരുടെ സുഹൃത്തുക്കൾക്ക്, മറ്റുള്ളവർക്ക് ചിത്രങ്ങൾ, വിഡിയോ മുതലായവ അയയ്ക്കുന്നതിനോ പങ്കിടുന്നതിനോ സഹായിക്കുന്നതാണ്. ട്രായിയുടെ മൈസ്പീഡ് ആപ്ലിക്കേഷന്റെ സഹായത്തോടെ ഇന്ത്യയിലുടനീളം ശേഖരിക്കുന്ന ഡേറ്റയെ അടിസ്ഥാനമാക്കിയാണ് ശരാശരി വേഗം കണക്കാക്കുന്നത്.
ഉപയോഗം കൂടിയതാണ് നെറ്റ്വർക്ക് വേഗം കുറയാൻ കാരണമെന്നാണ് ടെലികോം കമ്പനികളുടെ വാദം. മിക്ക ടെലികോം കമ്പനികളും നിലവിലെ നെറ്റ്വർക്ക് പ്രശ്നങ്ങൾ പരിഹരിക്കാനും ശ്രമിക്കുന്നുണ്ട്. ലോക്ഡൗൺ കാലത്ത് ശരാശരി നെറ്റ്വർക്ക് വേഗം ലഭ്യമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മിക്ക കമ്പനികളും അക്കാര്യത്തിൽ പരാജയപ്പെട്ടു എന്നാണ് ട്രായിയുടെ ആറു മാസത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. 2021 ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കുകളാണ് ട്രായി പുറത്തുവിട്ടിരിക്കുന്നത്.
One Comment