KERALANEWSTrending

ട്രോമാ കെയർ സജ്ജം, പക്ഷേ ജീവനക്കാരില്ല; ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും പേരിനു മാത്രം പ്രവർത്തിക്കുന്ന അടൂരിലെ ട്രോമാ കെയർ സെന്റർ

അടൂർ: ജനറൽ ആശുപത്രിയിൽ ട്രോമാ കെയർ സെന്ററിന്റെ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും അതിന്റെ പ്രയോജനം അടൂരുകാർക്ക് ലഭിക്കുന്നില്ല. പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടർമാരും ജീവനക്കാരുമില്ലാത്തതിനാൽ സെന്ററിന്റെ പ്രവർത്തനം ഏറെക്കുറെ നിലച്ചമട്ടാണ്. തലയ്ക്കു പരുക്കേറ്റ് ആരെത്തിയാലും ട്രോമാ കെയർ ഉണ്ടായിട്ടുപോലും തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് ഇപ്പോഴും റഫർ ചെയ്യുകയാണ്. ഇവിടെ ന്യൂറോ സർജനേയും സ്റ്റാഫ് നഴ്സുമാരെയും നിയമിക്കാത്തതാണ് ഇതിനു കാരണം.

ലോകാരോഗ്യ സംഘടനയുടെ സഹായമായി കെ.എസ്.ടി.പി. വഴി ലഭിച്ച ഫണ്ട് ഉപയോഗിച്ചാണ് പഴയ ജനറൽ വാർഡ് പ്രവർത്തിച്ച കെട്ടിടം മോടി പിടിപ്പിച്ച് ട്രോമാ കെയർ സംവിധാനം ഒരുക്കിയത്. 24 മണിക്കൂറാണ് ഇതിന്റെ പ്രവർത്തനം. അപകടത്തിൽ പരുക്കേറ്റു വരുന്നവർക്ക് സുരക്ഷാ ഇടനാഴി പദ്ധതിയുടെ ഭാഗമായി വിദഗ്ധ ചികിത്സ ലഭിക്കുന്നതിനു വേണ്ടിയാണ് അടൂർ ജനറൽ ആശുപത്രിയിൽ ട്രോമാകെയർ സംവിധാനം ഒരുക്കിയത്. ശസ്ത്രക്രിയയ്ക്കുള്ള സൗകര്യവും ഐസിയുവും നിരീക്ഷണ വാർഡും ക്രമീകരിച്ചിട്ടും വേണ്ട ഡോക്ടർമാരേയും ജീവനക്കാരെയും നിയമിക്കുന്ന കാര്യത്തിൽ മാത്രം നടപടി ഉണ്ടാകുന്നില്ല.

ദിവസവും തലയ്ക്കു പരുക്കേറ്റ് ഒട്ടേറെ പേർ ജനറൽ ആശുപത്രിയിൽ എത്തുന്നുണ്ട്. പക്ഷേ അവരെയെല്ലാം പ്രാഥമിക ചികിത്സ നൽകി അപ്പോൾ തന്നെ അടുത്ത മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ്. ഇതുമൂലം മണിക്കൂറുകൾ യാത്ര ചെയ്തെങ്കിൽ മാത്രമേ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ കഴിയൂ . ഇത് മൂലം തിരക്കുള്ള റോഡിലൂടെ ഏറെ സമയമെടുത്ത് ഏറെ ദൂരയുള്ള ഡിക്കൽ കോളജുകളിൽ എത്തിക്കേണ്ടതിനാൽ രോഗികൾ യഥാസമയം അടിയന്തര ചികിത്സ കിട്ടാതെ മരിക്കാനുള്ള സാധ്യത ഏറെയേറെയാണ്

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ വികസന പദ്ധതിയിലെ പ്രധാന നേട്ടമായി ഉയർത്തിക്കാട്ടിയ പദ്ധതികൂടിയായിട്ടും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ട്രോമാ കെയർ സെന്റർ പൂർണ സജ്ജമാണെന്ന ധാരണയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അപകടത്തിൽപ്പെടുന്നവരേയും കൂടാതെ മറ്റ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന തലയ്ക്ക് പരുക്കേറ്റവരെ ഇവിടേക്ക് റഫർ ചെയ്യാറുണ്ട്. പരുക്കേറ്റവർ ഇവിടെയെത്തുമ്പോൾ മാത്രമാണ് ട്രോമാ കെയർ സെന്ററിന്റെ അവസ്ഥ പരിതാപകരമാകണെന്നറിയുന്നത്. ഇതോടെ ഇവിടെ നിന്നും തിരുവനന്തപുരം കോട്ടയം മെ ഡിക്കൽ കോളജിലേക്ക് റഫർ ചെയ്യേണ്ടതായി വരുന്നു. ഇത് കാരണം രോഗികൾക്ക് അടിയന്തര ചികിത്സ ലഭിക്കേണ്ട വിലപ്പെട്ട സമയമാണ് നഷ്ടമാകുന്നത്.

കെ.പി. റോഡ് , എം.സി. റോഡ്, ചവറ അടൂർ പത്തനംതിട്ട റോഡുകളുടെ സംഗമ സ്ഥലം കൂടിയായ ഇവിടെയും സമീപ സ്ഥലങ്ങളിലും വാഹന അപകടങ്ങൾ ഏറെയാണ്. ഇത്തരത്തിൽ പരുക്കേൽക്കുന്നവരെയും പ്രത്യേകിച്ച് തലയ്ക്ക് പരുക്കേൽക്കുന്നവരേയും ചികിത്സിക്കാൻ സാധാരണക്കാർക്ക് കൂടി പ്രാപ്യമായ സൗജന്യ ചികിത്സ ലഭ്യമാക്കാൻ കോടികൾ മുടക്കി സ്ഥാപിച്ച സംവിധാനത്തിന്റെ പ്രവർത്തനം പേരിലൊതുങ്ങിയതോടെ പഴയത് പോലെ ദൂരെയുള്ള മെഡിക്കൽ കോളജുകളെയോ അല്ലെങ്കിൽ സ്വകാര്യ ആശുപത്രികളെയോ അഭയം പ്രാപിക്കേണ്ടിവരും.

കഴിഞ്ഞ ആഴ്ചയിൽ ബൈക്കിൽ സഞ്ചരിക്കവേ തലയിൽ മരം വീണ് മരിച്ച ജന്മഭൂമി ലേഖകൻ പി.ടി.രാധാകൃഷ്ണക്കുറുപ്പിനെ ഇവിടെ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും ജനറൽ ആശുപത്രിയിലെ ട്രോമാകെയർ സംവിധാനം മെച്ചപ്പെടുത്താൻ ബന്ധപ്പെട്ട അധികൃതർ ശ്രമിക്കുന്നില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close