KERALANEWS

ലൈംഗിക ചൂഷണം, ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യ; ആരോഗ്യ മന്ത്രി റിപ്പോര്‍ട്ട് തേടി

ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യയില്‍ വനിത ശിശുക്ഷേമ മന്ത്രിയോട് റിപ്പോര്‍ട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. വകുപ്പ് സെക്രട്ടറി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് വീണ ജോര്‍ജ് വ്യക്തമാക്കി. തിരുവനന്തപുരം വിതുരയില്‍ മൂന്നാഴ്ചയ്ക്കിടെ ജീവനൊടുക്കിയത് അഞ്ചുപേരാണ്.

തിരുവനന്തപുരം പെരിങ്ങമല, വിതുര തുടങ്ങി ആദിവാസി ഊരുകളിൽ അഞ്ചു മാസത്തിനിടെ ആത്മഹത്യ ചെയ്തത് മൊത്തം അഞ്ചു പെൺകുട്ടികളാണ്. ആദിവാസി ഊരുകളിൽ പിടിമുറുക്കുന്ന കഞ്ചാവ് സംഘങ്ങള്‍ പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലാക്കി ഒടുവിൽ ആത്മഹത്യയിലേക്ക് കൊണ്ടെത്തിക്കുന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി. ലഹരി സംഘങ്ങളെ നേരിടാൻ പൊലീസും എക്സൈസും ഒരു നടപടിയും സ്വീകരിക്കുന്നിലെന്ന ആക്ഷേപവും നിലനിക്കുന്നുണ്ട്.

പഠനത്തിലും കലാപ്രവ‍ർത്തനങ്ങളും മിടുക്കിയായിരുന്ന വെട്ടിയൂർ ആദിവാസി ഊരിലെ പെൺകുട്ടിയെ മണ്ണിൽ കഠിനാധ്വാനം ചെയ്താണ് അച്ഛൻ പഠിപ്പിച്ചത്. മിടുക്കിയായ പെണ്‍കുട്ടിക്ക് കോളജിൽ ഡിഗ്രിക്ക് പ്രവേശനം കിട്ടി. നവംബർ ഒന്നിന് കോളജിലേക്ക് പോകേണ്ട ദിവസം അച്ഛൻ കണ്ടത് ചേതനയറ്റ മകളെ. താനൊരു ചതിക്കുഴിൽപ്പെട്ടിരിക്കുകയാണെന്ന വിവരം മകള്‍ അച്ഛനോട് പറഞ്ഞിരുന്നു. പോസ്റ്റ് മോർട്ടത്തിൽ പെൺകുട്ടി ലൈംഗീക ചൂഷണത്തിനും ഇരയായെന്ന് കണ്ടെത്തി. പ്രതികളെ ചൂണ്ടികാട്ടിയിട്ടും പാലോട് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തില്ല. മാധ്യമങ്ങള്‍ വിവരങ്ങള്‍ അന്വേഷിക്കാൻ തുടങ്ങിയതിന് പിന്നാലെ സുഹൃത്തായ അലൻ പീറ്ററെന്ന പ്രതിയെ രണ്ട് ദിവസം മുമ്പാണ് അറസ്റ്റ് ചെയ്തത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല.

ഒരു പറ ഊരിലെ സമാന സാഹചര്യത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്തത് കഴിഞ്ഞ നവംബറിൽ. മകള്‍ക്ക് പഠനത്തിനായി വാങ്ങികൊടുത്ത മൊബൈൽ ഫോണ്‍ വഴിയുള്ള സൗഹൃദമാണ് വില്ലനായത്. നവംബർ 21ന് പുലർച്ചെ പണിക്കു പോകാനിറങ്ങിയ അച്ഛൻ കണ്ടത് ആത്മഹത്യ ചെയ്ത മകളെ. രണ്ടു മാസം കഴിഞ്ഞാണ് പെണ്‍കുട്ടിയുമായി ബന്ധമുള്ള ശ്യാമിനെ അറസ്റ്റ് ചെയ്തത്.

ഒരുപറ ഊരിലിലെ അഞ്ജലിയെന്ന 19 കാരിയും ജീവനൊടുക്കിയത് കഴിഞ്ഞ നവംബറിൽ. അഗ്രിഫാമിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം ഉപയോഗിച്ചാണ് മകളെ അംബിക ടിടിസിവരെ പഠിപ്പിച്ചത്. മകള്‍ക്കൊരു പ്രണയമുണ്ടായിരുന്നുവെന്നുമാത്രം ഈ അമ്മക്കറിയാം. മകളുടെ മരണത്തിന് പിന്നിലുള്ള ആരെയും പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വിതുര ചെമ്പികുന്ന ഊരിലെ രണ്ടു പെണ്‍കുട്ടികൾ ആത്മഹത്യ ചെയ്തത്. രേഷ്മയെന്ന പെണ്‍കുട്ടി ശ്രീകാര്യത്തെ ഹോസ്റ്റലിലാണ് തൂങ്ങിമരിച്ചത്. കാമുകനുള്ള മറ്റ് ബന്ധങ്ങളറി‍ഞ്ഞാണ് കൃഷേന്ദുവെന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ജീവനൊടുക്കിയതെല്ലാം പഠനത്തിൽ മിടുക്കരായ കുട്ടികളാണ്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close