CULTURALTop News

ഇത്തവണ കൂട്ടത്തോടെയുള്ള പുലിയിറക്കമില്ല; പുലിത്താളത്തിന് ചുവട് വെക്കാൻ വേദിയൊരുക്കി ഫേസ്ബുക്ക്

ഇന്ന് നാലാം ഓണം, കാട്ടിലുള്ളതിനേക്കാൾ കൂടുതൽ ഇനം പുലികൾ നഗരത്തിലിറങ്ങുന്ന ​​ദിവസം. ഓണത്തിന്റെ തിരക്കുകളിൽ നിന്നും ഉത്രാടപ്പാച്ചിലിൽ നിന്നും വിട്ട് മനസ്സിനെ കുളിരണിയപ്പിക്കാൻ തൃശ്ശൂർകാർ ഒരുങ്ങുന്ന ദിവസം. ചടുലമായ താളത്തിനൊത്ത് നൃത്തവുമായി നാടും ന​ഗരവും കീഴടക്കാൻ സ്വരാജ് റൗണ്ടിൽ പുലികൾ ഇറങ്ങുന്നതോടെ ഓണത്തിന് സമാപനമാകും. ഇത്തവണ തനിമ ചോരാതെ ഫേസ്ബുക്കിലാണ് പുലികളി നടക്കാൻ പോകുന്നത്. പുലികളുടെയും വാദ്യങ്ങളുടെയും എണ്ണത്തിൽ കുറവ് വരുത്തി ഇന്ന് വൈകീട്ട് മൂന്നു മണി മുതൽ നാല് വരെ അയ്യന്തോൾ ദേശത്തിൻറെ ഫേസ്ബുക്ക് പേജിലും ഫേസ്ബുക്ക് ഇന്ത്യയുടെ ഔദ്യോഗിക പേജിലും പുലിക്കളിയുടെ തത്സമയ സംപ്രേഷണം ഉണ്ടാകും. ചടങ്ങിൻറെ ഭാഗമായി സ്വരാജ് റൗണ്ടിൽ ഒറ്റപ്പുലിയുമെത്തും. കോവിഡ് പശ്ചാത്തലത്തിൽ സ്വരാജ് റൗണ്ടിലേക്ക് ഇത്തവണയും കൂട്ടത്തോടെയുള്ള പുലിയിറക്കമുണ്ടാകില്ല. തെരഞ്ഞെടുക്കപ്പെട്ട ആറു പുലികൾ മാത്രം പുലിതാളത്തിനൊത്ത് ചുവട് വെക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന പരിപാടിയിലേക്ക് പൊതു ജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. വൈകീട്ട് മൂന്ന് മുതൽ നാല് വരെ ഫേസ്ബുക്ക്‌ ഇന്ത്യയുടെ ഒഫീഷ്യൽ പേജിലൂടെ പുലിക്കളി കാണാനാകും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന സന്ദേശവും ഇത്തവണ പുലികൾ നൽകും. വിയ്യൂർ പുലിക്കളി സെന്ററാണ് സ്വരാജ് റൗണ്ടിൽ ഒറ്റപ്പുലിയെ ഇറക്കുന്നത്.

തൃശ്ശൂർ പൂരത്തോളം തന്നെ പ്രധാനമാണ് നാലാമോണ നാളിൽ സ്വരാജ് റൗണ്ടിൽ കുടവയറും അരമണിയും കുലുക്കിയെത്തുന്ന പുലിക്കൂട്ടങ്ങളും കണ്ണഞ്ചിക്കുന്ന വിസ്മയ കലാരൂപങ്ങളുമൊക്കെ. പൂരത്തിനെത്തുന്ന ആസ്വാദകരോളം തന്നെ വിദേശത്തുനിന്നും പുലിക്കളി കാണാൻ പ്രേമികൾ എത്താറുണ്ട്. നാലാമോണ നാളിൽ വൈകുന്നേരമാണ് പുലിക്കളി. വേഷം കെട്ടൽ തലേന്ന്‌ രാത്രിതന്നെ തുടങ്ങാറുണ്ട്‌. നടുവിലാൽ ഗണപതിക്ക്‌ മുമ്പിൽ നാളികേരമുടച്ചാണ് പുലികൾ സ്വരാജ് റൗണ്ടിൽ പ്രവേശിക്കുക. ചെണ്ടയുടെ വന്യമായ താളത്തിന് ഒത്ത് നൃത്തം വെച്ച് മുന്നോട്ടു നീങ്ങുന്ന പുലികൾക്ക് ഒപ്പം വലിയ ട്രക്കുകളിൽ തയ്യാറാക്കുന്ന കെട്ട് കാഴ്ചകൾ വളരെ ആകർഷകവും മനോഹരവും ആണ്. പുരുഷന്മാരെ പോലെതന്നെ സ്ത്രീകളും പുലിവേഷമണിഞ്ഞ് ചുവട് വെച്ച് രം​ഗത്തെത്താറുണ്ട്.

കോവിഡ് രോഗികളുടെ എണ്ണം കുറയാത്തതിനാൽ നിലവിലെ ആഘോഷങ്ങൾക്കായി നിയന്ത്രണം നീക്കാനുള്ള സാഹചര്യമില്ല. അത്തം നാളിൽ തെക്കേഗോപുര നടയിൽ തേക്കിൻകാടിലെ സൗഹൃദ കൂട്ടായ്മയൊരുക്കുന്ന ഭീമൻ പൂക്കളം മുതൽ ഓണാഘോഷത്തിന് തുടക്കം കുറിച്ച്‌ നാലാമോണ നാളിൽ പുലിക്കളിയോടെയാണ് തൃശൂരിന്റെ ഓണാഘോഷം അവസാനിക്കുക. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കോർപറേഷന്റെ ചുമതലയിൽ ആണ് ഓണാഘോഷവും പുലിക്കളിയും. എന്നാൽ യാതൊരു മുന്നൊരുക്കങ്ങളും ഇതുവരെയും നടത്തിയിട്ടില്ല. കഴിഞ്ഞ വർഷം ആഘോഷങ്ങൾ ഇല്ലാതായതോടെ ചർച്ച നടന്നില്ല. ഇത്തവണയും യോഗം വിളിച്ചുചേർത്തിട്ടില്ല. കഴിഞ്ഞ തവണ ഒരു പുലിയെത്തി നടുവിലാലിൽ തേങ്ങയുടച്ചു പ്രതീകാത്മകമായി പുലിക്കളി അവതരിപ്പിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close