
മുംബൈ: ടിആര്‍പി കൃതിമ വിവാദത്തിനിടെ ന്യൂസ് ചാനലുകളുടെ റേറ്റിങ്ങ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നെന്ന് റേറ്റിങ്ങ് ഏജന്‍സിയായ ബ്രോഡ്കാസ്റ്റിംഗ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (BARC). വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ റേറ്റിങ്ങ് സംവിധാനം പൂര്‍ണ്ണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് ഏജന്‍സി വ്യക്തമാക്കിയത്. മൂന്ന് മാസത്തേക്കാണ് ബാര്‍ക്ക് റേറ്റിങ്ങ് സംവിധാനം സസ്പെന്‍ഡ് ചെയ്തതെന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇംഗ്ലീഷ്, ഹിന്ദി, മറ്റ് പ്രാദേശിക ഭാഷകളിലെ ന്യൂസ് ചാനലുകള്‍, ബിസിനസ് മാധ്യമങ്ങള്‍ എന്നിവയുടെയെല്ലാം റേറ്റിങ്ങ് പ്രസിദ്ധീകരിക്കുന്നതാണ് നിര്‍ത്തിവെച്ചിരിക്കുന്നത്.
അതേസമയം സംസ്ഥാനവും ഭാഷയും അനുസരിച്ച് വാര്‍ത്തകളുടെ വിഭാഗത്തിനായുള്ള പ്രതിവാര കണക്കുകള്‍ പുറത്തുവിടുന്നത് തുടരുമെന്നും ബാര്‍ക്ക് വ്യക്തമാക്കി. റേറ്റിങ്ങ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എട്ടുമുതല്‍ 12 വരെ ആഴ്ചകള്‍ എടുക്കുമെന്നും അതുവരെ വാര്‍ത്ത ചാനലുകളുടെ റേറ്റിങ്ങ് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവെക്കുമെന്നുമാണ് ബാര്‍ക് വ്യക്തമാക്കിയിരിക്കുന്നത്. ബാര്‍ക്ക് റേറ്റിങ്ങില്‍ മുന്നിലെത്താന്‍ റിപ്പബ്ളിക് ടിവി ഉള്‍പ്പെടെ മൂന്ന് മാധ്യമങ്ങള്‍ തട്ടിപ്പ് നടത്തിയതായി മുംബൈ പോലീസ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ബാര്‍ക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആംരഭിച്ചത്. ഇതിന് പിന്നാലെയാണ് ബാര്‍ക്കിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിരിക്കുന്നത്. ടിആര്‍പി തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് നടപടിക്ക് എതിരെയുള്ള റിപ്പബ്ളിക് ടിവിയുടെ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ച അതേ സാഹചര്യത്തിലാണ് പുതിയ വാര്‍ത്തയും പുറത്ത് വന്നിരിക്കുന്നത്.