Breaking NewsINDIANEWSTop News

തെലങ്കാനയിൽ ഇന്ന് കിറ്റെക്സിന്റെ അത്ഭുത പ്രഖ്യാപനം; രണ്ട് വൻകിട പദ്ധതികളിലെ നിക്ഷേപവും തൊഴിലവസരങ്ങളും സംബന്ധിച്ച വിവരങ്ങളും പുറത്തുവിടും; കുട്ടികളുടെ വസ്ത്ര നിര്‍മ്മാണ രംഗത്തെ ലോകത്തിലെ രണ്ടാമത്തെ ബ്രാന്റിനെ ക്ഷണിച്ച് ലോക രാഷ്ട്രങ്ങളും

ഹൈദരാബാദ്: തെലങ്കാനയിൽ കിറ്റെക്സ് ആരംഭിക്കുന്ന രണ്ട് വൻകിട പദ്ധതികളുടെ പ്രഖ്യാപനം ഇന്ന്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച എംഒയുവിൽ തെലങ്കാന വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രഞ്ജനും കിറ്റെക്‌സ് മാനേജിങ് ഡയറക്ടര്‍ സാബു എം ജേക്കബും ഒപ്പുവെച്ചിരുന്നു. വാറങ്കലിലെ മെഗാ ടെക്സ്റ്റയില്‍ പാര്‍ക്കിലും ഹൈദരാബാദിലെ ഇന്‍ട്രസ്ട്രിയല്‍ പാര്‍ക്കിലുമാണ് പുതിയ പദ്ധതികൾ ആരംഭിക്കുന്നത്. ഇതിന്റെ ഔദ്യോ​ഗിക ചടങ്ങുകളാണ് ഇന്ന് നടക്കുക. ഇവിടെ പുതുതായി ഉണ്ടാകുന്ന തൊഴിലവസരങ്ങൾ സംബന്ധിച്ചും ഇന്ന് പ്രഖ്യാപനമുണ്ടാകും.

കുട്ടികളുടെ വസ്ത്ര നിര്‍മ്മാണ രംഗത്തെ ലോകത്തിലെ രണ്ടാമത്തെ ബ്രാന്റാണ് കിറ്റെക്‌സ്. വന്‍ ആനുകൂല്യങ്ങളാണ് തെലങ്കാനയില്‍ നിക്ഷേപത്തിനായി സര്‍ക്കാര്‍ കിറ്റെക്‌സിന് നല്‍കിയിരിക്കുന്നതെന്ന് സാബു ജേക്കബ് പറഞ്ഞു. ആനുകൂല്യങ്ങള്‍, നിക്ഷേപം, സബ്‌സിഡി, തൊഴിലവസരങ്ങള്‍ അടക്കമുള്ള വന്‍ പാക്കേജിന്റെ വിശദാംശങ്ങള്‍ ഇന്ന് പുറത്തുവിടും. സാബു ജേക്കബിനൊപ്പം വൈസ് പ്രസിഡന്റ് ക്രിസ്റ്റിയന്‍ സ്ട്രാം, വൈസ് പ്രസിഡന്റ് ഓപ്പറേഷന്‍സ് ഹര്‍കിഷന്‍ സിങ് സോധി, ഡയറക്ടര്‍ തോമസ് ചെറിയാന്‍, ജനറല്‍ മാനേജര്‍ സജീ കുര്യന്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മനോജ് കുമാര്‍ എന്നിവരും സാബു ജേക്കബിന്റെ കുടുംബവും കിറ്റെക്‌സ് സംഘത്തിലുണ്ട്.

ഒരു മാസത്തിനുള്ളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ തുടര്‍ച്ചയായ പരിശോധനയെ തുടര്‍ന്നാണ് കിറ്റെക്‌സ് കേരളത്തില്‍ നടത്താനിരുന്ന 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നു പിന്‍വാങ്ങിയത്. തുടര്‍ന്നു തെലങ്കാന ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും കിറ്റെക്‌സിനെ നിക്ഷേപത്തിനായി ക്ഷണിക്കുകയായിരുന്നു. പ്രത്യേക വിമാനമയച്ചാണ് തെലങ്കാന സര്‍ക്കാര്‍ കിറ്റെക്‌സിനെ ക്ഷണിച്ചത്. തെലങ്കാനയെ കൂടാതെ ഇന്ത്യയിലെ 9 സംസ്ഥാനങ്ങളും ശ്രീലങ്ക, യുഎഇ, ബഹ്‌റൈന്‍, മൗറേഷ്യസ്, ബംഗ്ലദേശ് എന്നീ രാജ്യങ്ങളും കിറ്റെക്‌സിനെ നിക്ഷേപത്തിനായി ക്ഷണിച്ചിട്ടുണ്ട്.

അതിനിടെ, കിറ്റെക്സിനെ കുടുക്കാൻ ഇസ്ലാമിക് സ്റ്റേറ്റിന്റെ പേരിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് അയച്ച ഭീഷണി കത്തിന്റെ വിവരങ്ങൾ പുറത്ത് വന്നിരുന്നു. കത്തയച്ചവൻ കുടുങ്ങുമെന്നാണ് റിപ്പോർട്ട്. കൈപ്പടയിൽ എഴുതി തയ്യാറാക്കിയ കത്താണ് എംഎൽഎക്ക് ലഭിച്ചത്. കൈപ്പട നോക്കി പ്രതിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. വെങ്ങോലയിലെ ഐ എസ് അം​ഗമാണെന്ന് പരിചയപ്പെടുത്തിയാണ് എൽദോസ് കുന്നപ്പിള്ളിക്ക് ഭീഷണിക്കത്ത് എത്തിയത്. കിറ്റെക്സിനെതിരെ പ്രവർത്തിച്ചാൽ ബോംബെറിഞ്ഞ് കൊല്ലുമെനന്നാണ് ഭീഷണി. വെങ്ങോല ചേലക്കുളത്തുള്ള ഒരു വിലാസം കത്തിൽ വച്ചിട്ടുണ്ട്. എന്നാൽ ഇത് കൃത്യമായ വിലാസമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല.

കത്തിൽ പി.ടി. തോമസ് എംഎൽഎ, ബെന്നി ബഹന്നാൻ, ഉമ്മൻചാണ്ടി തുടങ്ങിയവർക്കെതിരെ രൂക്ഷമായ അസഭ്യവാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്. കിഴക്കമ്പലം പഞ്ചായത്ത് ട്വന്റി ട്വന്റി ആണ് ഭരിക്കുന്നത്. കിഴക്കമ്പലത്തെ കോൺഗ്രസുകാരുടെ കയ്യിലിരിപ്പുകൊണ്ടാണ് അങ്ങനെ വന്നത്. പി.ടി. തോമസ് കാളപെറ്റെന്നു പറഞ്ഞാൽ കയറെടുക്കുന്ന ആളാണ്. തോമസ് വിചാരിച്ചാൽ ട്വന്റി ട്വന്റിയെ ഒന്നും ചെയ്യാനാവില്ലെന്നും കത്തിൽ അവകാശപ്പെടുന്നു. യുഡിഎഫിലെ 41 എംഎൽഎമാർക്കും കത്തയച്ചിട്ടുണ്ടെന്നും ശേഷം അടുത്ത കത്തിൽ എന്നു പറഞ്ഞാണ് അവസാനിപ്പിച്ചിരിക്കുന്നത്. കത്ത് സമൂഹമാധ്യമത്തിൽ ഇടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് ലഭിച്ച എംഎൽഎ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകിയിട്ടുണ്ട്.

അതേസമയം, കിറ്റെക്സിനെതിരായ നീക്കത്തിന്റെ ഭാ​ഗമാണ് ഈ ഭീഷണിക്കത്ത് എന്ന നിലയിലാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന ചർച്ച. കിറ്റെക്സ് കമ്പനിയിൽ വിവിധ വകുപ്പുകൾ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങളെന്ന ആരോപണമുയർത്തി കഴിഞ്ഞ ദിവസം എൽദോസ് കുന്നപ്പള്ളി അടക്കമുള്ള എംഎൽഎമാർ രം​ഗത്തെത്തിയിരുന്നു. എൽദോസ് കുന്നപ്പള്ളി, പി.ടി.തോമസ്, പി.വി.ശ്രീനിജൻ, എന്നിവരാണ് കിറ്റെക്സിനെതിരെ രൂക്ഷവിമർശനവുമായി രം​ഗത്തെത്തിയത്.. എറണാകുളം ജില്ലാ കലക്ടർ ജാഫർ മാലിക് നൽകുന്ന വിശദമായ റിപ്പോർട്ടിനുശേഷം തുടർനടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയനോട് ശുപാർശ ചെയ്യുമെന്നും എംഎൽഎമാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വന്ന ഭീഷണിക്കത്തിന്റെ വിശ്വാസ്യതയാണ് ഒരു വിഭാ​ഗം ചോദ്യം ചെയ്യുന്നത്.

നിയമസഭാ തെര‍ഞ്ഞെടുപ്പിൽ സാബു ജേക്കബിന്റെ ട്വന്റി 20 എന്ന പാർട്ടി എറണാകുളം ജില്ലയിൽ എൽഡിഎഫിനും യുഡിഎഫിനും ഉയർത്തിയത് വലിയ വെല്ലുവിളി ആയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ കിറ്റെക്സ് സ്ഥാപനങ്ങളിൽ പരിശോധന തുടങ്ങിയത്. ഇതിന് പിന്നാലെ, സംസ്ഥാന സർക്കാരുമായി ചേർന്ന് ആരംഭിക്കാനിരുന്ന 3500 കോടി രൂപയുടെ പദ്ധതികളിൽ നിന്നും പിന്മാറുകയായിരുന്നു സാബു ജേക്കബ്. തുടർന്ന് രാജ്യത്തെ ഒമ്പതോളം സംസ്ഥാനങ്ങൾ കിറ്റെക്സിനെ ക്ഷണിച്ചു. ഇതിന് ശേഷം തെലങ്കാനയിൽ നിക്ഷേപം നടത്താൻ കിറ്റെക്സ് തീരുമാനിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close