INDIANEWS

നാശം വിതച്ച് ഗുലാബ്; എന്നാല്‍ ഈ അമ്മമാര്‍ക്കിത് തങ്ങളുടെ പൊന്നോമനകള്‍


ഭുവനേശ്വര്‍: ഒഡിഷയിലെ രണ്ട് അമ്മമാര്‍ക്കെങ്കിലും മധുരമുള്ള ഓര്‍മ്മയാണ് ഗുലാബ് ചുഴലിക്കാറ്റ് നാടിനെ നടുക്കിയ ആ ദിനം. അവര്‍ അമ്മമാരായ ദിനം. അത് കൊണ്ട് തന്നെ നാടാകെ വെറുത്ത ഗുലാബ് ചുഴലിക്കാറ്റ് വീശിയ ആ ദിനം മറക്കാതിരിക്കാനാകണം അതേ പേര് തന്നെ ഇവര്‍ തങ്ങളുടെ പൊന്നോമനകള്‍ക്ക് നല്‍കിയത്.

സംസ്ഥാനത്ത് കനത്ത മഴയും മണ്ണിടിച്ചിലുമാണ് ഗുലാബ് ചുഴലിക്കാറ്റ് സമ്മാനിച്ചത്. ഗഞ്ചം ജില്ലയിലെ രണ്ട് അമ്മമാര്‍ തങ്ങള്‍ക്ക് പിറന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് ആ പേര് തന്നെ നല്‍കി. ഞായറാഴ്ചയാണ് കുനി റെയ്ത്, നന്ദിനി സബര്‍ എന്നീ യുവതികള്‍ രണ്ട് വ്യത്യസ്ത സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഈ ദിവസമാണ് കൊട്ടടുത്ത സംസ്ഥാനമായ ആന്ധ്ര പ്രദേശില്‍ ഗുലാബ് വീശിയടിച്ചത്. തങ്ങളുടെ സന്തോഷപ്പൂഞ്ചെണ്ടിന് റോസാപ്പൂവ് എന്നര്‍ത്ഥം വരുന്ന പേര്‍ നല്‍കാന്‍ നഴ്‌സുമാരാണ് നിര്‍ദ്ദേശിച്ചത്.

എല്ലാവരും ഓര്‍ക്കുന്ന ഒരു ദിവസം തന്നെ തന്റെ കുഞ്ഞ് ജനിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് സബര്‍ പറഞ്ഞു. ശൊരാദപള്ളി ഗ്രാമവാസിയാണ് സബര്‍. സുമന്തല കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലായിരുന്നു ഇവരുടെ പ്രസവം. പാകിസ്ഥാനാണ് കൊടുങ്കാറ്റിന് ഗുലാബ് എന്ന് പേര്‍ നല്‍കിയത്.

ഞായറാഴ്ച വൈകിട്ട് ആറ് മണിവരെ ഭരണകൂടം 241 ഗര്‍ഭിണികളെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി ജില്ലാ മുഖ്യ മെഡിക്കല്‍ ഓഫീസര്‍ ഉമ ശങ്കര്‍ മിശ്ര പറഞ്ഞു. കൊടുങ്കാറ്റ് തീരം തൊട്ടപ്പോഴേക്കും 41 പേര്‍ പ്രസവിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ കുഞ്ഞുങ്ങളും അമ്മമാരും സുഖമായിരിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close