KERALANEWSTop News

കോണ്‍ഗ്രസുകാര്‍ക്കെതിരായ റിമാന്‍ഡ് റിപ്പോർട്ടിലെ തീവ്രവാദ പരാമർശം; രണ്ട് പോലീസുകാ‍രെ സസ്പെൻഡ് ചെയ്തു

ആലുവ: നിയമ വിദ്യാർത്ഥിയായ മോഫിയ പർവീണിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ അറസ്റ്റിലായവര്‍ക്കെതിരായ പോലീസിന്റെ റിമാന്‍ഡ് റിപ്പോ‍ർട്ടിൽ തീവ്രവാദ പരാമ‍ർശം നടത്തിയ സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. ആലുവ സ്റ്റേഷനിലെ എസ്.ഐമാരായ ആ‍ർ.വിനോദ്, രാജേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം ഡിഐജിയുടേതാണ് നടപടി. സംഭവത്തിൽ മുനമ്പം ഡിവൈഎസ്.പിയോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും ഡിഐജി ആവശ്യപ്പെട്ടിട്ടുണ്ട്.

മൊഫിയ പര്‍വീണിന്‍റെ ആത്മഹത്യാക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ സമരം ചെയ്ത പ്രാദേശിക കോണ‍്ഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പൊലീസ് കോടതിയിൽ നൽകിയ റിപ്പോ‍ർട്ടിൽ പരമാ‍ർശിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. സമരവുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത അൽ അമീൻ, അനസ്, നജീബ് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസിന്‍റെ വിവാദമായ പരാമര്‍ശമുണ്ടായത്.

പരാതി നല്‍കി ഒരുമാസം കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാതെ മൊഫിയയെ ആത്മഹത്യയിലേക്ക് തള്ളിയിട്ട സിഐയെ സസ്പെന്‍റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് കോൺ​ഗ്രസ് നേതാക്കളും പ്രവ‍ർത്തകരും ആലുവ സ്റ്റേഷൻ ഉപരോധിച്ചത്. സ്റ്റേഷനില്‍ തന്നെ ഉണ്ടുറുങ്ങി എം പിയും എംഎ് എമാരും അടക്കം നടത്തിയ സമരം സിഐക്ക് സസ്പെന്‍ഷന്‍ കിട്ടിയതോടെ മൂന്നാം നാള്‍ വിജയം കാണുകുയം ചെയ്തു. സമരം അവസാനിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആണ് സമരമുഖത്ത് സജീവമായിരുന്ന കെ.എസ്.യു നേതാക്കൾക്ക് തീവ്രവാദ ബന്ധമുള്ളതായി പൊലീസ് സംശയം പ്രകടിപ്പിച്ചത്.

സമരത്തിനിടെ ഡിഐജിയുടെ കാര്‍ പ്രവര്‍ത്തകര്‍ ത‍‍ടഞ്ഞ് നാശനഷ്ടം വരുത്തിയിരുന്നു. ജലപീരങ്കിയുടെ മുകളില്‍ കയറി കൊടി നാട്ടുകയും ചെയ്തു. ഈ സംഭവങ്ങളിൽ പൊതുമുതല്‍ നശിപ്പിച്ചതടക്കം കുറ്റം ചുമത്തി 12 പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. ഇതില്‍ അറസ്റ്റ് ചെയ്ത മൂന്ന് പേരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നില്‍കിയ റിപ്പോര്‍ട്ടിലാണ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് ആരോപിക്കുന്നത്

കെഎസ്.യു ആലുവ മണ്ഡലം പ്രസിഡന്‍റ് അല്‍ അമീന്‍, കോണ്‍ഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡന്‍റ് നജീബ്, ബൂത്ത് വൈസ് പ്രസിന‍്റ് അനസ് എന്നിവരെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്. കേസിലെ 1,4,5 പ്രതികളാണി‍വർ. എടയപ്പുറം സ്വദേശി സല്‍മാന്‍ ഫാരിസ് രണ്ടാം പ്രതിയും എടത്തല സ്വദേശി സഫ് വാൻ മൂന്നാം പ്രതിയുമാണ്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നതിങ്ങനെ.

ജലപീരങ്കിയുടെ മുകളില്‍ കയറി നിലക്കുന്ന ചിത്രങ്ങള്‍ ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പൊസ്റ്റ് ചെയ്തിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധത്തിന്‍റെ പേരിലാണോ ഇത് ചെയ്തതെന്ന് കണ്ടെത്തണം.ഇവരെ ജാമ്യത്തില്‍ വിട്ടാല്‍ കലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സാധ്യതയുണ്ട്.

സമരവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് കേസുകൾ പൊലീസ് രജിസ്റ്റ‍ർ ചെയ്തിരുന്നു. അതിലൊന്നും തീവ്രവാദബന്ധമോ മറ്റെന്തിലും ക്രിമിനൽ പ്രവ‍ർത്തനങ്ങളെക്കുറിച്ചോ പൊലീസ് സംശയം ഉന്നയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഈ കേസില്‍ മാത്രം പൊലീസ് എന്തു കൊണ്ട് ഇത്രയും ​ഗുരുതര പരാമർശങ്ങളടങ്ങിയ റിപ്പോ‍ർട്ട് കോടതിയിൽ ഉന്നയിച്ചു എന്നതാണ് ചർച്ചയാവുന്നത്.

പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രതികള്‍ തീവ്രവാദി ബന്ധം ഉള്ളവരാണെന്ന് സൂചിപ്പിച്ചത് പ്രതിഷേധാര്‍ഹവും ഈ രീതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് എഴുതിയ പോലീസിനെതിരെ നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ. പറഞ്ഞു. ജനാധിപത്യരീതിയില്‍ സമരം ചെയ്ത കോണ്‍ഗ്രസ് പ്രസ്ഥാനത്തെയും അതിന്റെ പ്രവര്‍ത്തകരോടുമുള്ള അവഹേളനമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലൂടെ മനസ്സിലാക്കുന്നത്. തീവ്രവാദി ബന്ധം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത് സര്‍ക്കാരിന്റെ അറിവോടുകൂടി ആണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അന്‍വര്‍ സാദത്ത് ആവശ്യപ്പെട്ടു. റൂറല്‍ എസ്.പി. കെ കാര്‍ത്തിക്കിനെ ഫോണില്‍ വിളിച്ച് എം.എല്‍.എ. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.

നീതിക്കായി സമരം ചെയ്യുന്നവരെ തീവ്രവാദികളാക്കുന്ന പോലീസ് നയം കേരളത്തിന് അപമാനമാണെന്നും അന്‍വര്‍ സാദത്ത് എം.എല്‍.എ. ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. വിദ്യാര്‍ത്ഥി നേതാവ് അല്‍ അമീന്‍ അഷറഫ്, നേതാക്കളായ നെജീബ്, അനസ് എന്നിവര്‍ മോഫിയാ പര്‍വീനും കുടുംബത്തിനും നീതി ലഭിക്കാനാണ് പോരാടിയത്. ഇവര്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവരല്ല. പൊതു പ്രവര്‍ത്തനം നടത്തുന്ന കോണ്‍ഗ്രസുകാരാണ്.

പക്ഷെ പോലീസ് ഇവരില്‍ നടത്തിയ തീവ്രവാദ ആരോപണം ഗുരുതരവും അപമാനവുമാണ്. പിണറായി പോലീസ് യോഗി പോലീസിന് പഠിക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ അവരെ തീവ്രവാദികളാക്കി മാറ്റിയ പോലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. റൂറല്‍ എസ്.പി കാര്‍ത്തിക്കിനെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. പൊതുജന സമക്ഷം പോലീസ് നടപടികള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുമെന്നും അന്‍വര്‍ സാദത്ത് കുറിപ്പില്‍ വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close