KERALANEWSTop News

കെ റെയിൽ പദ്ധതി അപ്രായോ​ഗികം; യു.ഡി.എഫ് ഉപസമിതി പുറത്ത്; വ്യാഴാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തിൽ അന്തിമതീരുമാനം

തിരുവനന്തപുരം: കെ റെയിൽ പദ്ധതി അപ്രായോ​ഗികം എന്ന് യു.ഡി.എഫ് ഉപസമിതി. അശാസ്ത്രീയമായ കെ റെയിൽ അതിവേഗ റെയിൽ പാത പരിസ്ഥിതിക്ക് വൻ ദോഷം വരുത്തുമെന്നും സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും എം. കെ മുനീർ സമിതി യുഡിഫ് നേതൃത്വത്തിനു റിപ്പോർട്ട്‌ നൽകി. വ്യാഴാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തിൽ റിപ്പോർട്ട് ചർച്ച ചെയ്യും. കേരളത്തെ രണ്ടായി മുറിക്കുന്ന പദ്ധതിയാണിതെന്നും വലിയ സാമ്പത്തിക ബാധ്യത ഇത് സംസ്ഥാനത്ത് സൃഷ്ടിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഉപസമിതി റിപ്പോർട്ടിൽ വ്യാഴാഴ്ച ചേരുന്ന യു.ഡി.എഫ് യോഗം അന്തിമതീരുമാനമെടുക്കും.

പദ്ധതിയുടെ ഭാഗമായി സ്ഥലമേറ്റെടുക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം നിലനിൽക്കെയാണ് യുഡിഎഫ് ഉപസമിതിയുടെ റിപ്പോർട്ട്. പദ്ധതി വരുന്നതോടെ ഇരുപതിനായിരത്തോളം കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരും. ഒരു വിധത്തിലും ലാഭമില്ലാത്ത കെ റെയിൽ ഒരു വൻ ബാധ്യതയും കേരളത്തിന്റെ പരിസ്ഥിതിനാശത്തിനു കരണവുമാണെന്ന് യു.ഡി.എഫ് ഉപസമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. 63000 കോടി രൂപയാണ് കെ റെയിൽ പദ്ധതിയുടെ ചെലവെന്ന് പറയുമ്പോഴും നീതി ആയോഗ് കണക്കിൽ ചെലവ് ഒന്നേകാൽ ലക്ഷം കോടിയിലേറെ വരും. രാജ്യത്തെ റെയിൽവേ പദ്ധതികളുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക അനുമതി വേണ്ടെന്ന നിലപാട് കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു. പാരിസ്ഥിതിക പഠനത്തിനായി സംസ്ഥാന സർക്കാർ അടുത്തിടെ ഏജൻസിയെ വെച്ചിരുന്നു പാരിസ്ഥിതിക പഠനം തന്നെ വേണ്ടെന്ന് കേന്ദ്ര സർക്കാർ ഗ്രീൻ ട്രിബ്യൂണലിൽ അറിയിച്ചതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ സംസ്ഥാന സർക്കാർ.

കെ റെയിൽ വരുന്നതോടെ സംസ്ഥാനത്തിന്റെ തെക്ക് വടക്ക് മേഖലകളെ രണ്ടായി വിഭജിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് നദികളുടെ ഒഴുക്കിന് തടയിടും. വ്യാഴാഴ്ച ചേരുന്ന യുഡിഎഫ് യോഗം റിപ്പോർട്ട് അതേ പടി അംഗീകരിച്ച് എതിർക്കാനുള്ള രാഷ്ട്രീയ തീരുമാനമെടുത്താൽ വികസന വിരോധികൾ എന്ന വിമർശനം ഉയരുമോ എന്ന ആലോചന മുന്നണി നേതൃത്വത്തിനുണ്ട്.

എന്താണ് കെ റെയിൽ ?

കേന്ദ്ര സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പ്രൊജക്‌ടിന്റെ ഭാഗമായ സെമി ഹൈസ്‌പീഡ്‌ കോറിഡോര്‍ പദ്ധതിയാണ് കെ റെയിൽ. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 529 കിലോമീറ്ററില്‍ പുതിയ ഒരു സ്‌റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റർ വേഗതയില്‍ സെമി ഹൈസ്​പീഡ്​ ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള യാത്ര നാല് മണിക്കൂറായി ചുരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമായി സർക്കാർ ഉയർത്തിക്കാട്ടുന്നത്. 560 കിലോമീറ്ററുളള തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള യാത്രക്കായി ഇപ്പോൾ ട്രെയിനുകൾ 12 മണിക്കൂറാണ് എടുക്കുന്നത്. കേരള സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും സംയുക്‌തമായി രൂപീകരിച്ച ‘കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍‘ എന്ന കമ്പനിയാണ് കെ റെയില്‍ പദ്ധതിയുടെ നടത്തിപ്പുകാരും, ഉടമസ്‌ഥൻമാരും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close