KERALANEWSTop News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; കൊല്ലം തേവലക്കരയില്‍ ബി.ജെ.പിയുടെ സിറ്റിങ് വാര്‍ഡ് പിടിച്ചെടുത്ത് യു.ഡി.എഫ്

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കൊല്ലം തേവലക്കര പഞ്ചായത്ത് മൂന്നാം വാർഡ് യു.ഡി.എഫ് പിടിച്ചെടുത്തു. ആർ.എസ്.പിയിലെ ജി പ്രദീപ്കുമാർ 312 വോട്ടുകൾക്കാണ് വിജയിച്ചത്. ബി.ജെ.പിയുടെ സിറ്റിങ് വാർഡാണ് യു.ഡി.എഫ് പിടിച്ചെടുത്തത്.

ചിതറ ഗ്രാമപഞ്ചായത്തില്‍ സത്യമംഗലം വാർഡ് യു.ഡി.എഫ് നിലനിര്‍ത്തി. യു.ഡി.എഫ് സ്ഥാനാർഥി എസ്. ആശ 16 വോട്ടുകള്‍ക്കാണ് വിജയിച്ചത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ പിറവം നഗരസഭാ ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി. ഇടപ്പളളിച്ചിറ ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫ്‌ സ്ഥാനാർഥിയായ ഡോ. അജേഷ് മനോഹര്‍ 20 വോട്ടിന് ജയിച്ചു.

എൽ.ഡി.എഫ്‌ സ്വതന്ത്ര കൗൺസിലർ ജോർജ് നാരേക്കാടിന്റെ മരണത്തോടെയാണ് പിറവത്ത് വോട്ടെടുപ്പ് നടന്നത്. അരുൺ കല്ലറക്കലായിരുന്നു യപു.ഡി.എഫ് സ്ഥാനാര്‍ഥി. ബി.ജെ.പി സ്ഥാനാര്‍ഥി പി.സി വിനോദും. 27 ഡിവിഷനുളള നഗരസഭയിൽ എല്‍.ഡി.എഫിന് 14, യു.ഡി.എഫിന് 13 എന്നിങ്ങനെയാണ് കക്ഷി നില.

ഇടമലക്കുടിയിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചു. ചിന്താമണി കാമരാജാണ് വിജയിച്ചത്. ഇഡ്ഡലിപ്പറക്കുടിയിൽ സിപിഎം പഞ്ചായത്ത് അംഗം ഉത്തമ ചിന്നസ്വാമി മരണപ്പെട്ടതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. വോട്ടെടുപ്പിൽ ബിജെപി 39, എൽഡിഎഫ് 38, യുഡിഎഫ് 15 വോട്ടുകൾ വീതം നേടി. ഒരു വോട്ടിനാണ് ബിജെപി സ്ഥാനാർത്ഥിയായ ചിന്താമണി കാമരാജ് വിജയിച്ചത്.

ഇരിങ്ങാലക്കുട നഗരസഭ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മിനി ജോസ് ചാക്കോള 151 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിയ്‌ക്ക് 336 വോട്ടും ബിജെപിയ്‌ക്ക് 18 വോട്ടും യുഡിഎഫിന് 487 വോട്ടും കിട്ടി. 841 പേരാണ് ആകെ വോട്ട് ചെയ്തത്. കാണക്കാരി പഞ്ചായത്ത് ഒൻപതാം വാർഡിൽ എൽഡിഎഫിന് ജയം. കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ് സിപിഎം പിടിച്ചെടുത്തത്. 338 വോട്ടിനാണ് സിപിഎമ്മിന്റെ വി.ജി.അനിൽകുമാർ ജയിച്ചത്. കാഞ്ഞങ്ങാട് നഗരസഭ 30 വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ. കെ ബാബു വിജയിച്ചു. യുഡിഎഫ് തന്നെയാണ് ഈ വാർഡ് ഭരിച്ചുകൊണ്ടിരുന്നത്.

കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വാർഡിൽ എൽഡിഎഫിന് ജയം. എൽഡിഎഫ് സ്ഥാനാർഥി ആദർശ് ജോസഫ് 7 വോട്ടിനാണ് വിജയിച്ചത്. നേരത്തെ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ലിന്റോ ജോസഫ് എംഎൽഎ ആയതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 260 ഓളം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന വാർഡിലെ ഭൂരിപക്ഷം 7 ആയി കുറഞ്ഞത് എൽഡിഎഫിന് തിരിച്ചടിയായി

മലപ്പുറം തിരുവാലി ഏഴാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ജയം. അല്ലേക്കാട് അജീസ് 106 വോട്ടിന് വിജയിച്ചു. എൽ.ഡി.എഫിനും യു.ഡി.എഫിനും എട്ട് വീതം അംഗങ്ങളുള്ള പഞ്ചായത്തിൽ തൽസ്ഥിതി തുടരും. യു.ഡി.എഫ് അംഗം ടി.പി.നാസറിന്റെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇടുക്കി രാജാക്കാട് പഞ്ചായത്തിലെ ഒൻപതാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ വാർഡ് യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിൻസ് തോമസ് വിജയിച്ചു. പ്രിൻസ് തോമസിന് 678, കെ.പി. അനിലിന് 249 എന്നിങ്ങനെ വോട്ടുകൾ വീതം ലഭിച്ചു. 429 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിൻസ് തോമസിന്റെ ജയം

സംസ്ഥാനത്തെ 32 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പരോഗമിക്കുകയാണ്. ആലപ്പുഴ, പാലക്കാട്‌, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം, കൊച്ചി കോർപറേഷനുകളിലെ ഓരോ ഡിവിഷനുകളിലും വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ നാലു ഡിവിഷനുകളിലുമാണ് വോട്ടെണ്ണൽ.

75 ശതമാനം പോളിങ്ങാണ് ആകെ രേഖപ്പെടുത്തിയത്. മൂന്ന് മുനിസിപ്പൽ കൗൺസിലുകളിലും 20 പഞ്ചായത്ത് വാർഡുകളിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. 115 സ്ഥാനാര്‍ഥികളാണ് ആകെ ജനവിധി തേടിയത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close