മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചു

മുംബൈ: മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. നാളെ നിയമസഭയിൽ വിശ്വാസ വോട്ട് തേടാനുള്ള ഗവർണറുടെ ഉത്തരവിന് സുപ്രീംകോടതി അനുമതി നൽകിയതിന് പിന്നാലെയാണ് ഉദ്ധവ് രാജി പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് ലൈവലിലെത്തിയാണ് ഉദ്ധവ് രാജി പ്രഖ്യാപിച്ചത്.
കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കും എൻസിപി നേതാവ് ശരത് പവാറിനും ഉദ്ധവ് നന്ദി അറിയിച്ചു. ഗവർണർക്കും പരിഹാസത്തോടെ അദ്ദേഹം നന്ദി അറിയിച്ചു. ബിജെപി ആവശ്യപ്പെട്ട് 24 മണിക്കൂറിനുള്ളിൽ വിശ്വാസ വോട്ടിന് ഉത്തരവിട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യഥാർത്ഥ ശിവസൈനികർ തനിക്കൊപ്പമുണ്ട്. ലാഭം കണ്ടാണ് വിമതർ പാർട്ടി വിട്ടതെന്നും ഉദ്ധവ് ആരോപിച്ചു.
നേരത്തെയും ഉദ്ധവ് താക്കറെ രാജി സന്നദ്ധത അറിയിച്ചിരുന്നു. വിമത എംഎൽഎമാർ നേരിട്ടു വന്ന് ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
‘വിട്ടു പോയിരിക്കുന്ന എംഎൽഎമാർ നേരിട്ടെത്തി, ഞാൻ മുഖ്യമന്ത്രിയായി തുടരരുത് എന്നു പറഞ്ഞാൽ രാജിക്ക് തയാറാണ്. അങ്ങനെ പറഞ്ഞാൽ അവർക്ക് രാജ്ഭവനിൽ ഗവർണർക്കു നൽകാനുള്ള രാജിക്കത്തു ഞാൻ തയാറാക്കി നൽകും, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി അതോടെ ഒഴിയുകയും ചെയ്യും’– ഉദ്ധവ് പറഞ്ഞു.
1960കളിൽ മുംബൈയെയും മഹാരാഷ്ട്രയേയും ഇളക്കി മറിച്ചാണ് ശിവസേന എന്ന പാർട്ടിക്ക് ജന്മം നൽകി കൊണ്ട് ബാൽതാക്കറെ എന്ന നേതാവ് രാഷ്ട്രീയത്തിൽ ചുവട് ഉറപ്പിക്കുന്നത്. പ്രാദേശിക വാദത്തിലും ഹിന്ദുത്വയിലും ഊന്നിയായിരുന്നു ശിവസേനയുടെ ജനനം. ആദ്യം മുംബൈയിലും പിന്നീട് സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലും ശക്തിയായി വളർന്ന ശിവസേന, മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭൂപടം മാറ്റിയെഴുതുന്നതിൽ പ്രധാന പങ്ക് വഹിച്ചു. അത്ര കാർക്കശ്യം നിറഞ്ഞയാളായിരുന്നു ബാൽ താക്കറെ. പിതാവും പാർട്ടി സ്ഥാപകനുമായ ബാൽ താക്കറെയിൽനിന്ന് തീർത്തും വ്യത്യസ്തനാണ് ഉദ്ധവ് താക്കറെ.
ബാൽ താക്കറെയുടേത് കാർക്കശ്യത്തിന്റെ മുഖമായിരുന്നെങ്കിൽ മകൻ താക്കറെ വെറും പാവം. ശിവസേനയെ മര്യാദക്കാരുടെ പാർട്ടിയാക്കാൻ പ്രത്യക്ഷപ്പെട്ട സൗമ്യ മുഖമായിരുന്നു ഉദ്ധവിന്റെത്. അതു കൊണ്ട് തന്നെയാണ് ഉദ്ധവ് തന്നെ മുഖ്യമന്ത്രിയാകണം എന്ന് സഖ്യകക്ഷികളായ കോൺഗ്രസും എൻ.സി.പി.യും ശഠിച്ചതും. മറ്റാരായാലും അംഗീകരിക്കാൻ പറ്റില്ലെന്ന് ഇവർ നിർബന്ധിക്കാൻ കാരണവും മറ്റൊന്നല്ല. ഇതോടെ തിരഞ്ഞെടുപ്പിനെ നേരിടാതെ തന്നെ ശിവസേനയുടെ ആ സൗമ്യ മുഖം മുഖ്യമന്ത്രി കസേരയിലേക്ക് എടുത്തുയർത്തപ്പെടുകയായിരുന്നു.
രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കും മുമ്പ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായിരുന്നു ഉദ്ധവ് താക്കറെ. താക്കറെയുടെ മൂന്ന് ആൺമക്കളിൽ ഏറ്റവും ഇളയവനാണ് ഉദ്ധവ്. എങ്കിലും രാഷ്ട്രീയ കാര്യം വന്നപ്പോൾ 2003ൽ വർക്കിങ് പ്രസിഡന്റ് ആക്കി പാർട്ടിയുടെ ചരട് അദ്ദേഹം ഏൽപ്പിച്ചത് ഉദ്ധവിനെയാണ്. ഇതോടെ രാഷ്ട്രീയത്തിന്റെ ചൂടേറിയ ദിനങ്ങളിലേക്കായിരുന്നു ഉദ്ധവ് ചെന്നിറങ്ങിയത്. ശിവസേനയെ മര്യാദക്കാരുടെ പാർട്ടിയാക്കുക എന്നതായിരുന്നു ഉദ്ധവ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഉദ്ധവ് വന്നതോടെയാണ് നാരായണൻ റാണെയും രാജ് താക്കറെയും ശിവസേനയിൽ നിന്ന് വേറിട്ടുപോയതും. മറ്റു പാർട്ടികളിലെ നേതാക്കളുമായി നല്ലബന്ധം പുലർത്തുന്നു എന്നതുതന്നെയാണ് ഉദ്ധവ് എന്ന നേതാവിനെ വേറിട്ടുനിർത്തുന്നതും.
ബാൽ താക്കറെയുടെ തീപ്പൊരിപ്രസംഗമൊന്നും വശമില്ലെങ്കിലും അദ്ദേഹത്തിന്റെ സൗമ്യ മുഖം അണികൾ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു. ഉദ്ധവ് താക്കറെയാണ് ശിവസേനയുടെ മുഖ്യമന്ത്രി ഒപ്ഷനെങ്കിൽ മാത്രമേ സഖ്യം സമ്മതിക്കൂവെന്ന എൻസിപിയുടെയും കോൺഗ്രസിന്റെയും കർക്കശ നിലപാടാണ് ഉദ്ധവിനെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചത്. ശിവസേനയുടെ മുഖപത്രമായ സാമ്നയിലൂടെയാണ് ഉദ്ധവിന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ തുടക്കം. ശിവസേനാ നേതാവും മുഖ്യമന്ത്രിയുമായിരുന്ന നാരയൺ റാണെക്കെതിരെ സാമ്നയിലൂടെ രൂക്ഷ വിമർശനമാണ് ഉദ്ധവ് ഉന്നയിച്ചിരുന്നത്. ഉദ്ധവ്-റാണെ തർക്കം ഒടുവിൽ റാണെയുടെ പുറത്തുപോകലിന് വഴിവെച്ചു.
2002ലെ മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തോടെയാണ് ഉദ്ധവ് താക്കറെ പാർട്ടിയിൽ ശക്തിപ്രാപിച്ചത്. 2003 മുതൽ പാർട്ടിയുടെ വർക്കിങ് പ്രസിഡന്റായി. 2012ൽ ബാൽ താക്കറെയുടെ മരണ ശേഷം പാർട്ടിയുടെ അമരക്കാരനായി. ഇതിനിടെ 2006ൽ ബന്ധുവായ രാജ് താക്കറെ പാർട്ടിവിട്ട് മഹാരാഷ്ട്ര നവനിർമ്മാൺ സേന രൂപവത്കരിച്ചു. 1966ൽ ശിവസേനയുടെ രൂപവത്കരണത്തിന് ശേഷം ആദ്യമായാണ് കോൺഗ്രസുമായി കൈകോർത്ത് സർക്കാർ രൂപീകരിക്കുന്നത് എന്നതും ചരിത്രം. ഒരു തെരഞ്ഞെടുപ്പിലും ഉദ്ധവ് താക്കറെ മത്സരിച്ചിട്ടില്ല.
ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ ശിവസേന വളരുമ്പോഴും പാർട്ടി സ്ഥാപകൻ ബാൽ താക്കറെ അധികാരത്തിൽ നിന്ന് എപ്പോഴും അകന്നുനിന്നു. താൻ മാത്രമല്ല, കുടുംബാംഗങ്ങളെയും താക്കറെ തെരഞ്ഞെടുപ്പ് ഗോദയിൽനിന്ന് മാറ്റി നിർത്തി. ഈ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലാണ് താക്കറെ കുടുംബത്തിൽ നിന്ന് ആദ്യമായി ഒരാൾ മത്സരിക്കുന്നത്. ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യതാക്കറെയെയാണ് ഇത്തവണ കളത്തിലിറക്കിയത്. ആദിത്യയെ കളത്തിലിറക്കിയതിലൂടെ നേരത്തെ തന്നെ ബിജെപിക്ക് ശക്തമായ മുന്നറിയിപ്പ് നൽകുകയായിരുന്നു ശിവസേനയുടെ ലക്ഷ്യം. തെരഞ്ഞെടുപ്പിന് ശേഷമുള്ള നീണ്ട നാളത്തെ അനിശ്ചിതത്വത്തിന് അന്ത്യമായി ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം അധികാരത്തിലേറുമ്പോൾ, ആദിത്യയക്ക് പകരം ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി എത്തുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അമിത് ഷായുടെ ചാണക്യ തന്ത്രത്തെ പോലും അതിജീവിച്ചാണ് ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായത്. മഹാരാഷ്ട്ര പിടിച്ചെടുക്കുക, ഭരണം സ്ഥാപിക്കുക എന്നത് ബിജെപി നേതൃത്വത്തിന്റെ വ്യക്തമായ കാര്യപരിപാടിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും ഉൾപ്പെട്ട അഞ്ചംഗസംഘമാണ് എൻ.സി.പി നേതാവ് അജിത് പവാറിനെ നിഗൂഢമായ ചരടുവലികളിലൂടെ ബിജെപി പക്ഷത്തെത്തിച്ചത്. ശിവസേനാ സർക്കാർ നിലവിൽവരുമെന്ന് അർധരാത്രിവരെ പ്രതീതി സൃഷ്ടിച്ചശേഷം അതിരാവിലെ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ നടത്തിയത് ഈ ചരടുവലികളുടെ അന്ത്യത്തിലായിരുന്നു.
എന്നാൽ താൻ കെട്ടിപ്പടുത്ത പാർട്ടിയുടെയും സ്വന്തം കുടുംബത്തിന്റെയും അടിത്തറയിളക്കാൻപോന്ന ഈ നീക്കം കൈയുംകെട്ടി നോക്കിനിൽക്കാൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ അതിപ്രതാപിയായ ശരദ് പവാറിനാവുമായിരുന്നില്ല. ‘മറാഠാ സ്ട്രോങ്മാൻ’ എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ വിശേഷിപ്പിക്കാറുള്ള പവാർ പതിറ്റാണ്ടുകളുടെ രാഷ്ട്രീയാനുഭവക്കരുത്ത് കൈമുതലാക്കി നടത്തിയ എതിർനീക്കങ്ങൾ ചടുലവും പ്രഹരശേഷിയേറിയതുമായിരുന്നു. ഇതോടെയാണ് അവസാനനിമിഷം കൈവിട്ടുപോകുമെന്ന പ്രതീക്ഷിച്ച മഹാരാഷ്ട്രഭരണം ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യത്തിനു തിരിച്ചുപിടിക്കാനായത്.
സഹോദരപുത്രനായ അജിത് പവാർ മറുപക്ഷത്തിലേക്ക് ചുവടുമാറ്റിയതോടെ ശരദ് പവാർ തന്റെ ശക്തികളെല്ലാം പുറത്തെടുത്തു. എണ്ണയിട്ട യന്ത്രംപോലെയാണ് തുടർന്നുള്ള മണിക്കൂറുകളിൽ അദ്ദേഹം പ്രവർത്തിച്ചത്. ശരദ് പവാർ കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ചപ്പോൾ ചീട്ടുകൊട്ടാരംപോലെ തകർന്നത് ബിജെപി സംഘപരിവാർ കേന്ദ്രങ്ങൾ പാടിപ്പുകഴ്ത്തിയ ‘അമിത് ഷാ മാജിക്’ ആയിരുന്നു. എന്നാൽ, ഒരിക്കൽ കൈക്കുമ്പിളിൽ നിന്നും പവാർ തട്ടിയെടുത്ത് ഉദ്ധവിന് നൽകിയ മഹാരാഷ്ട്രയുടെ അധികാരം തിരികെ പിടിക്കാൻ ക്ഷമയോടെ ബിജെപി നടത്തിയ കരുനീക്കങ്ങളാണ് ഇപ്പോൾ ഫലം കാണുന്നത്.