NEWSWORLD

ഒറ്റയ്ക്ക് ലോകം മുഴുവന്‍ വിമാനം പറത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ഖ്യാതി ഇനി ബ്രിട്ടീഷുകാരനാായ കൗമാരക്കാരന്; ഈ നേട്ടം ഇവന്‍ കൈവരിച്ചത് 44 ദിവസം കൊണ്ട്


ലണ്ടന്‍: ലോകം മുഴുവന്‍ ഒറ്റയ്ക്ക് വിമാനത്തില്‍ കറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ഖ്യാതി ഇനി ബ്രിട്ടീഷുകാരനായ ട്രാവിസ് ലഡ്‌ലോവിന് സ്വന്തം. ഒറ്റ എന്‍ജിന്‍ മാത്രമുള്ള ചെറു വിമാനത്തിലാണ് 44 ദിവസം കൊണ്ടാണ് ഇവന്‍ ലോകം മുഴുവന്‍ തനിച്ച് ആകാശത്തിലൂടെ പറന്ന് നടന്ന് കണ്ടത്. 24,900 മൈല്‍ യാത്ര പിന്നിട്ട് നെതര്‍ലന്‍ഡിലെ തേഗുവില്‍ ട്രാവിസ് ലാന്‍ഡ് ചെയ്യുമ്പോള്‍ പ്രായം പതിനെട്ട് വയസും 150 ദിവസവും മാത്രം.

ദിവസവും എട്ട് മണിക്കൂറാണ് ഇവന്‍ തുടര്‍ച്ചയായി വിമാനം പറത്തിയത്. പ്രതികൂലകാലാവസ്ഥയോടും ഏകാന്തതയോടും പടവെട്ടിയാണ് ഈ ചെറുപ്രായത്തില്‍ ഇവന്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

മെയ് 29നാണ് ട്രാവിസ് തന്റെ ഈ ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ചത്. 2020 ജൂണില്‍ തുടങ്ങാനിരുന്ന യാത്രയാണിത്. കോവിഡ് മഹാമാരി മൂലമാണ് യാത്ര പിന്നെയും ഒരു കൊല്ലം വൈകിയത്. നെതര്‍ലന്‍ഡില്‍ നിന്ന് തുടങ്ങിയ യാത്ര അവസാനിപ്പിച്ചതും അവിടെ തന്നെയാണ്. ഇതിനിടെ പന്ത്രണ്ട് രാജ്യങ്ങലിലാണ് ഇവന്‍ തങ്ങിയത്. പോളണ്ട്, റഷ്യ, അമേരിക്ക, കാനഡ, ഗ്രീന്‍ലന്‍ഡ്, ഐസ് ലന്‍ഡ്, ബ്രിട്ടന്‍, അയര്‍ലന്‍ഡ്, സ്‌പെയിന്‍, മൊറോക്കോ, ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ ഇവന്‍ ഇറങ്ങി.

സ്വന്തം ജീവിതകാലം മുഴുവന്‍ ഈ യാത്രയുടെ തയാറെടുപ്പിന് വേണ്ടിയാണ് ട്രാവിസ് മാറ്റി വച്ചിരുന്നത്. നാലാം വയസിലാണ് ആകാശയാത്രയോട് ഇവന് പ്രണയം തുടങ്ങിയത്. ആകാശയാത്രയെക്കുറിച്ച് എന്തെങ്കിലും ഒന്ന് വായിക്കാതെ ഇവന്‍ ഒരിക്കലും ഉറങ്ങിയിരുന്നില്ല. ഇവന്റെ കിടപ്പ് മുറി നിറയെ ആകാശയാത്രകള്‍ സംബന്ധിച്ച പുസ്തകങ്ങളും മാസികകളുമാണ്. ടെലിവിഷനിലും ഇവന്‍ തിരഞ്ഞത് മുഴുവന്‍ ആകാശയാത്രകളെക്കുറിച്ചുള്ള പരിപാടികള്‍ ആയിരുന്നു. അത് കൊണ്ട് തന്നെ ലോകത്ത് നടന്ന ഓരോ വിമാന അപകടങ്ങളുടെയും കാരണം പറഞ്ഞ് തരാന്‍ ഇവന് അറിയാം. കാരണം എയര്‍ക്രാഷ് ഇന്‍വെസ്റ്റിഗേറ്റേഴ്‌സ് എന്ന പരിപാടിയുടെ എല്ലാ ലക്കവും ഇവന്‍ മുടങ്ങാതെ കാണുമായിരുന്നു.

പന്ത്രണ്ടാം വയസിലാണ് ഇവന്‍ ഗ്ലൈഡിംഗ് പാഠങ്ങള്‍ സ്വായത്തമാക്കാന്‍ തുടങ്ങിയത്. പതിനാലാം വയസില്‍ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്ലൈഡര്‍ എന്ന നേട്ടം ഇവന്‍ സ്വന്തമാക്കി. പതിനാറാം വയസില്‍ സ്വകാര്യ പൈലറ്റ് ലൈസന്‍സ് പരീക്ഷ പാസായി. എന്നാല്‍ കുറച്ച് മാസങ്ങള്‍ കൂടി കാത്തിരുന്ന ശേഷമാണ് അവന് ലൈസന്‍സ് സ്വന്തമാക്കാനായിത്. പ്രായക്കുറവ് മൂലമാണ് ഇതിനായി ഏതാനും മാസങ്ങള്‍ കാത്തിരിക്കേണ്ടി വന്നത്.

ഈ യാത്രയില്‍ ട്രാവിസിന് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തിയത് കാലാവസ്ഥയാണ്. ഇടിമിന്നലിനോടും ശീതക്കാറ്റിനോടും പൊരുതുക എന്നത് ഈ ചെറുവിമാനത്തിന് ഉയര്‍ത്തിയ വെല്ലുവിളി ചെറുതല്ല. ട്രാവിസിന്റെ കഴിവിനും ശാരീരികക്ഷമതയ്ക്കും വലിയ പരീക്ഷണമാണ് ഇവയുണ്ടാക്കിയത്.

ജൂണ്‍ പതിനഞ്ചിനാണ് ഇത്തരത്തില്‍ ഏറ്റവും വലിയ പരീക്ഷണം താന്‍ നേരിട്ടതെന്ന് ട്രാവിസ് വെളിപ്പെടുത്തുന്നു. 14000 അടി ഉയരത്തിലായിരുന്നു വിമാനം. അതാണ് ഭൂമിയിലെ കെട്ടിടങ്ങളെയും മറ്റും സ്പര്‍ശിക്കാതെ സുരക്ഷിതമായി പറക്കാനാകുന്ന ഏറ്റവും കുറഞ്ഞ ഉയരപരിധി. ഒരു മലങ്കാറ്റിനോടാണ് തനിക്ക് ഏറ്റുമുട്ടേണ്ടി വന്നത്. എതിര്‍ദിശയിലായിരുന്നു ഈ കാറ്റെന്നതും ഏറെ ബുദ്ധിമുട്ടുണ്ടാക്കി. അതുണ്ടാക്കിയ ഭയം താന്‍ ഇതുവരെ അനുഭവിച്ചിട്ടില്ലെന്നും ട്രാവിസ് പിറ്റേദിവസം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close