Breaking NewsKERALANEWSTrending

നഴ്സുമാർക്ക് യുൻഎ പ്രതിനിധികളായ നഴ്സിം​ഗ് കൗൺസിൽ അം​ഗങ്ങളെ ഏത് സമയവും എന്ത് ആവശ്യത്തിനും വിളിക്കാം; നഴ്സിം​ഗ് കൗൺസിലിന്റെ ഉത്തരവ് തള്ളി സംഘടന; തത്പര കക്ഷികളുടെ നിഴൽ നാടകത്തിന് ഉടൻ പരിഹാരമാകുമെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: മലയാളി നഴ്സുമാർക്ക് യുൻഎ പ്രതിനിധികളായ നഴ്സിം​ഗ് കൗൺസിൽ അം​ഗങ്ങളെ ഏത് സമയവും എന്ത് ആവശ്യത്തിനും വിളിക്കാമെന്ന് സംഘടന. യുഎൻഎ ദേശീയ സെക്രട്ടറി സുദീപ് എം വിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ നിലപാടല്ല ഇന്ന് നഴ്സിം​ഗ് കൗൺസിൽ പുറപ്പെടുവിച്ച ഉത്തരവെന്നും സുദീപ് മീഡിയ മം​ഗളത്തോട് പറഞ്ഞു. മന്ത്രിമാർ വരെ തങ്ങളുടെ ഫോൺ നമ്പരുകൾ പൊതുജനത്തിന് പ്രാപ്യമാക്കുമ്പോൾ നഴ്സിം​ഗ് കൗൺസിൽ അം​ഗങ്ങളായിരിക്കുന്നവരെ നഴ്സുമാർ വിളിച്ച് തങ്ങളുടെ പരാതികൾ പറയുന്നതിൽ എന്ത് അപാകതയാണ് ഉള്ളതെന്നും സുദീപ് ചോദിക്കുന്നു.

ഒന്നും രണ്ടും നഴ്സുമാരല്ല ഏകദേശം 16 ലക്ഷത്തോളം നഴ്സുമാർ രജിസ്റ്റർ ചെയ്തിട്ടുള്ള നഴ്സിംഗ് കൗൺസിലിൽ ഇപ്പോൾ ഏകദേശം 60000 ത്തോളം പേർ DME പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നുണ്ടെന്ന് സുദീപ് ചൂണ്ടിക്കാട്ടി. ഇവർ പലവിധത്തിലുള്ള സംശയങ്ങൾക്കായി കൗൺസിലിനെ സമീപിക്കുന്നുണ്ട്. സ്വദേശത്തുള്ളവരും ,വിദേശത്തുള്ളവരും ആയി നിരവധി നഴ്സുമാർ നഴ്സിംഗ് കൗൺസിലിനെ സമീപിക്കുന്നുണ്ട്. സേവനങ്ങൾക്കായി കൗൺസിൽ ഫീസും ഈടാക്കുന്നുണ്ട്. ഏകദേശം 350 കോടിയോളം രൂപ ആസ്തിയുള്ള നഴ്സിംഗ് കൗൺസിലിന് ഈ ഫോൺകോളുകൾക്ക് കൃത്യമായ മറുപടി കൊടുക്കാനുള്ള ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുദീപിന്റെ കുറിപ്പ് ഇങ്ങനെ..

11/9/2021 ന് കേരള നഴ്സിംഗ് കൗൺസിലിലേക്ക് വിളിക്കുന്നവർ കേരള നഴ്സിംഗ് കൗൺസിൽ അംഗങ്ങളുടെ വ്യക്തിപരമായ നമ്പറിലേക്ക് ഒരു കാരണവശാലും വിളിക്കാൻ പാടില്ല എന്ന ഒരു താക്കീത് കണ്ടു . അപ്പോൾ ഒരു കാര്യം പരോക്ഷമായെങ്കിലും കൗൺസിൽ സമ്മതിക്കുകയല്ലേ “വിളിച്ചാൽ കിട്ടുന്നില്ല എന്നുള്ളത് ” . ഒന്നും രണ്ടും നഴ്സുമാരല്ല ഏകദേശം 16 ലക്ഷത്തോളം നഴ്സുമാർ രജിസ്റ്റർ ചെയ്തിട്ടുള്ള നഴ്സിംഗ് കൗൺസിലിൽ ഇപ്പോൾ ഏകദേശം 60000 ത്തോളം പേർ DME പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നുണ്ട്. ഇവർ പലവിധത്തിലുള്ള സംശയങ്ങൾക്കായി കൗൺസിലിനെ സമീപിക്കുന്നുണ്ട് . സ്വദേശത്തുള്ളവരും ,വിദേശത്തുള്ളവരും ആയി നിരവധി നഴ്സുമാർ നഴ്സിംഗ് കൗൺസിലിനെ സമീപിക്കുന്നുണ്ട് . സേവനങ്ങൾക്കായി കൗൺസിൽ ഫീസും ഈടാക്കുന്നുണ്ട്. ഏകദേശം 350 കോടിയോളം രൂപ ആസ്തിയുള്ള നഴ്സിംഗ് കൗൺസിലിന് ഈ ഫോൺകോളുകൾക്ക് കൃത്യമായ മറുപടി കൊടുക്കാനുള്ള ബാധ്യതയില്ലേ . തീർച്ചയായും ഉണ്ട് . അതുകൊണ്ട് ഒന്നല്ല ഒമ്പത് നമ്പറുകൾ ഇതിനായി തയ്യാറാക്കണം . ജനാധിപത്യപരമായി ഇലക്ഷൻ നടത്തി രൂപീകരിച്ച നഴ്സിംഗ് കൗൺസിലല്ലേ ഇത്.

രണ്ടാമത് നഴ്സുമാർ കൗൺസിൽ അംഗങ്ങളെ വിളിച്ചു എന്ന മഹാ അപരാധം . ഈ പറയുന്ന ലക്ഷകണക്കിന് നഴ്സുമാർ ഇലക്ഷനിലൂടെ , ബാലറ്റിലൂടെ തങ്ങളുടെ സമ്മദിദാനാവകാശം ഉപയോഗിച്ച് വോട്ട് ചെയ്ത് ജയിപ്പിച്ച് നിങ്ങൾ ഒരോരുത്തരേയും കൗൺസിൽ അംഗങ്ങളാക്കിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അവരുടെ ഓരോ ചോദ്യത്തിനും മറുപടി പറയേണ്ടതായിട്ടുണ്ട് . അത് പറഞ്ഞിരിക്കണം. ജനങ്ങൾക്ക് സമീപിക്കാൻ വേണ്ടി മുഖ്യമന്ത്രി മുതൽ, മന്ത്രിമാർ വരെ തങ്ങളുടെ പേഴ്സണൽ നമ്പർ പൊതുജന സമക്ഷം എത്തിക്കുമ്പോൾ നിങ്ങൾക്ക് ഇത്രയധികം അസഹിഷ്ണുത ഉണ്ടോ ? ഉണ്ടെങ്കിൽ ആ സ്ഥാനം രാജി വെക്കുകയല്ലേ ഉചിതം.

ഒരു കാര്യം ഉറപ്പ് പറയും UNA പാനലിൽ ജയിച്ചു കയറിയ ആരെയും നിങ്ങൾക്ക് വിളിക്കാം . സംഘടന കൃത്യമായി അതിന് വേണ്ടി തന്നെയാണ് ഇലക്ഷനെ നേരിട്ടതും വിജയിച്ചതും . ചില തത്പരകക്ഷികൾ UNA യുടെ അംഗങ്ങളിൽ ചിലരെ പുറത്തു നിർത്തി കൊണ്ട് നിഴൽ നാടകം നടത്തുന്നുണ്ട്. ഇവയെല്ലാം നന്നായി മനസ്സിലാകുന്നുമുണ്ട് . ഇതിനെല്ലാം ഉടൻ പരിഹാരമാകും തീർച്ച.
UNA എന്നും നഴ്സുമാരോടൊപ്പം ഉണ്ടാകും.
UNA അംഗങ്ങളായ നഴ്സിംഗ് കൗൺസിൽ അംഗങ്ങളും.
ജയ് UNA
സുധീപ് . എം. വി
UNA ദേശീയ സെക്രട്ടറി .

നഴ്സുമാർ തങ്ങളുടെ ആവശ്യങ്ങൾക്കായി നഴ്സിം​ഗ് കൗൺസിൽ അം​ഗങ്ങളുടെ ഫോണിലേക്ക് വിളിക്കരുതെന്ന വിചിത്ര ഉത്തരവ് ഇന്നാണ് കേരള നഴ്സിം​ഗ് കൗൺസിൽ പുറത്തിറക്കിയത്. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ള മലയാളി നഴ്സുമാർ തങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായാണ് നഴ്സിം​ഗ് കൗൺസിലിലേക്ക് ബന്ധപ്പെടുക. എന്നാൽ, കേരള നഴ്സിം​ഗ് കൗൺസിലിന്റെ ഓഫീസിലുള്ള ടെലഫോൺ ആരും എടുക്കാറില്ല എന്ന പരാതി വ്യാപകമാണ്. ഇതിനിടയിൽ നഴ്സിം​ഗ് കൗൺസിൽ അം​ഗങ്ങളുടെ ഫോൺ നമ്പർ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. ഇതോടെ നഴ്സുമാർ നഴ്സിം​ഗ് കൗൺസിൽ അം​ഗങ്ങളെ വിളിച്ച് തങ്ങളുടെ ആവശ്യങ്ങൾ പറയാൻ തുടങ്ങി. ഇതിന് പിന്നാലെയാണ് കേരള നഴ്സിം​ഗ് കൗൺസിൽ അം​ഗങ്ങളുടെ ഫോണിലേക്ക് പരാതിയുമായി വിളിക്കരുതെന്ന വിചിത്ര ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ഇന്നാണ് ഈ വിചിത്ര ഉത്തരവ് ഇറക്കിയത്. ഒരു ലാൻഡ് ഫോണും ഒരു മൊബൈലുമാണ് നഴ്സുമാർക്ക് കൗൺസിലുമായി ബന്ധപ്പെടാനുള്ളത് എന്ന് ഈ ഉത്തരവിലും വ്യക്തമായി പറയുന്നുണ്ട്. കേരളത്തിലെ പ്രവർത്തി ദിവസങ്ങളിൽ മാത്രം രാവിലെ പത്ത് മണി മുതൽ വൈകിട്ട് അഞ്ച് മണിവരെ മാത്രമാണ് എൻക്വയറി സൗകര്യമെന്നും ലാൻഡ് ഫോൺ നിലവിൽ തകരാറിലാണെന്നും ഇതേ ഉത്തരവിൽ വ്യക്തമാക്കുന്നു. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാർ കേരളത്തിലെ ഓഫീസ് സമയത്ത് ഉണർന്ന് വിളിച്ചാലും ഈ നമ്പരുകളിൽ കണക്ട് ചെയ്യില്ല എന്ന് ഇതേ ഉത്തരവിൽ നിന്നും വ്യക്തമാണ്.

നഴ്സിം​ഗ് കൗൺസിൽ പുറത്തിറക്കിയ ഉത്തരവ് ഇങ്ങനെ..

കേരള നഴ്സസ്സ് ആന്റ് മിഡ് വൈഫ്സ് കൗൺസിലിൽ ഉപയോഗിച്ചുവരുന്ന എൻക്വയറി നമ്പരുകൾ 9495510555, 0471-2774100 എന്നിവയാണ്. പ്രവർത്തി ദിവസം രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ മാത്രമേ എൻക്വയറി നമ്പരുകളിൽ നിന്നും സേവനങ്ങൾ ലഭ്യമാകുകയുള്ളൂ. താൽക്കാലികമായി 0471-2774100 തകരാറിലായതിനാൽ ആയത് പരിഹരിക്കുന്നതുവരെ 9495510555 എന്ന നമ്പരിൽ നിന്നും മാത്രം നിങ്ങൾക്ക് സംശയ നിവാരണം നടത്താവുന്നതാണ്. അപേക്ഷകർ കൗൺസിലിൽ സമർപ്പിച്ചിരിക്കുന്ന അപേക്ഷയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് മേൽ പറഞ്ഞ ഫോൺ നമ്പരിലേയ്ക്കല്ലാതെ കൗൺസിൽ അംഗങ്ങളുടെ വ്യക്തപരമായ ഫോൺ നമ്പരുകളിലേക്ക് യാതൊരു കാരണവശാലും വിളിക്കുവാൻ പാടുള്ളതല്ല. ഈ നിർദ്ദേശങ്ങൾ കൃത്യമായും പാലിക്കേണ്ടതാണ്. അപേക്ഷകരുടെ പൂർണ സഹകരണം പ്രതീക്ഷിക്കുന്നു.

ഏകദേശം 16 ലക്ഷത്തോളം നഴ്സുമാരാണ് കേരള നഴ്സിം​ഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ തന്നെ ലക്ഷക്കണക്കിന് പേർ ​ഗൾഫിലും അമേരിക്കയിലും യൂറോപ്പിലുമായി ജോലി ചെയ്യുന്നു. അഞ്ച് വർഷത്തേക്കാണ് രജിസ്ട്രേഷൻ. ഇത് സമയത്ത് പുതുക്കിയില്ലെങ്കിൽ വിദേശ രാജ്യങ്ങളിൽ നഴ്സുമാർക്ക് ജോലി നഷ്ടമാകും. അതുകൊണ്ട് തന്നെ പുതുക്കേണ്ട അവസരങ്ങളിൽ നിരവധി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാർ കേരളത്തിലെ നഴ്സിം​ഗ് കൗൺസിലുമായി ബന്ധപ്പെടും. എന്നാൽ ഫോൺ പേലും എടുക്കാത്ത സാഹചര്യമാണ് കേരളത്തിലെ നഴ്സിം​ഗ് കൗൺസിൽ ഓഫീസിലെന്നാണ് പരാതി ഉയരുന്നത്.

നിലവിൽ 12 അം​ഗങ്ങളാണ് നഴ്സിം​ഗ് കൗൺസിലിൽ ഉള്ളത്. അതിൽ ആറുപേർ യുഎൻഎ പ്രതിനിധികളാണ്. ജനാധിപത്യപരമായി നഴ്സുമാർ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തവരാണിവർ. മറ്റ് ആറുപേരിൽ നഴ്സിം​ഗ് അസിസ്റ്റന്റുമാരുടെ പ്രതിനിധികളായി രണ്ടുപേരും സർക്കാർ നോമിനികളായ നാലുപേരുമാണ് ഉള്ളത്. യുഎൻഎ പ്രതിനിധികൾക്ക് നഴ്സുമാർ തങ്ങളെ വിളിക്കുന്നതിൽ പരാതിയില്ല. എന്നാൽ, സർക്കാർ നോമിനികളായ കൗൺസിൽ അം​ഗങ്ങളുടെ താത്പര്യത്തിനനുസരിച്ചാണ് ഇത്തരം ഒരു ഉത്തരവ് ഇറക്കിയിരിക്കുന്നത് എന്ന ആരോപണവും ഉയരുന്നു.

ഏതാണ്ട് 60,000ത്തോളം പേർ ഡിഎംഇ പരീക്ഷക്ക് തയ്യാറെടുക്കുന്ന സമയമാണിത്. ഈ സമയം പല സംശയങ്ങൾക്കും ഉത്തരം തേടി നഴ്സുമാർ സമീപിക്കുന്നത് നഴ്സിം​ഗ് കൗൺസിലിനെയാണ്. സ്വദേശത്തും വിദേശത്തുമുള്ള ലക്ഷക്കണക്കിന് നഴ്സുമാർക്ക് അത്താണിയാകേണ്ട കൗൺസിൽ ഇപ്പോൾ പുറപ്പെടുവിച്ച ഉത്തരവിനെതിരെ നഴ്സുമാർക്കിടയിൽ പ്രതിഷേധം ഉയരുകയാണ്.

നഴ്സിം​ഗ് കൗൺസിലിലെ സർക്കാർ നോമിനികളാണ് ഈ ഉത്തരവിന് പിന്നിലെന്നാണ് വിമർശനം. നഴ്സുമാരെ സഹായിക്കാനെന്ന പേരിൽ അധികാര സ്ഥാനത്തെത്തിയവർ അതിനെ അലങ്കാരം മാത്രമായി കാണുകയാണ്. നഴ്സുമാരുടെ പേരിൽ അധികാരങ്ങളും അലവൻസുകളും പറ്റുന്നവർ അവരെ സഹായിക്കുകയാണ് വേണ്ടതെന്ന അഭിപ്രായമാണ് നഴ്സുമാർ മുന്നോട്ട് വെക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close