INDIANEWS

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ജമ്മുകശ്മീർ സന്ദർശനം; മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമിത് ഷാ നാളെ ശ്രീനഗറിലെത്തും

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീരിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി നാളെ ശ്രീനഗറിലെത്തും. 2019 ആഗസ്റ്റ് 5 ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് കേന്ദ്ര മന്ത്രിസഭ രൂപീകൃതമായതിന് ശേഷം അമിത് ഷായുടെ ആദ്യ സന്ദര്ശനം കൂടിയാണിത്. മൂന്ന് ദിവസം ക്യാമ്പ് ചെയ്യുന്ന ഗുപ്കാർ റോഡിലെ രാജ്ഭവന് ചുറ്റുമുള്ള 20 കിലോമീറ്റർ ചുറ്റളവിൽ ഉദ്യോഗസ്ഥർ സുരക്ഷ ശക്തമാക്കി. തീവ്രവാദ പ്രവർത്തനം കൂടിയ സാഹചര്യത്തിലും നിരവധി സൈനികരും സാധാരണക്കാരും ന്യൂനപക്ഷങ്ങളും ഭീകരരുടെ വെടിയേറ്റ് മരിക്കേണ്ടി വന്ന സാഹചര്യത്തിലുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജമ്മുകശ്മീർ സന്ദർശനം.

അമിത് ഷാ തന്റെ സന്ദർശനത്തിന്റെ ആദ്യ ദിവസം ശ്രീനഗറിൽ നിന്നും നേരിട്ട് ഷാർജയ്ക്കുള്ള ഫ്ലൈറ്റ് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ മാസം വ്യോമയാന മന്ത്രിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇത് ശ്രീനഗറിനും ഷാർജയ്ക്കും ഇടയിലുള്ള നേരിട്ടുള്ള വിമാനമായിരിക്കുമെന്ന് അദ്ദേഹം വ്യകത്മാക്കിയിരുന്നു. സന്ദർശനത്തിന്റെ ഭാഗമായി കേന്ദ്രഭരണ പ്രദേശത്ത് അടുത്തിടെ നടന്ന സിവിലിയൻ കൊലപാതകങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രി സന്ദർശിക്കും. കൂടാതെ സ്ഥലത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി അദ്ദേഹം ഏകീകൃത കമാൻഡിന്റെ ഒരു യോഗത്തിൽ അധ്യക്ഷത വഹിക്കും.

അതിർത്തികളിലൂടെയുള്ള തീവ്രവാദികളുടെ നുഴഞ്ഞു കയറ്റം വർദ്ധിച്ച സാഹചര്യത്തിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്റലിജൻസ് ബ്യൂറോ ചീഫ് അരവിന്ദ് കുമാർ, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് മേധാവി പങ്കജ് സിംഗ്, സിആർപിഎഫ് മേധാവി, എൻഎസ്ജി മേധാവി, ജമ്മു കശ്മീരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അമിത് ഷായുമായി അഭിപ്രായങ്ങൾ പങ്കുവെക്കും.

ഞായറാഴ്ച, അമിത് ഷാ ജമ്മുവിലേക്ക് പോകും. ​​അവിടെ അദ്ദേഹം ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യും. ആഭ്യന്തര മന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് സിആർപിഎഫിന്റെ മോട്ടോർ ബോട്ടുകൾ ദാൽ തടാകവും നഗരത്തിന്റെ ഉൾപ്രദേശങ്ങളിലൂടെ ഒഴുകുന്ന ജെഹ്ലം നദിയും നിരീക്ഷിച്ചു. കൂടാതെ സ്ഥിഗതികൾ നിരീക്ഷിക്കാൻ ഡ്രോണുകൾ ശ്രീനഗറിലൂടെ പറന്നു. തീവ്രവാദികളെയും ഭീകര പ്രവർത്തനം പ്രദേശത്ത് വ്യാപിപ്പിക്കാൻ സഹായിക്കുന്നവരെയും കണ്ടെത്താൻ സാധാരണ വസ്ത്രങ്ങൾ ധരിച്ച ഉദ്യോഗസ്ഥർ ശ്രീനഗറിലുടനീളമുള്ള പ്രദേശങ്ങൾ നിരീക്ഷിക്കും. ഡൽഹിയിൽ നിന്നുള്ള 10 സിആർപിഎഫ് കമ്പനികളെയും 15 ബിഎസ്എഫ് ടീമുകളെയും ശ്രീനഗറിൽ വിന്യസിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close