
തിരുവനന്തപുരം: അർഹതപ്പെട്ട ഒഴിവുകളിലേക്ക് പോലും നിയമനം നടത്താൻ സർക്കാർ തയ്യാറാകാത്തത് തിരുവനന്തപുരം യു പി എസ് എ റാങ്ക് ലിസ്റ്റിലുള്ളവർക്ക് തിരിച്ചടിയാകുന്നു.
സ്കൂളുകളിലെ അധ്യാപക ക്ഷാമം പരിഹരിക്കാൻ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്ന കാര്യം ധനവകുപ്പുമായി ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി.
തിരുവനന്തപുരം യു പി എസ് എ റാങ്ക് ലിസ്റ്റ് അവസാനിക്കാൻ മൂന്ന് മാസം മാത്രം നിലനിൽക്കേ ലിസ്റ്റിൽ നിന്നും നിയമനം നടത്താതെ താല്ക്കാലികക്കാരേയും സംരക്ഷിത അധ്യാപകരേയും ഈ ഒഴിവുകളിലേക്ക് നിയമാക്കാൻ ഉള്ള നീക്കമാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന തെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.
പ്രൈമറി പ്രധാനാധ്യാപക സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൻ്റെ സ്റ്റേ ഉത്തരവ് നിലനില്ക്കുന്നതിനാൽ 225- ഓളം പ്രധാനാധ്യാപകരുടെ ഒഴിവുകൾ തിരുവനന്തപുരം ജില്ലയിൽ ഒഴിഞ്ഞ് കിടക്കുകയാണ്. പ്രധാനാധ്യാപകരുടെ ഒഴിവുകൾ നികത്താതെ സീനിയർ അധ്യാപകരെ ചുമതല ഏല്പിച്ച് തടിതപ്പുകയണ് സർക്കാർ .എച്ച്എം പ്രമോഷനിലൂടെ പിഎസ് സി ക്ക് റിപ്പോർട്ട് ചെയ്യേണ്ട അർഹതപ്പെട്ട ഒഴിവുകൾ ലഭ്യമാക്കണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.2020-2021, 2021-2022 അധ്യായന വർഷങ്ങളിൽ പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണത്തിൽ വൻ വർധനവാണുണ്ടായതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ കോവിഡ് മൂലം സ്കൂൾ തുറന്ന് പ്രവർത്തിച്ചില്ല എന്ന കാരണത്താൽ 2019- 2020 സ്കൂൾ പാറ്റേൺ തന്നെയാണ് ഇപ്പോഴും തുടരുന്നത്. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി തസ്തിക നിർണ്ണയം പൂർത്തിയാക്കി അതിലൂടെ ഉണ്ടാകുന്ന ഒഴിവുകൾ ഈ റാങ്ക് ലിസ്റ്റിന് ലഭ്യമക്കേണ്ടതുണ്ട്.
പ്രധാനാധ്യാപകരുടെ ഒഴിവുകൾ ഉടൻ നികത്തുമെന്ന് മന്ത്രി പറഞ്ഞുവെങ്കിലും ഇതിനായി യാതൊരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല. ഇനിയൊരു പരീക്ഷ എഴുതാൻ കഴിയാതെ പ്രായപരിധി കഴിഞ്ഞ ഉദ്യോഗാർത്ഥികളാണ് ഭൂരിഭാഗം പേരും. ഈ സാഹചര്യത്തിൽ പ്രൈമറി എച്ച് എം പ്രമോഷൻ വഴി ലഭിക്കേണ്ട ഒഴിവുകളുടെ നിശ്ചിത ശതമാനം ഒഴിവുകളെങ്കിലും കണക്കാക്കി പി എസ് സി യിലേക്ക് എത്രയും പെട്ടന്ന് റിപ്പോർട്ട് ചെയ്യാൻ സർക്കാർ തയ്യാറായാൽ മാത്രമേ ഉദ്യോഗാ ത്ഥികൾക്ക് നീതി ലഭിക്കുകയുള്ളൂ.എച്ച്.എം പ്രമോഷനിലൂടെ ലഭിക്കേണ്ട ഇത്തരം ഒഴിവുകളും തസ്തിക നിർണ്ണയത്തിലൂടെ ലഭ്യമാകേണ്ട ഒഴിവുകളും കാലാവധി അവസാനിക്കുന്ന 2022 ജനുവരി 4 ന് മുമ്പായി പി എസ് സി യിലേക്ക് റിപ്പോർട്ട് ചെയ്യാനുള്ള അടിയന്തിര നടപടികൾ സർക്കാരിൻ്റെ ഭാഗത്ത് ഉണ്ടാകണമെന്നും താല്ക്കാലികക്കാരെ നിയമിക്കാനുള്ള നീക്കത്തിൽ നിന്നും പിൻ മറണമെന്നുമാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.