
ഹെയ്തി: ഒരു സംഘം അമേരിക്കന്‍ മിഷനറിമാരെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. തട്ടിക്കൊണ്ടു പോകപ്പെട്ടവരില്‍ ഇവരുടെ കുട്ടികളടക്കമുള്ള കുടുംബാംഗങ്ങളുമുണ്ട്. ഹെയ്തിയിലെ പോര്‍ട്ട് ഔ പ്രിന്‍സില്‍ വച്ചാണ് ആയുധധാരികളായ ഒരു സംഘം ഇവരെ തട്ടിക്കൊണ്ടുപോയത്.
ഒരു അനാഥാലയം സന്ദര്‍ശിച്ച ശേഷം വന്ന പതിനഞ്ച് പേരെയാണ് തട്ടിക്കൊണ്ടുപോയത്. വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. എന്നാല്‍ അമേരിക്കന്‍ അധികൃതര്‍ക്ക് ഇതേക്കുറിച്ച് വിവരം ലഭിച്ചതായി അവര്‍ സ്ഥിരീകരിച്ചു.
ലോകത്ത് ഏറ്റവും കൂടുതല്‍ തട്ടിക്കൊണ്ടുപോകല്‍ സംഭവം അരങ്ങേറുന്ന രാജ്യമാണ് ഹെയ്തി. ഇവരെ വിട്ടുകിട്ടാനായി വന്‍തോതില്‍ പണം ചോദിക്കുന്ന സംഘങ്ങളാണ് അതിന് പിന്നിലെന്നും പറയുന്നു. രാജ്യത്തെ താറുമാറായ നിയമവാഴ്ച ഇതിന് അവരെ സഹായിക്കുന്നു.
പ്രസിഡന്റ് ജൊവാനേല് മൈായ്സന് ഇക്കഴിഞ്ഞ ജൂലൈയില്‍ കൊല്ലപ്പെട്ടതോടെ രാജ്യത്ത് അധികാരം പിടിച്ചെടുക്കാനുള്ള നീക്കങ്ങളും വര്‍ദ്ധിച്ചിരിക്കുകയാണ്. രാജ്യത്ത് സുരക്ഷിതത്വമില്ലായ്മയും വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ പൗരന്മാരുടെ തന്നെ നിത്യജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
സംഭവത്തെക്കുറിച്ച് രാജ്യത്തെ നീതിന്യായ മന്ത്രിയോ ദേശീയ പൊലീസോ പ്രതികരിച്ചിട്ടില്ല. വിദേശരാജ്യത്തുള്ള തങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്ക് തങ്ങള്‍ ഏറെ മുന്‍തൂക്കം നല്‍കുന്നുണ്ടെന്ന് അമേരിക്കന്‍ ഭരണകൂടം അറിയിച്ചു.
ഹെയ്തിയില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ വന്‍തോതില്‍ സഹായങ്ങള്‍ ചെയ്യുന്നുണ്ട്. ഇക്കകൊല്ലം ആദ്യപാദത്തില്‍ മാത്രം ഹെയ്തിയില്‍ 600 ലേറെ തട്ടിക്കൊണ്ടുപോകലുകള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ഇതേ കാലത്ത് കഴിഞ്ഞ കൊല്ലം കേവലം 231 തട്ടിക്കൊണ്ടുപോകല്‍ സംഭവങ്ങള്‍ മാത്രമാണ് ഉണ്ടായത്.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ഏറ്റവും ദരിദ്രമായ രാജ്യമാണ് ഹെയ്തി. പ്രസിഡന്റ്് മൊയ്സിന്റെ കൊലപാതകവും തൊട്ടുപിന്നാലെ 2000 പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പവും രാജ്യത്തെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തെറിഞ്ഞിരിക്കുകയാണ്. രാജ്യത്തേക്ക് അമേരിക്കന്‍ സൈന്യത്തെ അയക്കണമെന്ന അഭ്യര്‍ത്ഥന ബൈഡന് ഭരണകൂടം ചെവിക്കൊള്ളുന്നില്ലെന്ന എന്ന ആരോപണവും ശക്തമാണ്.