NEWSWORLD

ഡ്രോൺ പതിക്കുക ജനവാസ മേഖലയിലെന്ന് സിഐഎ മുന്നറിയിപ്പ് നൽകിയിട്ടും പിൻമാറിയില്ല; സന്നദ്ധ പ്രവർത്തകനെയും കുടുംബാ​ഗങ്ങളെയും വധിച്ചതിൽ മാപ്പ് പറഞ്ഞ് അമേരിക്ക


വാഷിങ്ടൻ ∙ അഫ്ഗാനിസ്ഥാനിൽ യുഎസ് ഡ്രോൺ ആക്രമണത്തിനു ലക്ഷ്യമിട്ട സ്ഥലത്ത് കുട്ടികളടക്കം സാധാരണ പൗരന്മാരുടെ സാന്നിധ്യമുണ്ടെന്ന് സിഐഎ മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. ഐഎസ് ഭീകരരെ ലക്ഷ്യംവച്ചാണ് യുഎസ് ഹെൽഫെയർ മിസൈൽ കാബൂൾ വിമാനത്താവള പരിസരം ലക്ഷ്യമാക്കി അയച്ചത്. എന്നാൽ ഡ്രോൺ പതിച്ചത് ജനവാസ മേഖലയിലാണെന്നും കുട്ടികളടക്കം 10 പേർ കൊല്ലപ്പെട്ടെന്നുമാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്.

ഡ്രോൺ പതിക്കുന്നത് കുട്ടികളടക്കം താമസിക്കുന്ന ജനവാസ മേഖലയാണെന്ന് ആക്രമണത്തിന് നിമിഷങ്ങൾ മുൻ‌പ് സിഐഎ മുന്നറിയിപ്പ് നൽകിയിരുന്നെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഓഗസ്റ്റ് 29നാണ് ഐഎസ് ഭീകരരെ ലക്ഷ്യമിട്ടു യുഎസ് ഡ്രോൺ ആക്രമണം നടത്തിയത്. നീണ്ട നേരത്തേ നിരീക്ഷണത്തിനു ശേഷമായിരുന്നു ആക്രമണമെന്നാണ് അധികൃതർ അറിയിച്ചത്.

എന്നാൽ ഐഎസ് തീവ്രവാദിയാണെന്നു കരുതി സന്നദ്ധപ്രവർത്തകനെയും ഒൻപതംഗ കുടുംബത്തെയുമാണു വധിച്ചത്. ഇതിൽ തെറ്റുപറ്റിയെന്ന് യുഎസ് സമ്മതിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു. ‘അതൊരു തെറ്റായിരുന്നു. ഞാൻ ക്ഷമ ചോദിക്കുന്നു. കമാൻഡർ എന്ന നിലയ്ക്ക് ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു’– യുഎസ് സെൻട്രൽ കമാൻഡിന്റെ കമാൻഡർ ജനറൽ ഫ്രാങ്ക് മക്കെൻസി രാജ്യാന്തര മാധ്യമത്തോട് പറഞ്ഞു.

കലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂട്രിഷൻ ആൻഡ് എജ്യുക്കേഷൻ ഇന്റർനാഷനൽ എന്ന സന്നദ്ധ സംഘടനയിൽ ജോലി ചെയ്തിരുന്ന സെമാരി അഹ്മദും ഒൻപതംഗ കുടുംബവുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മൂന്നു നാട്ടുകാർ മരിച്ചെന്നാണ് ആദ്യം യുഎസ് വിശദീകരിച്ചത്. പിന്നീട് ടൈംസിന്റെ റിപ്പോർട്ട് പുറത്തുവന്നതോടെ കുറ്റം സമ്മതിക്കുകയായിരുന്നു,
സെമാരിയുടെ കാറിനെ ദിവസം മുഴുവൻ നിരീക്ഷിച്ച ശേഷമാണ് എംക്യു-9 റീപ്പർ ആക്രമണം നടത്തിയതെന്നാണ് യുഎസ് സൈന്യം വ്യക്തമാക്കിയത്. എന്നാൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി കാബൂളിൽ ചുറ്റിക്കറങ്ങുകയാണ് അദ്ദേഹം ചെയ്തിരുന്നതെന്ന്, ആ ദിവസം സെമാരി പോയ സ്ഥലങ്ങളിലെ ആളുകളിൽനിന്നു ശേഖരിച്ച വിവരം ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കി.

ഒപ്പം ജോലി ചെയ്തിരുന്നവരെ വീടുകളിൽ എത്തിച്ച ശേഷം വൈകിട്ട് 4.50ന് വിമാനത്താവളത്തിനു സമീപത്തുള്ള വീടിന്റെ മുറ്റത്തെത്തിയപ്പോഴാണ് ഡ്രോണിൽനിന്ന് ഹെൽഫയർ മിസൈൽ അദ്ദേഹത്തിനു നേരെ തൊടുത്തതെന്നും റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. സെമാരി വന്നതറിഞ്ഞ് കാറിന് അടുത്തേക്ക് എത്തിയ ഏഴ് കുട്ടികൾ അടക്കമുള്ള കുടുംബാംഗങ്ങളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ആക്രമണത്തിനു ശേഷം കാറിലുണ്ടായിരുന്ന സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചിരുന്നു എന്ന ന്യായീകരണമാണ് യുഎസ് സൈന്യം നൽകുന്നത്. എന്നാൽ രണ്ടാം സ്‌ഫോടനത്തിന്റെ യാതൊരു തെളിവുകളും സംഭവസ്ഥലത്തുനിന്ന് ലഭിച്ചിട്ടില്ലെന്നാണ് അവിടെ പരിശോധിച്ച ടൈംസ് സംഘം റിപ്പോർട്ട് ചെയ്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close