NEWSTrendingWORLD

പരമാവധി 174 പേരെ വഹിക്കാൻ കഴിയുന്ന വിമാനത്തിൽ കുത്തിനിറച്ചത് എണ്ണൂറോളം പേരെ; വിമാനചിറകുകളിലും ടയറുകൾക്കിടയിലും ഇരുന്ന് പോലും രാജ്യം വിടാൻ പണിപ്പെട്ട് അഫ്ഗാൻ ജനത

കാബൂൾ: രണ്ട് ദശാബ്ദം മുന്നത്തെ താലിബാൻ ഭാരത്തിന്റെ ഭീകരതകൾ ഓർമയിൽ ശേഷിക്കുന്ന അഫ്ഗാൻ ജനത, ഏതു വിധേനയും ജന്മനാട് വിട്ട് ഒരു സുരക്ഷിത കേന്ദ്രത്തിൽ എത്തിച്ചേരാനുള്ള തയ്യാറെടുപ്പിലാണ്. വിമാനചിറകുകൾക്ക് മുകളിൽ അള്ളിപ്പിടിച്ചും ടയറിനിടയിൽ ഇരുന്നും പോലും നാട് വിടാൻ ശ്രമിക്കുന്നവരുടെയും താഴേക്ക് നിലം പതിക്കുന്നവരുടെയും ദാരുണമായ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു.

പരമാവധി 174 പേരെ വഹിക്കാവുന്ന അമേരിക്കന്‍ വ്യോമസേനയുടെ സി-17എ ചരക്കുവിമാനം ഖത്തറിലെ അല്‍ ഉദൈയ്ദ് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിച്ചത് എണ്ണൂറോളം യാത്രക്കാരെ ഉൾക്കൊള്ളിച്ചെന്ന് ആണെന്നുള്ള വിവരങ്ങളാണ് അന്താരാഷ്ട്ര മാധ്യമമായ ദ ഡ്രൈവ് റിപ്പോർട്ട് ചെയ്യന്നത്. താലിബാന്‍ അധികാരം സ്ഥാപിച്ച അഫ്ഗാനിസ്ഥാനില്‍ നിന്നും പരമാവധി പേരേയും കൊണ്ട് പറക്കാനുള്ള ശ്രമമാണ് ഇങ്ങനെയൊരു അതിസാഹസത്തിന് അമേരിക്കന്‍ വ്യോമസേനയ്ക്ക് പ്രചോദനമായത്.

പരമാവധി 77,564 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയാണ് അമേരിക്കന്‍ വ്യോമസേനയുടെ സി–17എ ഗ്ലോബ്മാസ്റ്റര്‍ ചരക്കു വിമാനത്തിനുള്ളത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ശരാശരി 90 കിലോഗ്രാം ഭാരമുള്ള (ബാഗുകള്‍ അടക്കം) 800 പേരെ പരമാവധിയില്‍ കയറ്റാനാകും. എന്നാൽ പരമാവധി 134 സൈനികര്‍ക്ക് ഇരുന്ന് സഞ്ചരിക്കാവുന്ന രീതിയിലാണ് ഈ വിമാനം നിര്‍മിച്ചിരിക്കുന്നത്. അത്യാവശ്യഘട്ടങ്ങളില്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കാമെങ്കിലും ഒരിക്കലും 800 പേരെ ഒരൊറ്റ യാത്രയില്‍ ഉള്‍ക്കൊള്ളിക്കുമെന്ന് ഈ വിമാനം നിര്‍മിച്ചവര്‍ പൊലും കരുതിയിട്ടുണ്ടാവില്ല. പണ്ടൊരിക്കൽ പരമാവധി 670 പേരെ വരെ സി–17എ വിമാനത്തില്‍ കയറ്റിയിട്ടുണ്ടെന്നാണ് ദ ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഫ്ഗാനിസ്ഥാനിലെ എന്തും സംഭവിക്കാവുന്ന സാഹചര്യത്തില്‍ നിന്നും പരമാവധി പേരെ രക്ഷിച്ചെടുക്കാനാണ് യുഎസ് വ്യോമസേനാ വിമാനം 800 പേരുമായി പറന്നുയര്‍ന്നത്. നിരവധി വെല്ലുവിളികളുള്ളതിനാല്‍ കാബൂളിലെ ഹമീദ് കര്‍സായി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഇത്തരമൊരു സാഹസിക പറക്കലിന് മുന്നോടിയായി പല മുന്നൊരുക്കങ്ങളും ചെയ്യേണ്ടി വന്നിരുന്നു.

അഫ്ഗാനിസ്ഥാനില്‍ നിന്നും ഖത്തറിലേക്കായിരുന്നു വിമാനം പറന്നതെങ്കില്‍ കൂടി ആകാശത്തു വെച്ച് സി–17എയില്‍ ഇന്ധനം നിറക്കുകയും ചെയ്തു. ഇന്ധനത്തിന്റെ അധികഭാരം കുറച്ച് പരമാവധി പേരെ ഉള്‍ക്കൊള്ളിക്കുക എന്ന തന്ത്രമായിരുന്നുവെന്നാണ് ഫോബ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഒരുപക്ഷേ കൂടുതല്‍ ഇന്ധനമുണ്ടായിരുന്നെങ്കില്‍ ഇത്രയും മനുഷ്യരുമായി പറന്നുയരുക സി–17ന് അസാധ്യമായേക്കുമെന്ന തിരിച്ചറിവാണ് ഇങ്ങനെയൊരു തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നു വേണം കരുതാന്‍.

താലിബാന് മുന്നില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ സംവിധാനത്തിന്റേയും സൈന്യത്തിന്റേയും അതിവേഗത്തിലുള്ള കീഴടങ്ങലാണ് നൂറുകണക്കിന് വിദേശികളുടെ ജീവന്‍ അപകടത്തിലാക്കുന്ന സാഹചര്യം സൃഷ്ടിച്ചത്. അമേരിക്ക മാത്രമല്ല ഇന്ത്യ അടക്കമുള്ള മറ്റു രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ പ്രത്യേകം വിമാനങ്ങള്‍ അയച്ചിരുന്നു. രണ്ട് സി–17എ വിമാനങ്ങളാണ് ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്കയച്ചത്. കാനഡ, ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യുഎഇ തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ വ്യോമമാര്‍ഗം രക്ഷിച്ചെടുക്കാന്‍ ശ്രമം നടത്തി.

കാബൂളിലെ അമേരിക്കന്‍ എംബസിയില്‍ ഉണ്ടായിരുന്ന ജീവനക്കാരെ ഹെലിക്കോപ്റ്ററുകളിലാണ് രക്ഷിച്ചെടുത്തത്. എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം അമേരിക്കന്‍ എംബസിയിലെ മാത്രം 500ലേറെ ജീവനക്കാരെ അഫ്ഗാനിസ്ഥാനില്‍ നിന്നും വ്യേമമാര്‍ഗം രക്ഷിച്ചിട്ടുണ്ട്. ഏതാണ്ട് 20000ത്തോളം അമേരിക്കക്കാരാണ് കാബൂളില്‍ മാത്രം ഉണ്ടായിരുന്നതെന്നാണ് കരുതപ്പെടുന്നത്. അമേരിക്കന്‍ പൗരന്മാര്‍ ഏതാണ്ട് പൂര്‍ണമായി തന്നെ അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെടുത്താനായിട്ടുണ്ട്. അതേസമയം അമേരിക്കയെ പിന്തുണക്കുകയും താലിബാനെതിരെ നിലപാടെടുക്കുകയും ചെയ്തിരുന്ന അഫ്ഗാനിസ്ഥാന്‍ പൗരന്മാരാണ് മരണ ഭീതിയിലുള്ളത്. ക്രൂരതക്കും പ്രതികാരത്തിനും പേരുകേട്ട താലിബാന്‍ ഇവരെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെക്കുറിച്ചുള്ള ധാരണ 1996-2001 കാലത്തെ താലിബാന്‍ ഭരണം നല്‍കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close