
വാഷിങ്ടൻ: 44 ചൈനീസ് യാത്രാ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തലാക്കി അമേരിക്ക. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. എയർ ചൈന, ചൈന ഈസ്റ്റേൺ എയർലൈൻസ്, ചൈന സതേൺ എയർലൈൻസ്, സിയാമെൻ എയർലൈൻസ് എന്നീ കമ്പനികളുടെ കീഴിലുള്ള വിമാനങ്ങളാണ് താൽക്കാലികമായി നിർത്തിവെച്ചത്. ബെയ്ജിങിൽ വിന്റർ ഒളിമ്പിക്സ് തുടങ്ങാനിരിക്കെയാണ് യുഎസിന്റെ നിർണായക നടപടി. ജനുവരി 30നും മാര്‍ച്ച് 29നും ഇടയില്‍ യുഎസില്‍നിന്ന് ചൈനയിലേക്കു പോകേണ്ടിയിരുന്ന വിമാനങ്ങള്‍ക്കാണു നിയന്ത്രണം.
യുഎസിൽനിന്നും ചൈനയിലെത്തിയ യാത്രക്കാർക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് യുഎസിന്റെ അമേരിക്കൻ, ഡെൽറ്റ, യുണൈറ്റഡ് എയർലൈനുകളുടെ വിമാനങ്ങൾ സർക്യൂട്ട് ബ്രേക്കർ നയം ഉപയോഗിച്ച് ചൈന നിർത്തലാക്കിയിരുന്നു. (വിമാനങ്ങളിൽ കൂടുതൽ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്താൽ ആ റൂട്ടിലേക്കുള്ള വിമാനങ്ങൾ നിർത്തുന്നതാണ് ‘സർക്യൂട്ട് ബ്രേക്കർ’). ഇത്തരത്തിലുള്ള നടപടി പൊതുതാൽപര്യത്തിനു നിരക്കാത്തതാണെന്നും ഉടൻ പരിഹാരം കാണണമെന്നും യുഎസ് ഗതാഗതവകുപ്പ് പ്രതികരിച്ചിരുന്നു.
കോവിഡ് കേസുകൾ കൂടുന്നതിനാൽ അതിർത്തികളിൽ കർശന നിയന്ത്രണമാണ് ചൈന പിന്തുടരുന്നത്. സീറോ കോവിഡ് സമീപനം പിന്തുടരുന്നുണ്ടെങ്കിലും രാജ്യത്ത് ക്ലസ്റ്ററുകളുടെ എണ്ണം വർധിക്കുന്നുണ്ട്. അടുത്തമാസം നടക്കാനിരിക്കുന്ന വിന്റർ ഒളിമ്പിക്സിനെ ഇതു ബാധിക്കുമോ എന്ന ആശങ്കയിലാണ് ചൈന.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..