NEWSWORLD

അമേരിക്കക്കാരെയും ബ്രിട്ടീഷുകാരെയും സഹായിക്കുന്നവര്‍ കീഴടങ്ങുകയോ മരിക്കുയോ ചെയ്യണമെന്ന്‌ താലിബാന്‍; ഇക്കാര്യം സൂചിപ്പിക്കുന്ന കത്തുകള്‍ എല്ലാ വീടുകളിലും പതിച്ചു


കാബൂള്‍: അമേരിക്കയടക്കമുള്ള സഖ്യസേനയിലെ അംഗങ്ങള്‍ക്ക്‌ സഹായം നല്‍കുന്നവര്‍ കീഴടങ്ങുകയോ മരിക്കുകയോ ചെയ്യണമെന്ന്‌ താലിബാന്റെ അന്ത്യശാസനം. ഇക്കാര്യംകാട്ടി വീടുകളുടെ കവാടങ്ങളില്‍ താലിബാന്‍ പോസ്‌റ്ററുകള്‍ പതിച്ച്‌കഴിഞ്ഞു.

ഇത്തരക്കാര്‍ താലിബാന്റെ ഒരു കോടതിയില്‍ ഹാജരാകണമെന്നും ശിക്ഷ അവിടെ വച്ച്‌ വിധിക്കുമെന്നും പോസ്‌റ്ററില്‍ പറയുന്നുണ്ട്‌. ബ്രിട്ടീഷ്‌ സൈന്യത്തിന്‌ വേണ്ടി ദ്വിഭാഷിയായി പ്രവര്‍ത്തിച്ച ഒരാള്‍ക്ക്‌ താലിബാന്റെ ഭീഷണിക്കത്ത്‌ ലഭിച്ചിട്ടുണ്ട്‌. ഇതില്‍ അദ്ദേഹത്തെ ഈശ്വരനിന്ദ നടത്തിയ ചാരന്‍ എന്നാണ്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌.

അഫ്‌ഗാനില്‍ നിന്ന്‌ അമേരിക്കയുടെ അവസാന സൈനികനും പിന്‍വാങ്ങിയ ശേഷമായിരുന്നു പോസ്‌റ്ററുകള്‍ പതിപ്പിച്ചത്‌. രാജ്യത്ത്‌ അവശേഷിക്കുന്ന അമേരിക്കക്കാരടക്കമുള്ള വിദേശികളുടെ സ്ഥിതി ഇതോടെ അതീവ ദയനീയമായിരിക്കുകയാണ്‌.ഇവരെ ഇവിടെ നിന്ന്‌ ആട്ടിപ്പായിക്കുകയാണ്‌. വിദേശികളെ ആരെങ്കിലും സഹായിക്കുന്നുണ്ടോയെന്നറിയാന്‍ ഇവര്‍ പരിശോധനകളും നടത്തുന്നുണ്ട്‌.

താലിബാന്‍ കോടതിയില്‍ ഹാജരാകാത്തവര്‍ വധശിക്ഷ നേരിടാന്‍ തയാറാകണമെന്നും നിര്‍ദ്ദേശമുണ്ട്‌. മറ്റൊരു ദ്വിഭാഷിയുടെ ഷൂവിനുള്ളില്‍ ഭീഷണി കത്ത്‌ വച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്‌. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനായി ഷൂ ഊരിയിട്ട ശേഷം പള്ളിയില്‍ പോയി മടങ്ങി വന്നപ്പോഴാണ്‌ ഇത്‌ കണ്ടത്‌. അഫ്‌ഗാനില്‍ നിന്ന്‌ പോകണമെന്നാണ്‌ തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന്‌ ഇവര്‍ പറഞ്ഞു. അതിനായി കാബൂള്‍ വിമാനത്താവളത്തിലും എത്തിയതാണ്‌. എന്നാല്‍ തിരക്ക്‌ മൂലം വിമാനത്തിനുള്ളില്‍ കയറാനായില്ല.ഇപ്പോള്‍ തങ്ങള്‍ കുടുങ്ങിയ അവസ്ഥയിലാണെന്നും കുടുംബാംഗങ്ങളുടെ പോലും ജീവന്‍ അപകടത്തിലാണെന്നും ഇവര്‍ പറയുന്നു.

ഇത്തരത്തില്‍ ഭീഷണിക്കത്തുകള്‍ പതിക്കുന്നത്‌ താലിബാന്റെ സ്വഭാവമാണ്‌. ഇരുപത്‌ വര്‍ഷം മുന്‍പ്‌ അധികാരത്തില്‍ ഇരിക്കുമ്പോഴും ഇവരുടെ രീതി ഇതായിരുന്നു. അന്ന്‌ ഗ്രാമങ്ങളില്‍ മാത്രമായിരുന്നു ഇത്തരത്തില്‍ കത്തുകള്‍ പതിച്ചിരുന്നതെങ്കില്‍ ഇക്കുറി ഇത്‌ നഗരങ്ങളിലും വ്യാപകമായി ചെയ്യുന്നുണ്ട്‌. താലിബാന്റെ ഭരണതന്ത്രങ്ങളില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്ന സൂചനയാണ്‌ ഇത്‌ നല്‍കുന്നതെന്ന്‌ വിലയിരുത്തുന്നു.എങ്കിലും തങ്ങള്‍ മിതവാദികളായെന്ന ഒരു പ്രതിച്ഛായ സൃഷ്ടിക്കാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ട്‌.

കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം പിടിച്ചതോടെ നിരന്തരം വെടിയൊച്ചകള്‍ കേട്ടതായി നാട്ടുകാര്‍ പറയുന്നു. 20 വര്‍ഷം നീണ്ട അമേരിക്കന്‍ അധിനിവേശം അവസാനിച്ചതോടെ കൂടുതല്‍ ശക്തരായാണ്‌ താലിബാന്‍ തിരിച്ചെത്തിയിരിക്കുന്നത്‌. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമായ യുദ്ധത്തില്‍ 2500 അമേരിക്കന്‍ സൈനികരുടെ ജീവനാണ്‌ പൊലിഞ്ഞത്‌. 240,000അഫ്‌ഗാനികളും മരിച്ചു. രണ്ട്‌ ട്രില്യണ്‍ അമേരിക്കന്‍ ഡോളറും ഈ യുദ്ധത്തിനായി ചെലവായെന്നാണ്‌ കണക്ക്‌.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close