
ലക്നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിൽ എത്തുമെന്ന് പ്രവചിച്ച് റിപ്പബ്ലിക് സർവേ. യുപിയിൽ 403 നിയമസഭാ സീറ്റുകളിലേക്കായി ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി, എസ്പി, ബിഎസ്പി, കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങിയ പാർട്ടികൾ തമ്മിലാണ് ശക്തമായ മത്സരം നടക്കുന്നത്. റിപ്പബ്ലിക് ടിവിയും പി മാർക്യുവും സംയുക്തമായി നടത്തിയ സർവ്വേയുടെ ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ മത്സരത്തിനിറങ്ങുന്ന ബിജെപി 252-272 സീറ്റുകൾ വരെ നേടി അധികാരം നിലനിർത്തുമെന്നാണ് സർവ്വേ പ്രവചിച്ചിരിക്കുന്നത്.
അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പി 111 മുതൽ 131 വരെ സീറ്റുകൾ നേടിയേക്കാം. ബിഎസ്പി 8 – 16വരെയും, കോൺഗ്രസ് 3-9 മറ്റുള്ളവർ 4 വരെ സീറ്റ് നേടിയേക്കാമെന്നുമാണ് പ്രവചനം. സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെയാണ് ഭൂരിഭാഗം പേരും തിരഞ്ഞെടുത്തിരിക്കുന്നത്. 41.2 ശതമാനം പേർ വീണ്ടും യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് പ്രവചിക്കുന്നത്. 29.4 ശതമാനം പേർ അഖിലേഷ് യാദവിനെ പിന്തുണയ്ക്കുന്നു. 13.4 ശതമാനം പേർ മായാവതിയേയും, 5.8 ശതമാനം പേർ പ്രിയങ്ക ഗാന്ധിയേയും 0.9 ശതമാനം പേർ ജയന്ത് ചൗധരിയേയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നുണ്ട്.
കേന്ദ്രസർക്കാർ സംസ്ഥാനത്ത് നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചും സർവ്വേ വിലയിരുത്തുന്നുണ്ട്. 34 ശതമാനം പേർ മോദി സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അതീവ സന്തുഷ്ടരാണ്. മികച്ച പ്രവർത്തനമാണെന്ന് 28 ശതമാനം പേർ പറയുന്നു. ശരാശരിയാണെന്ന് 28 ശതമാനം പേരും മോശം പ്രവർത്തനങ്ങളാണെന്ന് 14 ശതമാനം പേരും വിലയിരുത്തുന്നു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..