KERALANEWSTop News

കുഞ്ഞാലിക്കുട്ടിയുടെ കണ്ണുരുട്ടലിൽ ഭയന്ന് വി ഡി സതീശൻ; ന്യൂനപക്ഷ സ്കോളർഷിപ്പിൽ നിലപാട് മാറ്റിയത് മുസ്ലീം ലീ​ഗിന്റെ അനിഷ്ടം ഭയന്ന്; യുഡിഎഫിലെ അവസാനവാക്കായി വീണ്ടും ലീ​ഗ് മാറുന്നത് ഇങ്ങനെ…

തിരുവനന്തപുരം: കോൺ​ഗ്രസ് വീണ്ടും മുസ്ലീം ലീ​ഗിന്റെ സമ്മർദ്ദത്തിന് വഴങ്ങുന്നു എന്ന ആരോപണം ശക്തമാകുന്നു. ന്യൂനപക്ഷ സ്കോർഷിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് മാറ്റമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങൾ ചർച്ച ചെയ്യുന്നത്. മുസ്ലീം ലീ​ഗ് സമ്മർദ്ദത്തിന് വഴങ്ങിയാണ് കോൺ​ഗ്രസ് നേതാവ് മൂന്നു തവണ നിലപാട് മാറ്റിയതെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. ഒരു ഇടക്കാലത്തിന് ശേഷം യുഡിഎഫിൽ പി കെ കുഞ്ഞാലിക്കുട്ടി അവസാന വാക്കാകുന്ന കാഴ്ച്ചയാണ് ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ കാണാനാകുന്നത്.ലീ​ഗ് അഭിപ്രായത്തിന് അനുസരിച്ച് കോൺ​ഗ്രസ് നിലപാട് മാറ്റുന്നതിൽ കോൺ​ഗ്രസിനുള്ളിലും അഭിപ്രായ വ്യത്യാസമുണ്ട്.

ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽഇന്ന് നടത്തിയ രണ്ട് പ്രതികരണങ്ങളിലടക്കം രണ്ടുദിവസങ്ങളിലായി മൂന്നു തവണയാണ് പ്രതിപക്ഷ നേതാവ് വിഷയത്തിൽ പരസ്പര വിരുദ്ധമായ നിലപാടുകളുമായി രംഗത്തെത്തിയത്. ഇന്നലെ കാസർഗോഡ് മാധ്യമങ്ങളോട് സംസാരിച്ച വി ഡി സതീശൻ ജനസംഖ്യാ ആനുപാതികമായി സ്‌കോളർഷിപ്പുകൾ നിശ്ചയിക്കുന്നതുവഴി മുസ്ലിം സമുദായത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ കുറവുണ്ടാകുമെന്ന മുസ്ലിം ലീഗിന്റെ നിലപാടിനൊപ്പമായിരുന്നു. പ്രതിപക്ഷവുമായി ചർച്ച ചെയ്യാതെയാണ് പുതിയ അനുപാതം സർക്കാർ നിശ്ചയിച്ചിരിക്കുന്നതെന്നും ഈ നടപടി പാലോളി, സച്ചാർ കമ്മിറ്റികളുടെ ശുപാർശകളുടെ അന്തസത്ത പൂർണ്ണമായും ഇല്ലാതാക്കുന്നതാണെന്നുമായിരുന്നു പ്രതിപക്ഷനേതാവിന്റെ വിമർശനം.

എന്നാൽ ഇന്ന് കോട്ടയത്ത് മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിൽ വി ഡി സതീശൻ തന്റെ മുൻ പരാമർശത്തെ തള്ളുന്ന പ്രതികരണമാണ് നടത്തിയത്. ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ മുസ്ലിം സമുദായത്തിന് നഷ്ടം സംഭവിച്ചുവെന്ന് പറഞ്ഞിട്ടില്ലെന്നും സ്‌കോളർഷിപ്പ് കിട്ടുന്ന ഒരു സമുദായത്തിനും നഷ്ടമുണ്ടായിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പുതിയ നിലപാട്. നിലവിലുള്ള സ്‌കോളർഷിപ്പ് കുറക്കാതെ മറ്റ് സമുദായങ്ങൾക്കുകൂടി ആനുപാതികമായി സ്‌കോളർഷിപ്പ് കൊടുക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്ന് പ്രഖ്യാപിച്ച പ്രതിപക്ഷനേതാവ് നിലവിലുള്ള ഉത്തരവ് യുഡിഎഫിന്റെ കൂടി അഭിപ്രായം മാനിച്ചുകൊണ്ടാണെന്നും പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അഭിപ്രായത്തിനെതിരെ മുസ്ലിം ലീഗ് രംഗത്തെത്തി. വി ഡി സതീശന്റെ നിലപാട് സതീശനോട് ചോദിക്കണമെന്ന് കെപിഎ മജീദ് എംഎൽഎ പറഞ്ഞു. സർക്കാർ തീരുമാനം മുസ്ലിം സമുദായത്തിന് നഷ്ടം തന്നെയാണ്. മുസ്ലിം ലീഗിന്റെ നിലപാട് വ്യത്യസ്തമാണ്. അത് യോഗത്തിൽ പറഞ്ഞിട്ടുണ്ടെന്നും കെപിഎ മജീദ് പ്രതികരിച്ചു.

യുഡിഎഫ് നിർദേശം വെച്ചതിന്റെ അടിസ്ഥാനത്തിലല്ല ഈ തീരുമാനം വന്നത്. ലീഗിന്റെ നിലപാട് ചർച്ചയ്ക്ക് മുമ്പു തന്നെ മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. സ്‌കോളർഷിപ്പ് ആരംഭിക്കുന്നത് തന്നെ സച്ചാർ, പാലൊളി കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ്. സച്ചാർ കമ്മീഷൻ മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ വേണ്ടി മാത്രമുള്ള കമ്മീഷനാണ്. സ്വഭാവികമായും ആ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ആനുകൂല്യം ലഭിക്കേണ്ടത് പിന്നോക്ക മുസ്ലിം സമുദായത്തിനാണ്.

മറ്റു വിഭാഗങ്ങൾക്ക് ആനുകൂല്യം കൊടുക്കുന്നതിന് ലീഗ് എതിരല്ല. ജനസംഖ്യാനുപാതികമായി വേറൊരു പദ്ധതി പ്രകാരം അത്തരത്തിലുള്ള ആളുകൾക്ക് ആനുകൂല്യം കൊടുക്കണമെന്നാണ് ലീഗ് വ്യക്തമാക്കിയത്. സച്ചർ കമ്മീഷന്റെ റിപ്പോർട്ട് വെള്ളം ചേർക്കുകയോ, തള്ളിക്കളയുകയോ ആണ് ഇപ്പോൾ സംഭവിച്ചിട്ടുള്ളത്. നേരത്തെ 80 ശഥമാനം മുസ്ലിം സമുദായത്തിന് ലഭിച്ചിരുന്നത് ഇപ്പോൾ 59 ശതമാനമായി ചുരുങ്ങും. സച്ചാർ, പാലൊളി കമ്മീഷനുകളെ കുഴിച്ചുമൂടുകയാണ് സർക്കാർ ചെയ്തതെന്നും കെപിഎ മജീദ് പറഞ്ഞു.

ലീഗ് എതിർപ്പുമായി രംഗത്തു വന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുൻ നിലപാട് തിരുത്തി. സർക്കാർ തീരുമാനത്തോടുള്ള പിന്തുണ ഭാഗികം മാത്രമാണ്. യുഡിഎഫ് ഫോർമുലയാണ് താരതമ്യേന മെച്ചപ്പെട്ടത്. എന്നാൽ സർക്കാർ അത് പരിഗണിച്ചില്ല. മുസ്ലിംകൾക്കായി മാത്രമുള്ള പദ്ധതി നഷ്ടമായതിലാണ് ലീഗിന്റെ പരാതി. ലീഗ് പറഞ്ഞത് തന്നെയാണ് താനും പറഞ്ഞത്. ലീഗ് നിലപാട് യുഡിഎഫ് ചർച്ച ചെയ്യുമെന്നും വി ഡി സതീശൻ പറഞ്ഞു.

ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായെന്ന് താൻ പറഞ്ഞിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. മുസ്ലിം സമുദായത്തിന് നഷ്ടം ഉണ്ടായിട്ടില്ല. നിലവിൽ സ്‌കോളർഷിപ്പ് കിട്ടുന്ന ഒരു സമുദായത്തിനും നഷ്ടം ഉണ്ടായിട്ടില്ല. മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായി എന്ന് തന്റെ പേരിൽ വാർത്തയുണ്ട്. എന്നാൽ താൻ അങ്ങനെ പറഞ്ഞിട്ടില്ല. ആ വാർത്ത വാസ്തവവിരുദ്ധമാണ്.

മുസ്ലിം, പരിവർത്തിത ക്രിസ്ത്യൻ, ലത്തീൻ ക്രിസ്ത്യൻ എന്നീ മൂന്നു വിഭാഗങ്ങൾക്കാണ് സ്‌കോളർഷിപ്പ് കിട്ടിക്കൊണ്ടിരിക്കുന്നത്. അവരുടെ നിലവിലുള്ള സ്‌കോളർഷിപ്പുകൾ നിലനിർത്തുമെന്നാണ് മന്ത്രിസഭാ തീരുമാനം എന്നാണ് തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. നഷ്ടം ഉണ്ടായെന്ന വാർത്ത തെറ്റാണെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close