KERALANEWS

‘കംഫട്ടബിള്‍ വസ്ത്രം അവര്‍ ധരിക്കട്ടെ; യൂണിഫോം മാത്രം മാറിയാല്‍ പോരാ, കാഴ്ചപ്പാടുകളും മാറണം’; വി ടി ബല്‍റാം

പാലക്കാട്: ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ആദ്യമായി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കിയ ബാലുശേരി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കേരളത്തില്‍ വലിയ രീതിയിലുള്ള ചർച്ചയ്‌ക്കാണ്‌ തുടക്കം കുറിച്ചിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് പാന്റും ഷര്‍ട്ടും ഏര്‍പ്പെടുത്തിയതിനെതിരെ മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി സ്‌കൂളിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു കൂടാതെ മറ്റു പലരും ഇതിനെ എതിർത്ത രംഗത്ത് എത്തിയിരുന്നു. സ്ത്രീ സമൂഹത്തെ അപമാനിക്കുന്നതാണ് ഈ തീരുമാനം എന്ന തരത്തിലായിരുന്നു പ്രതികരണം. ഇതിന് പിന്നാലെ നടപടിയെ പിന്തുണച്ച് മുന്‍ എംഎല്‍എ വി.ടി ബല്‍റാം രംഗത്തെത്തി. അവര്‍ക്ക് കംഫട്ടബിള്‍ ആയി തോന്നുന്ന വസ്ത്രം അവര്‍ ധരിക്കട്ടെന്ന് ബല്‍റാം കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

അവര്‍ക്ക് കംഫട്ടബിള്‍ ആയി തോന്നുന്ന വസ്ത്രം അവര്‍ ധരിക്കട്ടെ. ഫ്രീഡം ഓഫ് ചോയ്‌സും ഈക്വാളിറ്റിയും ജന്‍ഡറും ഒബ്ജക്റ്റിഫിക്കേഷനുമൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന ഇടങ്ങളായി നമ്മുടെ വിദ്യാലയങ്ങള്‍ മാറട്ടെ. യൂണിഫോമിറ്റിയല്ല, ഡൈവേഴ്‌സിറ്റി തന്നെയാണ് ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യം. അതിനാല്‍ സ്‌ക്കൂള്‍ യൂണിഫോമിനകത്തും പരമാവധി വൈവിധ്യങ്ങള്‍ക്കുള്ള കുട്ടികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാനുള്ള സാധ്യത ആരായാവുന്നതാണ്. നിലവില്‍ യൂണിഫോമുകള്‍ കൂടുതലും വിലക്കുകളുടെ രൂപത്തിലാണ് കടന്നുവരുന്നത്, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക്. ചുരിദാറേ ധരിക്കാന്‍ പാടൂ, ചുരിദാറിന് സ്ലിറ്റ് ഉണ്ടാവാന്‍ പാടില്ല, ഉണ്ടെങ്കില്‍ത്തന്നെ അതിന് നീളമുണ്ടാവാന്‍ പാടില്ല, ഷാള്‍ നെഞ്ചിലേക്ക് എത്ര വരെ ഇറക്കിയിടണം, മുടി രണ്ടുവശത്തേക്കും എങ്ങനെ പിന്നിയിടണം, എങ്ങനെ റിബണ്‍ കെട്ടണം, എന്നിങ്ങനെ വിലക്കുകളുടെ അയ്യരുകളിയാണ്.

ആണ്‍കുട്ടികള്‍ക്കാണെങ്കില്‍ ഇത്തരം പൊല്ലാപ്പുകള്‍ അധികമില്ല. ഇതില്‍ നിന്നൊക്കെ ഒരു മാറ്റമുണ്ടാവുന്ന ഏതൊരു നീക്കവും സ്വാഗതാര്‍ഹമാണ്. ആ നിലയില്‍ കൂടുതല്‍ സ്വാതന്ത്ര്യങ്ങളും ചോയ്‌സുകളും അനുവദിക്കപ്പെടുന്ന തരത്തിലാണ് ഡ്രസ് കോഡ് മാറേണ്ടത്, പുതിയ അടിച്ചേല്‍പ്പിക്കലുകളുടെ രൂപത്തിലല്ല. അതിന് യൂണിഫോം മാത്രം മാറിയാല്‍ പോരാ, കാഴ്ചപ്പാടുകളും മാറണം.

ബാലുശ്ശേരിയിലെ പരീക്ഷണം അവിടം കൊണ്ട് അവസാനിക്കുന്ന സാഹചര്യമുണ്ടാവരുത്. അതുകൊണ്ട് തന്നെ അമിതാവേശവും ആക്രോശങ്ങളുമല്ല ഇക്കാര്യത്തില്‍ വേണ്ടത്. മറിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ കൂടുതല്‍ ജനാധിപത്യപരമായ ചര്‍ച്ചകളും ബോധ്യപ്പെടുത്തലുകളുമാണ് ഉണ്ടാവേണ്ടത്. ‘ജന്‍ഡര്‍ ന്യൂട്രല’ടക്കം ഏത് പേരിട്ട് വിളിച്ചാലും മനസ്സിനിണങ്ങുന്നതും സൗകര്യപ്രദവുമായ വസ്ത്രധാരണ രീതികള്‍ സ്വയം തെരഞ്ഞെടുക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് തന്നെ കഴിയുന്ന അവസ്ഥയാണ് നാം സൃഷ്ടിച്ചെടുക്കേണ്ടത്.വാര്യര് പറയണ പോലെ, ഇത് അവരുടെ കാലമല്ലേ!

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close