ദുരിതാശ്വാസ ക്യാമ്പുകളിൽ കോവിഡ് വാക്‌സിനേഷൻ സ്വീകരിക്കാത്തവർക്ക് വാക്‌സിൻ ഉറപ്പാക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കി ആരോഗ്യ മന്ത്രി വീണ ജോർജ്. ക്യാമ്പുകളിൽ കഴിയുന്ന എല്ലാവര്ക്കും തന്നെ ഇതിലൂടെ വാക്‌സിൻ ഉറപ്പാക്കും. പ്രത്യേക പദ്ധതിക്കായി ജില്ലകൾ ക്രമീകരണം ഏർപ്പെടുത്തി വരുന്നതായും മന്ത്രി വ്യക്തമാക്കി.
ക്യാമ്പുകളില്‍ കഴിയുന്നവരില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരുടേയും രണ്ടാം ഡോസ് എടുക്കാന്‍ കാലാവധിയെത്തിവരുടേയും വിവരങ്ങള്‍ ശേഖരിച്ചാണ് വാക്‌സിനേഷന്‍ നടത്തുന്നത്. സ്ഥല സൗകര്യമുള്ള ക്യാമ്പുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ടെത്തി വാക്‌സിന്‍ നല്‍കുന്നതാണ്. അല്ലാത്തവര്‍ക്ക് ക്യാമ്പിന് തൊട്ടടുത്തുള്ള സര്‍ക്കാരാശുപത്രിയില്‍ വാക്‌സിനേഷന്‍ എടുക്കാനുള്ള സൗകര്യമൊരുക്കുന്നതാണ്. മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകളുടേയും സേവനം ഉറപ്പാക്കുന്നതാണ്.
ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരും കാലതാമസം വരുത്തരുത്. കൊവിഷീല്‍ഡ് വാക്‌സിന്‍ 84 ദിവസം കഴിഞ്ഞും കൊവാക്‌സിന്‍ 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്.