Breaking NewsKERALANEWSTop News

ഇത് സി.പി.ഐ നേതാവ് പി.എസ്.ശ്രീനിവാസൻ നൽകിയ സമ്മാനം; റവന്യൂ വകുപ്പിനെയും സി കെ ആശ എംഎൽഎയേയും തള്ളി വൈക്കത്തെ സിപിഐ; വൈക്കം ബീച്ച് ന​ഗരസഭയുടേതായി നിലനിർത്തണമെന്ന് ജനപ്രതിനിധികൾ

കോട്ടയം: വൈക്കം ബീച്ചിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് റവന്യൂ വകുപ്പിന്റെയും എംഎൽഎ സി കെ ആശയുടെയും നിലപാടിനെ തള്ളി നഗരസഭയിലെ സിപിഐ അം​ഗങ്ങൾ. ബീച്ചിന്റെ ഉടമസ്ഥാവകാശം ന​ഗരസഭയിൽ നിലനിർത്തണമെന്ന നിലപാടാണ് കൗൺസിൽ യോ​ഗത്തിൽ സിപിഐ അം​ഗങ്ങൾ സ്വീകരിച്ചത്. ഭരണ-പ്രതിപക്ഷ അംഗങ്ങളും ബി.ജെ.പി.യും ഇക്കാര്യത്തിൽ ഏകാഭിപ്രായത്തിലെത്തിയതതോടെ 28-ന് പാലാ ആർ.ഡി.ഒ. വിളിച്ചിട്ടുള്ള യോഗത്തിൽ ഇത് സംബന്ധിച്ച് വിശദീകരണം നൽകാനാണ് ന​ഗരസഭയുടെ തീരുമാനം.

വൈക്കം നഗരസഭക്ക് ഉടമസ്ഥാവകാശം നൽകിയ കായലോര ബീച്ച് തിരിച്ചെടുക്കാനുള്ള റവന്യൂ വകുപ്പ് നീക്കമാണ് വിവാദമായത്. റവന്യു വകുപ്പിനെതിരെ സിപിഎം അടക്കം പ്രതിഷേധവുമായെത്തിയതോടെ സംഭവം രൂക്ഷമായി. സി.കെ ആശ എംഎൽഎയുടെ പിന്തുണയോടെയാണ് നഗരസഭക്കെതിരായ റവന്യു വകുപ്പിന്റെ നീക്കമെന്നാരോപിച്ച് യൂത്ത് കോൺഗ്രസും രംഗത്തെത്തി. വൈക്കം നഗരസഭക്ക് മൂന്ന് പതിറ്റാണ്ട് മുമ്പാണ് സർക്കാർ കായലുൾപ്പടെ 6 ഏക്കർ 80 സെന്റ് സ്ഥലം നൽകിയത്. കളിസ്ഥലവും സ്റ്റേഡിയവും നിർമ്മിക്കാനായിരുന്നു പദ്ധതി. തീരദേശ പരിപാലന നിയമപ്രകാരം നിർമാണ പ്രവർത്തനങ്ങൾക്ക് തടസമായതോടെ നഗരസഭ ഇവിടം കായലോര ബീച്ചാക്കി.

ഭൂമി നഗരസഭയുടേതാണെന്നതിൽ സി.പി.ഐ.യുടെ ഉൾപ്പെടെയുള്ള ഇടതുപക്ഷ പ്രതിനിധികൾക്ക് അഭിപ്രായവ്യത്യാസമില്ല. ബീച്ച് വികസനത്തിന്റെ പേരിൽ ഭൂമി സ്വകാര്യ സ്ഥാപനങ്ങൾക്ക്‌ കൈമാറാൻ റവന്യൂ അധികൃതർ ശ്രമിക്കുന്നതായാണ് പരാതി. വെള്ളിയാഴ്ച വൈക്കത്തെത്തിയ കളക്ടർ പി.കെ.ജയശ്രീയോട് ബീച്ചിൽ നഗരസഭയ്ക്കുള്ള അവകാശം സംബന്ധിച്ച് വിവരങ്ങൾ ചെയർപേഴ്‌സൺ രേണുകാ രതീഷ് അറിയിച്ചു. സി.പി.ഐ.യുടെ നിലപാടാണ് ഏറ്റവും ശ്രദ്ധേയമായത്.

സി.കെ.ആശ എം.എൽ.എ.യെ തള്ളുന്ന നിലപാടാണ് നഗരസഭാ കൗൺസിലിൽ സി.പി.ഐ. സ്വീകരിച്ചത്. നഗരസഭയ്ക്ക് അനുകൂലമായ നിലപാടാണ് അവരുടേത്. ബീച്ചിലെ ഭൂമി നഗരസഭയുടേതാക്കി നിലനിർത്താൻ സർവപിന്തുണയും സി.പി.ഐ. വാഗ്ദാനം ചെയ്തു. സി.പി.ഐ.യുടെ മന്ത്രിയായിരുന്ന പി.എസ്.ശ്രീനിവാസൻ റവന്യൂ വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് നഗരസഭയ്ക്ക് ബീച്ച് വിട്ടുനൽകിയതെന്ന് സി.പി.ഐ. പാർലമെന്ററി പാർട്ടി ലീഡർ ആർ.സന്തോഷ് ഓർമിപ്പിക്കുകയും ചെയ്തു.

വൈക്കം ബീച്ചിൽ ഒൻപത് കോടിയുടെ വികസനത്തിന് സർക്കാർ പദ്ധതി തയ്യാറാക്കിയതോടെയാണ് ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം ഉയർന്നത്. സ്ഥലം നഗരസഭയുടേത് ആയതിനാലല്ലേ 6.80 ഏക്കറിൽനിന്ന് 50 സെന്റ് സ്ഥലം കെ.ടി.ഡി.സി.ക്ക് കൊടുക്കാൻ കഴിഞ്ഞതെന്ന് ചെയർപേഴ്‌സൺ രേണുകാ രതീഷ് ചോദിക്കുന്നു. സംസ്ഥാന നഗരസഭാ ആക്ട് പ്രകാരം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും പുറമ്പോക്ക് വസ്തുക്കൾ തദ്ദേശ സ്ഥാപനങ്ങളുടെ അധീനതയിലാണ്. നഗരസഭയുടെ കൈവശമുള്ള ഭൂമി റവന്യൂ പുറമ്പോക്കാക്കി മാറ്റുന്നതെങ്ങനെയെന്ന് ചെയർപേഴ്‌സൺ ചോദിച്ചു.

ദേശീയ ജലപാതാവികസനത്തിന്റെ ഭാഗമായെടുത്ത മണ്ണിട്ട് ഉയർത്തിയ കായൽപുറമ്പോക്ക് അന്നത്തെ മന്ത്രിയായിരുന്ന സിപിഐ നേതാവ് പി.എസ്.ശ്രീനിവാസനാണ് നഗരസഭയ്ക്ക് കൈമാറിയത്. പിന്നീട് ഇവിടെ നടന്ന വികസനങ്ങളെല്ലാം നഗരസഭയാണ് ചെയ്തത്. കേരള ലളിതകലാ അക്കാദമി ഇവിടെ ശില്പങ്ങൾ സ്ഥാപിച്ചു. 2017-ൽ ബീച്ച് നവീകരിച്ച് ടൈലുകൾ പാകി, കസേരകളും എഫ്.എം. റേഡിയോയും സ്ഥാപിച്ചു.

1988-89 മുതലുള്ള കുടിശ്ശിക സഹിതം ഭൂനികുതി അടയ്ക്കാൻ വില്ലേജ് ഓഫീസിനെ സമീപിച്ചെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് ഭൂനികുതി സ്വീകരിച്ചില്ലെന്നാണ് നഗരസഭയുടെ പരാതി. സത്യാഗ്രഹസ്മാരകം ഉദ്യാനമാക്കി ലളിതകലാ അക്കാദമിയാണ്‌ ശില്പങ്ങൾ നിർമിച്ചത്. ബീച്ച് വികസനത്തിന് വിനോദസഞ്ചാരവകുപ്പും നഗരസഭയ്ക്ക് തുക നൽകിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close