KERALANEWS

വൈക്കത്തെ കായൽക്കരയിൽ ഇരുനില ബസ് സജ്ജം; രുചി നുകരാൻ ഇനി ടിക്കറ്റ് എടുക്കാം

വൈക്കം: ബസിന്റെ മാതൃകയിൽ കെടിഡിസി ഒരുക്കിയ റസ്റ്ററന്റ് ഒക്ടോബർ 9ന് ഉദ്ഘാടനം ചെയ്യും. അവസാന ഘട്ട പണികൾ മാത്രമാണ് പൂർത്തീകരിക്കാനുള്ളൂ. ഉപരിതല ഗതാഗത മന്ത്രി ആന്റണി രാജു, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർ റസ്റ്ററന്റ് ഉദ്ഘാടനം ചെയ്യും. സി.കെ. ആശ എംഎൽഎ അധ്യക്ഷത വഹിക്കും. വൈക്കം കെഎസ്ആർടിസി ഡിപ്പോയിൽ ഓടാതെ കിടന്ന വേണാട് ബസ് വൈക്കത്തെ കെടിഡിസിയുടെ ബോട്ട് മാതൃകയിലുള്ള റസ്റ്ററന്റിനു സമീപം രണ്ടു നിലയിലായി നവീകരിച്ചാണു പുതിയ റസ്റ്ററന്റ് ഒരുക്കിയത്. താഴത്തെ നില മുഴുവനായും എയർ കണ്ടിഷൻ ചെയ്തിട്ടുണ്ട്. രണ്ടാം നില ഓപ്പൺ ഡെക്ക് രീതിയിലാണ്.

വൈക്കം കെഎസ്ആർടിസി ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരാണു നിർമാണ ജോലികൾ പൂർത്തിയാക്കിയത്. വൈക്കത്തിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികൾ രുചിയുടെ വൈവിധ്യം കൂടി തുറന്നു കൊടുക്കുകയാണ് ഇവിടെ. ഒരേ സമയം അൻപതോളം പേർക്കു ഭക്ഷണം കഴിക്കാവുന്ന ക്രമീകരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം നിലവിലെ ബോട്ട് മാതൃകയിലുള്ള റസ്റ്ററന്റിന്റെ നവീകരണവും പൂർത്തിയായി. കെടിഡിസി 40 ലക്ഷം രൂപ മുടക്കിയാണ് റസ്റ്ററന്റുകൾ സജ്ജീകരിക്കുന്നത്. ഇരുനില ബസിന്റെ ചുറ്റും പൂന്തോട്ടം ഒരുക്കി കായൽക്കാറ്റേറ്റ് പ്രകൃതിസൗന്ദര്യം ആസ്വദിച്ച് രുചി നുകരാൻ ഇരിപ്പിടങ്ങളും തയ്യാറാണ്.

നിലവിലെ ബോട്ട് മാതൃകയിലുള്ള റസ്റ്ററന്റിൽ മാത്രമേ ബീയർ ആൻഡ് വൈൻ പാർലർ പ്രവർത്തിക്കൂ. കെടിഡിസിയുടെ പുതിയ പദ്ധതി വൈക്കത്തെ കായലോര വികസനത്തിനു പുതിയ ഉണർവേകുമെന്നാണ് പ്രതീക്ഷ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close