ഇടുക്കി: വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട കുഞ്ഞിന്റെ പിറന്നാളും മരണത്തിന്റെ പതിനാറാംദിനവും ഒരേദിവസം എത്തിയപ്പോൾ വിങ്ങുന്ന മനസ്സോടെ അവൾക്ക് ഇഷ്ടപ്പെട്ടതെല്ലാം ഒരുക്കിവച്ച് കുടുംബം. പിറന്നാൾ ദിനവും പതിനാറടിയന്തര കർമങ്ങളും ഒരുമിച്ച് എത്തിയപ്പോൾ ആഘോഷമാകേണ്ട ദിവസം വണ്ടിപ്പെരിയാർ ചൂരക്കുളം എസ്റ്റേറ്റ് ലയം മുഴുവൻ കണ്ണീരിൽ കുതിർന്നു.
അടിയന്തര കർമങ്ങൾക്ക് ശേഷം കണ്ണീരോടെ അച്ഛൻ ജന്മദിന കേക്ക് മുറിച്ചപ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ പെൺകുട്ടിയുടെ സഹോദരൻ ആദ്യ കഷണം കേക്ക് വാങ്ങി. കരഞ്ഞു തളർന്നു നിന്ന മാതാവിനെ ബന്ധുക്കൾ താങ്ങിപ്പിടിച്ചാണ് മുറിയിലെത്തിച്ചത്.
അവൾ താമസിച്ച ലയത്തിൻറെ ഇടുങ്ങിയ മുറിയിൽ അവൾക്ക് ഇഷ്ടപ്പെട്ട മധുര പലഹാരങ്ങൾ, ബിരിയാണി, ചോക്കലേറ്റ്, ഐസ്‌ക്രീം തുടങ്ങിയവ നിരത്തിവെച്ചു. അവളുടെ ആഗ്രഹപ്രകാരം പേരെഴുതിയ പിറന്നാൾ കേക്ക് വാങ്ങി. ബന്ധുക്കളും കുടുംബക്കാരും ഒത്തുകൂടി. സന്തോഷത്തോടുകൂടി മുറിക്കേണ്ട പിറന്നാൾ കേക്ക് കണ്ണീരോടെ അച്ഛൻ മുറിച്ചു. കുഞ്ഞിന് ഇഷ്ടപ്പെട്ട മധുരപലഹാരങ്ങളും വിതരണം ചെയ്തു. പതിനാറോളം കുടുംബങ്ങൾ താമസിക്കുന്ന ലയത്തിലെ പ്രിയപ്പെട്ട കുട്ടിയായിരുന്ന അവളുടെ പിറന്നാൾ എല്ലാവരും ചേർന്ന് ആഘോഷമാക്കാനിരിക്കെ സംഭവിച്ച ദാരുണമായ കൊലപാതകത്തിൽ നീരുകയാണ് ഒരു പ്രദേശം.
ചുരക്കുളം എസ്റ്റേറ്റ് ലയത്തിനുള്ളിൽ ആറുവയസ്സുകാരി പീഡനത്തിനിടെ കൊല്ലപ്പെട്ടത് കഴിഞ്ഞ മാസം 30നാണ്. അയൽവാസിയായ യുവാവിന്റെ പീഡനത്തിനിടെ ബോധരഹിതയായി വീണ കുട്ടിയെ യുവാവ് വീട്ടിനുള്ളിൽ കയറിൽ കെട്ടിത്തൂക്കിയെന്നാണ് കേസ്. അറസ്റ്റിലായ അയൽവാസി അർജുൻ (22) റിമാൻഡിലാണ്.